അനുസരണക്കേടിന് കുട പിടിക്കുന്ന പിതാവ് അനുസരണത്തിനും കുട പിടിക്കേണ്ടതല്ലേ? എറണാകുളം അങ്കമാലി അതിരൂപതയിലെ സെന്റ് മേരീസ് ബസിലിക്ക സഭാസംരക്ഷണ സമിതി അംഗങ്ങളുടെ ചോദ്യമാണ് ഇത്. പത്രസമ്മേളനത്തില്‍ അവര്‍ ഉന്നയിച്ച ഈ ചോദ്യം ആര്‍ച്ച് ബിഷപ് മാര്‍ കരിയിലിനോടാണ്.
സിനഡിന്റെ തീരുമാനത്തിനു വിരുദ്ധമായ മാര്‍ കരിയിലിന്റെ ഉത്തരവിനോടുള്ള പ്രതികരണം എന്ന നിലയിലാണ് സഭാസംരക്ഷണ സമിതി പത്രസമ്മേളനം വിളിച്ചുകൂട്ടിയത്. സിനഡ് അംഗീകരിച്ച കുര്‍ബാന നടപ്പിലാക്കുമെന്ന സര്‍ക്കുലര്‍ 23 ന് കരിയില്‍ പിതാവ് ഇറക്കുമെന്നാണ് തങ്ങള്‍ കരുതിയിരുന്നതെന്നും അതിന് വേണ്ടിയായിരുന്നു കാത്തിരിപ്പെന്നും സഭാസംരക്ഷണസമിതി അംഗങ്ങള്‍ പറയുന്നു. എന്നാല്‍ സംഭവിച്ചത് അതല്ല. സഭാപിതാക്കന്മാരുടെ തീരുമാനത്തെ ധിക്കരിക്കുന്ന ഒരു ഗ്രൂപ്പിന്റെ ഭാഗമായി നില്ക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല.
അനുസരണം കുറഞ്ഞുവരുന്ന ഈ ലോകത്ത് മക്കളെ അനുസരിപ്പിക്കാന്‍ ഏറെ കഷ്ടപ്പെടുന്നവരാണ് ഞങ്ങള്‍. ആ സമയത്ത് ചില പുരോഹിതര്‍ അനുസരണക്കേട് കാണിക്കാന്‍ ആളുകളോട് പറയുന്നത് വളരെ ഖേദകരമാണ്. അനുസരിക്കില്ല അനുസരിക്കില്ല എന്ന് ഞങ്ങളുടെ മക്കളെകൊണ്ട് വൈദികര്‍ പള്ളികളില്‍ പ്രതിജ്ഞയെടുപ്പിക്കുന്നു. പില്ക്കാലത്ത് ഈ മക്കളെ തിരുത്തിയെടുക്കാന്‍ ഞങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവരും. പുരോഹിതര്‍ ഒരിക്കലും ഒരു തലമുറയെ അവശേഷിപ്പിക്കുന്നില്ല. അവരുടെ അനുസരണക്കേട് അവരോടുകൂടി അവസാനിക്കും, പക്ഷേ ഞങ്ങള്‍ക്ക് അങ്ങനെയല്ല ഞങ്ങളുടെ അനുസരണക്കേട് ഞങ്ങളുടെ തലമുറയിലൂടെ തുടര്‍ന്നുകൊണ്ടിരിക്കും. അതൊരിക്കലും ഞങ്ങള്‍ അനുവദിക്കില്ല.
ഒരു വൈദികന്റെ നിരാഹാരത്തെ വിജയിപ്പിക്കുന്ന രീതിയിലാണ് കരിയില്‍ പിതാവ് പ്രതികരിച്ചിരിക്കുന്നത്. നാളെ ഞങ്ങളും നിരാഹാരം ആരംഭിച്ചാല്‍ കരിയില്‍ പിതാവ് എങ്ങനെയായിരിക്കും പ്രതികരിക്കുക? അനുസരണക്കേടിന് പിതാവ് കുടപിടിക്കുമ്പോള്‍ അനുസരണത്തോടുകൂടി സിനഡ് പറഞ്ഞ രീതിയില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന വൈദികര്‍ ഈ രൂപതയിലുണ്ട്. അവരെ വിമതവൈദികര്‍ ചില കുത്സിതപ്രവര്‍ത്തനങ്ങളിലൂടെ അടിച്ചമര്‍ത്തിവച്ചിരിക്കുകയാണ്. അനുസരണം കാണിക്കാന്‍ അവര്‍ക്ക് അവസരം കിട്ടുന്നില്ല. അനുസരണക്കേടിനെ പ്രോത്സാഹിപ്പിക്കുന്ന കരിയില്‍ പിതാവ് അനുസരണത്തെയും പ്രോത്സാഹിപ്പിക്കണം.
