മിന്ന: നൈജീരിയായിലെ മിന്ന രൂപതയില്‍ നിന്ന് അക്രമികള്‍ തട്ടിക്കൊണ്ടുപോയ 45 പേരില്‍ കത്തോലിക്കാ വൈദികനും. മിന്നാ രൂപതയിലെ ഫാ.ലിയോ റാഫേല്‍ ഓസിഗിയാണ് തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികന്‍. സര്‍ക്കിന്‍ പാവായിലെ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിലെ വൈദികനാണ് ഇദ്ദേഹം. രൂപതാ ചാന്‍സലര്‍ ഫാ. എമേക്കയാണ് ഇക്കാര്യം അറിയിച്ചത്.
ഇടവകയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് ശേഷം താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു തട്ടിക്കൊണ്ടുപോയത്. വൈദികന്റെയും ഗ്രാമത്തില്‍ നിന്ന് കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയവരുടെയും മോചനത്തിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും വേണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മാതാവിന്റെ മാധ്യസ്ഥം തേടിപ്രാര്‍ത്ഥിക്കുന്നുണ്ടെന്നും മാതാവ് വൈദികനെ രക്ഷിക്കുമെന്നും ചാന്‍സലര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
2009 മുതല്‍ കഠിനമായ അരക്ഷിതാവസ്ഥയിലൂടെയാണ് നൈജീരിയ കടന്നുപോകുന്നത്. ബോക്കോ ഹാരം എന്ന സംഘടന ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തമായ സ്വാധീനമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നൈജീരിയായിലെ ക്രൈസ്തവര്‍ തട്ടിക്കൊണ്ടുപോകലിനും ക്രൂരമായ കൊല്ലപ്പെടലിനും വിധേയരായിക്കൊണ്ടിരിക്കുകയാണ്. ഇസ്ലാമിക ഭീകരവാദം അടിച്ചമര്‍ത്താന്‍ഭരണകൂടം തക്കതായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നുമില്ല.