Saturday, December 21, 2024
spot_img
More

    ഭൂമിയില്‍ വിശ്വസ്തയായി ജീവിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കുന്നതിനാല്‍ ഈശോയുടെ അടുത്തേക്ക്‌പോകുന്നു: സന്യാസിനി സ്വയം ജീവനൊടുക്കിയ സാഹചര്യത്തില്‍ വിശദീകരണക്കുറിപ്പുമായി സിസ്റ്റേഴ്‌സ് ഓഫ് പ്രോവിഡന്‍സ് ഔര്‍ ലേഡിസ് കോണ്‍വെന്റ

    ഭൂമിയില്‍ വിശ്വസ്തയായി ജീവിക്കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കുന്നതിനാല്‍ ഞാന്‍ ഈശോയുടെ അടുത്തേക്ക്‌പോകുന്നു. ഇതെന്റെ തീരുമാനമാണ്. ഇതിന്റെ പേരില്‍ ആരെയും കുറ്റപ്പെടുത്തരുത്. അമ്മ എന്നോട് ക്ഷമിക്കണം’ ഫെബ്രുവരി 27 ന് മരണമടഞ്ഞ സിസ്‌റ്റേഴ്‌സ് ഓഫ് പ്രൊവിഡന്‍സ് ഓഫ് ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാരിറ്റി അംഗവും തമിഴ്‌നാട് സ്വദേശിനിയുമായ അന്നപൂരണിയുടെ അ്ന്ത്യമൊഴിയിലെ ചില വരികളാണ് ഇത്. സന്യാസാര്‍ത്ഥിനി മരണവുമായി ബന്ധപ്പെട്ട് ചില അസത്യപ്രചരണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രിഗേഷന്‍ പ്രൊവിന്‍ഷ്യാല്‍ സൂപ്പീരിയര്‍ സിസ്റ്റര്‍ മേരി ഹെലന്‍ സെബാസ്റ്റ്യന്‍ എഴുതിയ കുറിപ്പിലാണ് അന്നപൂരണിയുടെ വാക്കുകള്‍ ഉദ്ധരിച്ചിരിക്കുന്നത്. പ്രൊവിന്‍ഷ്യാല്‍ സുപ്പീരിയറുടെ കത്തിന്റെ പൂര്‍ണ്ണരൂപം:

    Sisters of Providence of the Institute of Charity (റോസ്‌മീനിയൻ സിസ്റ്റേഴ്സ്) സന്യാസിനി സമൂഹത്തിലെ സന്യാസാർഥിനിയും ഞങ്ങളുടെ സഹോദരിയുമായ അന്നപൂരണി (27) ഇന്ന്, ഫെബ്രുവരി 27 ന് രാവിലെ മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു. രാവിലെ പതിവ് പ്രാർത്ഥനയ്ക്ക് എത്തിച്ചേരാതിരുന്നതിനാൽ സഹസന്യാസിനിമാർ അന്വേഷിച്ചു ചെന്നപ്പോൾ തൂങ്ങി മരിച്ചതായി കാണപ്പെടുകയായിരുന്നു. തമിഴ്നാട്, തിരുപ്പൂർ സ്വദേശിനിയായ അന്നപൂരണി മൂന്നു വർഷം മുമ്പാണ് റോസ്‌മീനിയൻ സിസ്റ്റേഴ്സ് സന്യാസിനീ സമൂഹത്തിൽ അംഗമാകാനായി എത്തിയത്. മുമ്പ് മറ്റൊരു സന്യാസിനീസമൂഹത്തിൽ അവൾ ചേരുകയും പരിശീലനം പൂർത്തിയാക്കാതെ തിരിച്ച് വീട്ടിലേയ്ക്ക് പോവുകയും ചെയ്തിരുന്നു. പിന്നീട് ഏതാനും വർഷങ്ങൾക്ക് ശേഷമാണ് ഇവിടെ എത്തിച്ചേരുന്നത്.

