ന്യൂഡല്‍ഹി: മൂന്നുവര്‍ഷം മുമ്പ് റോഡപകടത്തില്‍ കൊല്ലപ്പെട്ട ഗ്വാളിയാര്‍ ബിഷപും മലയാളിയുമായ തോമസ് തേന്നാട്ടിന്റെ മരണത്തില്‍ സംശയം ഉന്നയിച്ച് കുടുംബം. ബിഷപ്പിന്റെ മരണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നും കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നുമാണ് സഹോദരി ക്ലാരമ്മ കോണ്‍സ്റ്റന്റൈന്റെ ആവശ്യം. പള്ളോട്ടെന്‍ സഭാംഗമായിരുന്ന ബിഷപ് തോമസ് 2018 ഡിസംബര്‍ 14 നാണ് റോഡപകടത്തില്‍ മരണമടഞ്ഞത്.
സ്‌കൂളിലെ വാര്‍ഷികപരിപാടിയില്‍ പങ്കെടുത്തതിന് ശേഷം മടങ്ങിപ്പോകുമ്പോഴായിരുന്നു അപകടം. 65 വയസായിരുന്നു പ്രായം. ഗ്വാളിയാര്‍ സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ശരീരത്തിലേറ്റ മുറിവാണ് മരണകാരണമായത്. എന്നാല്‍ യാദൃച്ഛികമായി നടന്ന അപകടമല്ല ഇതെന്നും മരണത്തിന് പിന്നില്‍ ഗൂഢനീക്കമുണ്ടെന്നും സഹോദരി ആരോപിക്കുന്നു. അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്നാണ് ഞങ്ങളുടെ വിശ്വാസം. എന്നാല്‍ അതിന് വേണ്ടതായ തെളിവുകള്‍ ഞങ്ങളുടെ പക്കലില്ല.. ഭോപ്പാലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ക്ലാരമ്മ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ കേസ് അന്വേഷിക്കുന്നതിനായി സിബിഐ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം നടത്താതെയാണ് സംസ്‌കാരം നടത്തിയത്. ആറുമാസങ്ങള്‍ക്ക് ശേഷം ഡോളി തെരേസ എന്ന അല്മായ വനിത കോടതിയില്‍ നല്കിയ പരാതിയെതുടര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ശരീരത്തില്‍ ഗുരുതരമായ മുറിവു കണ്ടെത്തിയിരുന്നു. ഈ മുറിവാണ് മരണകാരണമായത്. എന്നാല്‍ അപകടത്തില്‍ സംഭവിക്കാവുന്ന മുറിവുകള്‍ ഇത്തരത്തിലുളളതല്ല, മാത്രവുമല്ല വാഹനത്തില്‍ ബിഷപ്പിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ക്കും ഡ്രൈവര്‍ക്കും യാതൊരു പരിക്കുകളും സംഭവിച്ചിട്ടുമില്ല. ഡ്രൈവര്‍ക്ക് പിന്നീട് സ്‌കൂളില്‍ നല്ലൊരു ജോലി നല്കുകയും ചെയ്തു.
അപകടം നടക്കുമ്പോള്‍ ബിഷപ് മരിച്ചിരുന്നില്ലെന്നാണ് പോലീസുദ്യോഗ്‌സഥരുടെ മൊഴി. മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചുവെങ്കിലും അധികാരികള്‍ അതും സമ്മതിച്ചില്ല.
ബിഷപ്പിന്റെ മരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന തങ്ങളുടെ അപേക്ഷ കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ് പോലെയുള്ള സഭാധികാരികള്‍ നിരസിച്ചതായും ക്ലാരമ്മ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.