ബാംഗ്ലൂര്‍: കര്‍ണ്ണാടക നിയമസഭ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി. ദ പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് റ്റു ഫ്രീഡം ഓഫ് റിലീജിയന്‍ എന്നാണ് ബില്ലിന്റെ പേര്. കഴിഞ്ഞവര്‍ഷം നിയമസഭയില്‍ ഇത് അവതരിപ്പിച്ചിരുന്നുവെങ്കിലും ഭൂരിപക്ഷമുണ്ടായിരുന്നില്ല. എന്നാല്‍ സെപ്തംബര്‍ 15 ന് ആവശ്യമായ ഭൂരിപക്ഷത്തോടെ ബില്‍ പാസാക്കുകയായിരുന്നു. കര്‍ണ്ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ബില്‍ അവതരിപ്പിച്ചത്.
കര്‍ണ്ണാടകയിലെ മുഴുവന്‍ ക്രൈസ്തവവിഭാഗങ്ങളും ബില്ലിനെതിരെ രംഗത്ത് വന്നിരുന്നു. ഈ എതിര്‍പ്പുകളെയെല്ലാം അവഗണിച്ചുകൊണ്ടാണ് സര്‍്ക്കാര്‍ ബില്‍ പാസാക്കിയിരിക്കുന്നത്.
ബില്‍ അനുസരിച്ച് നിയമവിരുദ്ധമായ മതപരിവര്‍ത്തനം ന്ടത്തിയതായി തെളിഞ്ഞാല്‍ മൂന്നു മുതല്‍ അഞ്ച് വരെ വര്‍ഷം തടവും 25000 രൂപയുമാണ് പിഴ.പ്രായപൂര്‍ത്തിയാകാത്ത ആളെയാണ് മതം മാറ്റുന്നതെങ്കില്‍ ശിക്ഷ 10 വര്‍ഷവും അമ്പതിനായിരം രൂപയുമാകാം. കൂട്ടമതപരിവര്‍ത്തനത്തിന് പത്തുവര്‍ഷം ജയില്‍വാസവും ഒരു ലക്ഷം രൂപയുമാണ് ശിക്ഷ.
കര്‍ണ്ണാടകയിലെ മുഴുവന്‍ ക്രൈസ്തവവിഭാഗങ്ങളും ഈ ബില്‍പാസാക്കിയതില്‍ കഠിനമായ വേദന അനുഭവിക്കുന്നതായി ബാംഗ്ലൂര്‍ അതിരൂപതയുടെ പത്രക്കുറിപ്പ് വ്യക്തമാക്കി. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികസേവനം തുടങ്ങിയ മണ്ഡലങ്ങളില്‍ നിസ്വാര്‍ത്ഥ സേവനം കാഴ്ച വയ്ക്കുന്ന ക്രൈസ്തവസമൂഹം ചതിക്കപ്പെട്ടതായ അനുഭവമാണ് തോന്നുന്നതെന്നും അതിരൂപതയുടെ പ്ബ്ലിക് റിലേഷന്‍ ഓഫീസര്‍ ജെ എ കാന്തരാജ് അഭിപ്രായപ്പെട്ടു.