സ്വന്തം മാര്‍ഗ്ഗങ്ങളെയും പ്രവൃത്തികളെയും ഇടയ്‌ക്കെങ്കിലും ആത്മവിമര്‍ശനത്തിനും വിലയിരുത്തലിനും വിധേയമാക്കാറുണ്ടോ? പലപ്പോഴും നമ്മള്‍ കരുതുന്നത് ഞാന്‍ ഓക്കെയാണ് എന്നാണ്. നീയാവട്ടെ ഓക്കെയല്ലെന്നും. അതുകൊണ്ടാണ് നിന്റെ പ്രവൃത്തികള്‍ക്ക് നേരെ വിമര്‍ശനം ഉയര്‍ത്തുന്നതും അസഹിഷ്ണുത പുലര്‍ത്തുന്നതും. പക്ഷേ തിരുവചനം നമ്മോട് പറയുന്നത് മാര്‍ഗ്ഗങ്ങളും പ്രവൃത്തികളും തിരുത്തണമെന്നാണ്. നീതി പ്രവര്‍ത്തിക്കണമെന്നാണ്. ഇങ്ങനെ ചെയ്താല്‍ നമുക്ക് ആത്മീയനന്മകള്‍ മാത്രമല്ല ഭൗതികനന്മകളും ലഭിക്കുമെന്നും വചനം പറയുന്നു
ജെറമിയ 7:5 മുതല്‍ 7:7 വരെയുള്ള തിരുവചനം ഇക്കാര്യമാണ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.
നിങ്ങളുടെ മാര്‍ഗ്ഗങ്ങളും പ്രവൃത്തികളും തിരുത്തിയാല്‍ അയല്‍ക്കാരനോട് യഥാര്‍ത്ഥമായ നീതി പുലര്‍ത്തിയാല്‍,പരദേശിയെയും അനാഥനെയും വിധവയെയും ചൂഷണം ചെയ്യാതെയും ഇവിടെ നിഷ്‌ക്കളങ്കരക്തം ചിന്താതെയുമിരുന്നാല്‍ നിങ്ങളുടെ തന്നെ നാശത്തിന് അന്യദേവന്മാരുടെ പിറകെ പോകാതിരുന്നാല്‍ ഇവിടെ നിങ്ങളുടെ പിതാക്കന്മാര്‍ക്ക് ഞാന്‍ നല്കിയ ഈ ദേശത്ത് എന്നേക്കും വസിക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കും.
ഈ തിരുവചനം ഇന്നേദിവസം നമ്മുടെ പാതകളില്‍ പ്രകാശമായി മാറട്ടെ. മാര്‍ഗ്ഗങ്ങളും പ്രവൃത്തികളും തിരുത്താന്‍ അത് നമുക്ക് പ്രചോദനമായി മാറട്ടെ.