അള്‍ത്താരാഭിമുഖ കുര്‍ബാന ചൊല്ലിയിരുന്ന ആളായിരുന്നു മാര്‍ കരിയില്‍. ആരാധനക്രമ നവീകരണകാര്യങ്ങളില്‍ വൈദികര്‍ക്കോ ജനങ്ങള്‍ക്കോ പ്രത്യേക പങ്കില്ല എന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് ഈ വൈദികര്‍ സിനഡ് തീരുമാനങ്ങളെ ധിക്കരിക്കുന്നത്? സാധാരണക്കാരായ വിശ്വാസികള്‍ക്ക് എല്ലാ ലിറ്റര്‍ജികളും തമ്മില്‍ താരമത്യപഠനം നടത്താനോ ഒന്നും സമയമില്ല, അറിവുമില്ല . അതിനാണല്ലോ സഭ ചില പ്രത്യേക സമിതികളെ ചുമതലപ്പെടുത്തിയിരിക്കുന്നത്. അവര്‍ പറയുന്നത് അനുസരിക്കുക എന്നതല്ലേ കടമ? സഭയുടെ തീരുമാനങ്ങളോട് യോജിച്ചുപോയതുകൊണ്ട് യാതൊരുവിധ ബുദ്ധിമുട്ടുകളും ഞങ്ങള്‍ക്ക് ഇതുവരെയും ഉണ്ടായിട്ടില്ല. പിന്നെ എന്തിനാണ് ഞങ്ങള്‍ ധിക്കരിക്കുന്നത്?
അതിരൂപതയിലെ എല്ലാ വിശ്വാസികളും ആഗ്രഹിക്കുന്നു വെന്നതിന്റെ പേരിലാണ് ജനാഭിമുഖ കുര്‍ബാനയ്ക്ക് അനുവാദം നല്കിയിരിക്കുന്നതെന്ന് കരിയില്‍ പിതാവ് പറയുന്നതും ശരിയല്ല. ആ പ്രസ്താവന സത്യവിരുദ്ധമാണ്. ഞങ്ങളെപോലെയുളള അനേകര്‍ക്ക് അങ്ങനെയൊരു ആഗ്രഹമില്ല. നിരാഹാരമിരിക്കുന്ന വൈദികനെ പിന്തിരിപ്പിക്കാനായിരുന്നു കരിയില്‍ പിതാവ് ശ്രമിക്കേണ്ടിയിരുന്നത്. തെറ്റായ മാര്‍ഗ്ഗനിര്‍ദ്ദേശമാണ് കരിയില്‍ പിതാവ് നല്കിയിരിക്കുന്നത്. ഞങ്ങള്‍ നാളെ നാലഞ്ചുപേര്‍ നിരാഹാരമിരുന്നാല്‍ ഞങ്ങളുടെ ജീവനും വിലയില്ലേ? അനുസരണം അടിമത്തമല്ല. അനുസരണം ക്രിസ്തീയ മൂല്യമാണ്.
സീറോമലബാര്‍ സഭയില്‍ പതിനായിരത്തിലേറെ വൈദികരുണ്ട്. അതില്‍ 440 പേര്‍ മാത്രമേ എറണാകുളം അങ്കമാലി അതിരൂപതയിലുള്ളൂ. അതില്‍ തന്നെ 57 പേര്‍ റിട്ടയേര്‍ഡാണ്. നൂറു വൈദികര്‍ മാത്രമേ വിമതവൈദികരായിട്ടുള്ളൂ. മറ്റുള്ളവര്‍ മര്യാദക്കാരായതുകൊണ്ടും കരിയില്‍ പിതാവിന്റെ ഉത്തരവിനെ എതിര്‍ക്കാന്‍ മനസ്സില്ലാത്തതുകൊണ്ടുമാണ് അവര്‍ ഇതിനെ നിശ്ശബ്ദം സഹിക്കുന്നത്. ഒരു ശതമാനം പോലുമില്ല വിമതവൈദികര്‍. അതുകൊണ്ട് എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാവിശ്വാസികളുടെയും ആഗ്രഹം എന്ന് മെട്രോപ്പോലീത്തന്‍ വികാരി പറയുന്നത് നൂറുശതമാനം കളവാണ്. തെറ്റാണ്. എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാവിശ്വാസികള്‍ക്കും വേണ്ടിയാണ് നിരാഹാരം എന്ന് ആ വൈദികനും പറയുന്നത് കേട്ടു. ഞങ്ങളാരും ഈ വൈദികനോട് ഞങ്ങള്‍ക്കുവേണ്ടി നിരാഹാരം അനുഷ്ഠിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങള്‍ക്ക് അതില്‍ ഉത്തരവാദിത്ത്വമില്ല. വൈദികര്‍ക്കുവേണ്ടിയാണ് നടത്തുന്നതെങ്കില്‍ വൈദികരുടെ കാര്യം പറയട്ടെ,വിശ്വാസികളെ അതില്‍ പരാമര്‍ശിക്കേണ്ടതില്ല.
തിരുസഭയ്ക്ക് ഒപ്പം സിനഡിന് ഒപ്പം എന്ന ആദര്‍ശവാക്യവുമായിട്ടായിരുന്നു ബസിലിക്ക സഭാസംരക്ഷണ സമിതി എറണാകുളം പ്രസ് ക്ലബില്‍ മീറ്റ്ദ പ്രസ് സംഘടിപ്പിച്ചത്. അനുസരണം ബലിയെക്കാള്‍ ശ്രേഷ്ഠം എന്ന് ഉറച്ചുവിശ്വസിക്കുന്ന ഇവര്‍ സിനഡ് പറയുന്ന ഏതു തീരുമാനവും തങ്ങള്‍ അനുസരിക്കുമെന്ന് ആവര്‍ത്തിക്കുകയും ചെയ്യുന്നു.