Tuesday, July 1, 2025
spot_img
More

    ക്രിസ്തുമസ് ഓർമ്മയിൽ…

                                                                                                                                                                           ആഘോഷത്തിന്റെ വർണങ്ങൾ എല്ലായിടവും വാരിവിതറപ്പെട്ടിരിക്കുന്നതും പരസ്പരം സമാധാനത്തിന്റേയും സന്തോഷത്തിന്റേയും ആശംസകൾ പകുത്തേകുന്നതുമായ നല്ല സമയമാണ് ഓരോ ക്രിസ്തുമസ്കാലവും എന്നത് നിസ്തർക്കമായ വസ്തുതയാണ്. ഈ ആഘോഷത്തോട് ചേർത്ത് സമാധാനവും സന്തോഷവും പങ്കുവയ്ക്കുന്ന രീതി ഒരു ദിവസംകൊണ്ട് അവസാനിക്കാതിരിക്കട്ടെ എന്നാണെന്റെ മുടങ്ങാതെയുള്ള ക്രിസ്തുമസ് പ്രാർത്ഥന.                                                                                                                                                                                                                                                     എന്തിനാണ് എല്ലാവർഷവും ക്രിസ്തുമസ് ആഘോഷിക്കുന്നത്? ഏതാണ്ട് ഒരേപോലുള്ള പ്രാർത്ഥനകളും ഒരുക്കങ്ങളും ആവർത്തിച്ച് നടത്തുന്നതിന്റെ ഉദ്ദേശ്യമെന്താണ്? ദൈവശാസ്ത്രപരമായതും അല്ലാതെയുള്ളതുമായ നിരവധി ഉത്തരങ്ങൾ നമ്മുടെ ഉള്ളിലും ചുറ്റുപാടുകളിലുമുണ്ട്. അതുപോലെ ഓരോരുത്തർക്കും വ്യക്തിപരമായി പറയാനായി തങ്ങളുടെ ക്രിസ്തുമസ് കഥകളുമുണ്ടാകും. ഇവയൊക്കെ ഉത്തരങ്ങളാണെങ്കിലും മിക്കതും വ്യത്യസ്തമായ ചിന്തകളായിരിക്കും നമുക്ക് പകർന്നേകുക.

