ബുര്‍ക്കിനോ ഫാസോ: ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയില്‍ നിന്ന് അമേരിക്കന്‍ കന്യാസ്ത്രീയെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി. 83 കാരിയായ സിസ്റ്റര്‍ സൂല്ലെന്‍ ടെന്നിസണെയാണ് തട്ടിക്കൊണ്ടുപോയത്. തിങ്കളാഴ്ച രാത്രിക്കും ചൊവ്വാഴ്ച വെളുപ്പിനും ഇടയിലായിരുന്നു സംഭവം. കോണ്‍ഗ്രിഗേഷന്‍ ഓഫ് മരിയനൈറ്റ് സിസ്‌റ്റേഴസ് ഓഫ് ദ ഹോളിക്രോസ് അംഗമാണ്.
ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷമാണ് കന്യാസ്ത്രീയെ തട്ടിക്കൊണ്ടുപോയത്. കോണ്‍വെന്റിന്റെ ജനാലകള്‍ തകര്‍ക്കുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. 2014 മുതല്‍ ഇവിടെ സേവനം അനുഷ്ഠിച്ചുവരികയായിരുന്നു സിസ്റ്റര്‍.
ഇസ്ലാമിക ഭീകരവാദം കൊണ്ട് ജനജീവിതം ദുസ്സഹമായിരിക്കുന്ന ആഫ്രിക്കന്‍ രാജ്യമാണ് ബുര്‍ക്കിനോ ഫാസോ. സുരക്ഷ തിരികെ കൊണ്ടുവരുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചു പുതിയ പ്രസിഡന്റ് കഴിഞ്ഞ ദിവസം രാജ്യത്തെ ഓര്‍മ്മിപ്പിച്ചിരുന്നു. സിസ്റ്ററുടെ സുരക്ഷിതമായ മോചനത്തിന് വേണ്ടിയും സന്യാസസമൂഹത്തിനു വേണ്ടിയും പ്രാര്‍ത്ഥിക്കുകയാണെന്നും എല്ലാവരും ഈ പ്രാര്‍ത്ഥനയില്‍ പങ്കുചേരണമെന്നും കായ ബിഷപ് തിയോഫിലെ പത്രക്കുറിപ്പില്‍ ഓര്‍മ്മിപ്പിച്ചു.