    പെട്ടെന്ന് ദേഷ്യപെടുകയും, ചുരുക്കം ചിലരോട് മാത്രം അടുത്തിടപഴകുകയും ചെയ്യുന്ന പ്രകൃതമായിരുന്നു അന്നപൂരണിയുടേത്. ആൾക്കൂട്ടത്തെ അഭിമുഖീകരിക്കാൻ മടികാണിച്ചിരുന്ന അവൾ എല്ലാവരിലും നിന്ന് അകന്ന് കഴിയാനാണ് കൂടുതലും ഇഷ്ടപ്പെട്ടിരുന്നത്. എങ്കിലും സന്യാസ പരിശീലന കാലഘട്ടത്തിൽ തന്റെ രീതികളിൽ മാറ്റം വരുത്താൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസം അവൾ പ്രകടിപ്പിച്ചിരുന്നു. പരിശീലനത്തിന്റെ ഭാഗമായി ആന്ധ്രപ്രദേശിലായിരുന്ന അന്നപൂരണി ഒരുമാസം മുമ്പാണ് (ജനുവരി 25ന്) തിരികെ കേരളത്തിൽ എത്തിയത്. തുടർന്ന് ചെറിയതുറയിലെ കോൺവെന്റിൽ ആയിരുന്ന അവൾ, താൻ മുമ്പ് ഉണ്ടായിരുന്ന വെട്ടുത്തുറയിലെ കോൺവെന്റിലേയ്ക്ക് പോകണമെന്ന് നിർബ്ബന്ധം പിടിക്കുകയും സുപ്പീരിയേഴ്സ് അതിന് അനുവദിക്കുകയും ചെയ്തിരുന്നു.

    തുടർന്നുള്ള ദിവസങ്ങളിൽ തനിക്ക് സന്യാസ പരിശീലനം തുടരാൻ കഴിയില്ലെന്ന ആശങ്ക ചില സഹസന്യാസിനിമാരോട് അന്നപൂരണി പങ്കുവച്ചിരുന്നു. എന്നാൽ, തിരികെ ചെന്നാൽ വീട്ടുകാർക്ക് ബാധ്യതയാകുമെന്ന ചിന്തയും ഇടയ്ക്കിടെ അവൾ പറയുമായിരുന്നു. ഇത്തരം സംസാരങ്ങൾ ആവർത്തിച്ചതിനാൽ സുപ്പീരിയർ അവളുടെ വീട്ടുകാരുമായി പലപ്പോഴായി സംസാരിക്കുകയുണ്ടായി. ഒരു മുൻസന്യാസിനി കൂടിയായ ജ്യേഷ്ഠ സഹോദരിയോട്‌ അവളെ വന്നുകണ്ടു സംസാരിക്കാൻ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പലപ്പോഴായി സുപ്പീരിയർമാർ ആവശ്യപ്പെടുകയുണ്ടായിട്ടുണ്ട്. തന്റെ ചേച്ചി കാണാൻ വരുന്നതായി രണ്ടുദിവസം മുമ്പ് അന്നപൂരണി സഹസന്യാസിനിമാരോട് പറയുകയുമുണ്ടായിരുന്നു.

    ഫെബ്രുവരി 26 ഞായറാഴ്ചയും പതിവുപോലെ മറ്റ് സന്യാസിനിമാരോടൊപ്പം സന്ധ്യാപ്രാർത്ഥനയിൽ പങ്കെടുത്തശേഷമാണ് അന്നപൂരണി ഉറങ്ങാനായി റൂമിലേയ്ക്ക് പോയത്. സ്വയം ജീവൻ ഒടുക്കാൻമാത്രമുള്ള മനസികബുദ്ധിമുട്ടുകൾ ഉള്ളതായി മറ്റുള്ളവർക്ക് തോന്നിയിരുന്നില്ല. സി. അന്നപൂരണി മരിച്ചതായി കണ്ടപ്പോൾ ഉടൻ സന്യസിനിമാർ പോലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തുകയും ചെയ്തിരുന്നു. അവരുടെ അന്വേഷണത്തിൽ സി. അന്നപൂരണി സ്വന്തം കൈപ്പടയിൽ തമിഴിൽ എഴുതിയ കുറിപ്പ് കണ്ടെടുക്കുകയുണ്ടായി. “ഭൂമിയിൽ വിശ്വസ്തയായി ജീവിക്കാൻ കഴിയില്ല എന്ന് മനസിലാക്കുന്നതിനാൽ ഞാൻ ഈശോയുടെ അടുത്തേയ്ക്ക് പോകുന്നു, ഇതെന്റെ സ്വന്തം തീരുമാനമാണ്, ഇതിന്റെപേരിൽ ആരെയും കുറ്റപ്പെടുത്തരുത്, അമ്മ എന്നോട് ക്ഷമിക്കണം” എന്നിങ്ങനെയായിരുന്നു ആ കുറിപ്പിലെ വാചകങ്ങൾ.

    പ്രിയപ്പെട്ട സഹോദരിയുടെ വേർപാടിൽ അതിയായ ദുഃഖവും വേദനയും രേഖപ്പെടുത്തുകയും പരേതയുടെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കുകയും കുടുംബാംഗങ്ങളോടും ബന്ധുമിത്രാദികളോടും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!