    നമ്മുടെ മുൻപിൽ കിട്ടിയ ചിന്തകളും ഉത്തരങ്ങളുമെല്ലാം കൂടി സംഗ്രഹിക്കുമ്പോൾ, ഇതാ അത്യുന്നതനായ ദൈവം മനുഷ്യരൂപം ധരിച്ച് മനുഷ്യർക്ക് രക്ഷപകരാനായി മനുഷ്യരുടെ ഇടയിൽ പിറന്നിരിക്കുന്നു എന്ന സത്യം വെളിവാകും. ഈ തിരിച്ചറിവാണല്ലോ ഓരോ ക്രിസ്തുമസും നമ്മെ ഓർമ്മിപ്പിക്കുന്നത്.
    നാമിന്ന് ഏറെ ആഘോഷമാക്കി മാറ്റിയ ദൈവപുത്രന്റെ പിറവിയോടൊപ്പം അന്ന് സംഭവിച്ച കാര്യങ്ങളിലൂടെ ഒന്ന് സഞ്ചരിക്കുമ്പോൾ നമ്മളിക്കാലത്ത് രൂപപ്പെടുത്തുന്നത് ആത്മീയതയില്ലാത്ത ആഘോഷങ്ങളാണെന്ന് മനസിലാകും. ചിലപ്പോൾ ഒരു തിരിച്ചറിവും കിട്ടുമായിരിക്കും.                                                                                                                                                                                                                                                 രക്ഷകന്റെ പിറവിയെക്കുറിച്ച് അപ്രതീക്ഷിതമായി കേട്ടുകഴിയുമ്പോൾ, ഇതെങ്ങനെ സംഭവിക്കും എന്ന മറിയത്തിന്റെ ചോദ്യവും യൗസേപ്പിന്റെ സന്ദേഹവുമെല്ലാം ദൂതന്റെ വാക്കിലൂടേയും സ്വപ്നത്തിലൂടെയുമൊക്കെ പരിഹരിക്കപ്പെടുകയും ചെയ്യുമ്പോഴാണ് ലോകമാസകലമുള്ള ജനത്തിന്റെ കണക്കെടുപ്പിനായി നിർബന്ധമായും ബത്ലഹേമിലേക്ക് പോകണമെന്നുള്ള കൽപന അവർ കേൾക്കുന്നത്. യാത്രക്ക് പറ്റിയ സമയമല്ല എന്ന് മറ്റാരേക്കാളും അവർക്കറിയം, എങ്കിലും പോയേപറ്റൂ. കൽപന ലംഘിക്കുവാൻ അവർക്കാകില്ലല്ലോ. 
    ഏറെ ബുദ്ധിമുട്ടുകൾ സഹിച്ച് പ്രതീക്ഷയോടെ അവർ ബത്ലഹേമിൽ എത്തുമ്പോൾ ഒന്നും നടുനിവർത്താനും വിശ്രമിക്കാനായി ഒരു കുഞ്ഞുമുറിയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിൽ സത്രവാതിലിൽ മുട്ടുമ്പോൾ കിട്ടുന്ന മറുപടി എത്രമാത്രം മറിയത്തേയും ജോസഫിനേയും അസ്വസ്ഥപ്പെടുത്തിയിരിക്കാം. കാഴ്ചയിൽ ദരിദ്രരെന്നു തോന്നിക്കുന്നതും പൂർണ ഗർഭിണിയായ ഭാര്യയുമായി വന്നിരിക്കുന്നതുമായ ഈ മനുഷ്യന് സത്രത്തിൽ ഇടം കൊടുത്താൽ വലിയ തലവേദനയാകുമെന്നോർത്തായിരിക്കാം ചിലപ്പോൾ മറിയത്തേയും ജോസഫിനേയും അവർ അകറ്റിവിട്ടത്. ഇടം കിട്ടാതെ, എന്തു ചെയ്യുമെന്നറിയാതെ നിസ്സഹായനായ ഒരു മനുഷ്യന്റെ നോവ് കൃത്യമായി ഇവിടെ കാണാനാകും. ഇടം കിട്ടാതെയുള്ള അലച്ചിലിനേക്കാൾ തന്റെ ഭാര്യയുടെ പ്രസവനേരത്ത് ഒരു സ്ത്രീ സാന്നിധ്യംപോലും ഒപ്പമില്ലല്ലോ എന്ന ചിന്തയും വേദന പകർന്നിരിക്കാം.                                                                                                                                                                                                                                                              അവിടെയായിരിക്കുമ്പോൾ മറിയത്തിന് പ്രസവസമയമടുത്തു. അവൾ തന്റെ കടിഞ്ഞൂൽ പുത്രനെ പ്രസവിച്ചു എന്ന് ലൂക്കാ സുവിശേഷകൻ പറഞ്ഞുതരുന്നുണ്ട്. മനുഷ്യനായി മറിയത്തിലൂടെ പിറന്ന ദൈവത്തിന്റെ പുത്രനെ യൗസേപ്പ് ആദ്യമായി കാണുകയും തന്റെ കൈകളിലെടുക്കുകയും ചെയ്ത സമയത്തായിരിക്കാം “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം” എന്ന ദൂതഗീതംപോലും മുഴങ്ങിയത് എന്ന് ഞാൻ വിശ്വസിക്കുന്നു.                                                                                                                                            മറിയത്തിന്റേയും ജോസഫിന്റേയും ജീവിതത്തിലേക്ക് അതായത് അവരുടെ പരിമിതികളിലേക്കാണ് ഈ ദൈവം മനുഷ്യനായി ഇറങ്ങിവരുന്നത്. അതിന്റെ തുടർച്ചയെന്നോണം സകലജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്ത കേൾക്കാനും സദ്വാർത്തയായവനെ കാണാനും ആ പ്രദേശത്തെ വയലുകളിൽ, ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയർക്ക് ഭാഗ്യമുണ്ടാകുന്നു. പൗരസ്ത്യദേശത്തെ ജ്ഞാനികൾക്ക് ക്ളേശം സഹിച്ചാണെങ്കിലും നക്ഷത്രം കാണിച്ച വഴിയിലൂടെ മറിയത്തോടൊപ്പമുള്ള ദിവ്യപൈതലിനെ കാണാൻ സാധിക്കുന്നു. രക്ഷകനെ കാത്തിരുന്ന ശിമയോനും അന്നയ്ക്കും ഈശോയെ ദൈവാലയത്തിൽ കാഴ്ചവയ്ക്കുന്ന അവസരത്തിൽ കാണാനും കൈകളിലെടുക്കാനും കൃപയുണ്ടാകുന്നു… ഇങ്ങനെ നോവിന്റേയും കഷ്ടപ്പാടിന്റേയും കാത്തിരിപ്പിന്റേയും സന്തോഷത്തിന്റേയും ആനന്ദത്തിന്റേയുമൊക്കെ ശീലുകൾ ഒരുവശത്ത് വചനം നമ്മുടെ മുൻപിൽ അവതരിപ്പിന്നുണ്ട്. മനുഷ്യനായി അവതരിച്ച ദൈവപുത്രനെ കണ്ടതും അറിഞ്ഞതും ആ സാന്നിധ്യത്തിൽ കുമ്പിടുന്നതുമെല്ലാം ഏറെ വിനയമുള്ളവരും പരിമിതിയുള്ളവരുമൊക്കെയായിരുന്നു എന്നത് എന്നേയും സന്തോഷിപ്പിക്കുന്നു.                                                                                                                                                                                                                           ഏറെ വ്യത്യസ്തകൾ ഉൾക്കൊള്ളുന്നതാണ് ക്രിസ്തുവിന്റെ മണ്ണിലെ പിറവി എന്ന് നിസ്സംശയം പറയാൻ സാധിക്കും. ദൈവപുത്രൻ മനുഷ്യനായി മണ്ണിൽ പിറന്ന മഹനീയമായ ഈ രക്ഷാകര രഹസ്യത്തെ മനസിലാക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോൾ, പ്രാർത്ഥനയുടെയും കാത്തിരിപ്പിന്റേയും പ്രത്യാശയുടേയും നോവും നിറവും പ്രകാശവും സുഗന്ധവും ഇന്നും കാണാനാകും. ജോസഫൂം മറിയവും ആട്ടിടയരും ജ്ഞാനികളുമൊക്കെ ഹൃദയത്തിൽ അനുഭവിച്ച ആത്മീയാനന്ദത്തെ ധ്യാനിക്കുമ്പോൾ മറുവശത്ത് ഈശോയുടെ പിറവിയെക്കുറിച്ച് അറിയുന്ന ഹേറോദേസും അവന്റെ ഒപ്പമുള്ളവരും പരിഭ്രാന്തരാകുന്നതും അവരിൽ നിരാശയുടേയും അസ്വസ്ഥതയുടെയും പകയുടെയും കനലുകൾ ഉണർന്നുവരുന്നതും അതിൻഫലമായി രണ്ടുവയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നതും വചനത്തിലൂടെ നാം വായിക്കുന്നുണ്ട്. ഇവയെല്ലാം ഒന്നുചേർന്നാണ് ആദ്യത്തെ ക്രിസ്തുമസ് പൂർണമായത്.                                                                                                                                                            ദൈവപുത്രൻ മണ്ണിൽ അവതരിച്ചതിന്റെ ഓർമ്മയിൽ ഒരുവേളകൂടി പ്രാർത്ഥനാനിമഗ്നരാകുമ്പോഴും, സമീപസ്ഥർക്കും ദൂരസ്തർക്കുമെല്ലാം ഈ പുണ്യപിറവിയുടെ ആശംസകൾ പകുത്തുനൽകുമ്പോഴും ആദ്യത്തെ ക്രിസ്തുമസ് രാവിനെ മറക്കാതിരിക്കാം. ആ രാവ് അത്രമാത്രം ദൈവീകമായിരുന്നു. ആ രാവിൽ ദൈവീകപദ്ധതിയുടെ ഭാഗമായി തങ്ങളുടെ സുഖവും സന്തോഷവും മാറ്റിവച്ച് ദൈവത്തോട് പൂർണമായി സഹകരിച്ച യൗസേപ്പും മറിയവും ദൈവത്തിന് ഏറെ പ്രിയപ്പെട്ടവരായിരുന്നു. മറിയത്തേയും യൗസേപ്പിനേയും പോലെ ദൈവപദ്ധതിയുടെ ഒപ്പം നടക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. അങ്ങനെ നമുക്കും ഈ ക്രിസ്തുമസ് – ദൈവം മനുഷ്യനായതിന്റെ ഓർമ്മ – ആദ്യത്തെ ക്രിസ്തുമസ് രാവിന്റെ തീവ്രത നഷ്ടമാക്കാതെ ആഘോഷിക്കാം.                                                                                                                                                                           ആദ്യമായി പുൽക്കൂടൊരുക്കിയ അസ്സീസിയിലെ വിശുദ്ധ ഫ്രാൻസീസ്, ഈശോയുടെ പിറവിയെ അത്രമാത്രം ഹൃദയത്തിൽ കൊണ്ടുനടന്നതിനാലാണ് കൈയിലെടുത്ത ശിശുവിന്റെ രൂപത്തിൽ ജീവൻ തുടിച്ചതായി ഒപ്പമുണ്ടയിരുന്നവർക്ക് അനുഭവപ്പെട്ടത്. മനുഷ്യരൂപത്തിൽ രക്ഷകനായി മണ്ണിൽ പിറന്ന ഈശോയെ, എന്റെ ഹൃദയത്തിൽ നീ ഒരുവേളകൂടി പിറക്കേണമേ എന്ന പ്രാർത്ഥനയും അധരങ്ങളിൽ ഉരുവിടാം.

    പോൾ കൊട്ടാരം കപ്പൂച്ചിൻ

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!