കൊച്ചി: കെസിബിസി സമ്മേളനം ഇന്ന് സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടക്കും. കേരള സഭയിലെ അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ യുള്ള സമ്മേളനത്തെ വളരെയധികം ആകാംക്ഷയോടെ വിശ്വാസികളും ആത്മീയനേതാക്കളും കാണുന്നത്.
വൈകുന്നേരം അഞ്ചിനു സമ്മേളനം തുടങ്ങും. കെസിബിസി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന ദൈവശാസ്ത്ര സമ്മേളനം രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലു വരെ മൗണ്ട് സെന്റ് തോമസില്‍ നടക്കും. ‘സ്‌നാനപ്പെട്ട് അയയ്ക്കപ്പെട്ടവര്‍: പ്രേഷിതദൗത്യവുമായി ക്രിസ്തുവിന്റെ സഭ ലോകത്തില്‍” എന്ന ആപ്തവാക്യവുമായി അസാധാരണ പ്രേഷിത മാസം (ഒക്ടോബര്‍ 2019) പ്രഖ്യാപിച്ചു ഫ്രാന്‍സിസ് പാപ്പാ പുറപ്പെടുവിച്ച പ്രബോധനം സമ്മേളനം ചര്‍ച്ച ചെയ്യും.
‘പ്രേഷിത ശിഷ്യത്വ രൂപീകരണം”എന്ന വിഷയത്തെ സംബന്ധിച്ച് ബിഷപ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ഡോ. മാത്യു ഇല്ലത്തുപറന്പില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് എം. സൂസപാക്യം ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും. ഡോ. ക്ലമന്റ് വള്ളുവശേരി, ഡോ. ജോയി പുത്തന്‍വീട്ടില്‍, ഫാ. വില്‍സണ്‍ തറയില്‍, സിസ്റ്റര്‍ റൂബി സിടിസി, വര്‍ഗീസ് ഏബ്രഹാം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
കത്തോലിക്കാസഭയിലെ മെത്രാന്മാരും തെരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്രപണ്ഡിതരും മേജര്‍ സെമിനാരികളിലെ റെക്ടര്‍മാരും ദൈവശാസ്ത്ര പ്രഫസര്‍മാരും കെസിബിസിയുടെ വിവിധ കമ്മീഷന്‍ സെക്രട്ടറിമാരും പ്രേഷിത ശിഷ്യത്വ രൂപീകരണത്തിന്റെ ചുമതല വഹിക്കുന്ന സന്യസ്തരും സംബന്ധിക്കും.
ആറു മുതല്‍ ഒന്പത് വരെയാണ് കേരള കത്തോലിക്ക സഭയിലെ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനം. അദിലാബാദ് രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി പ്രിന്‍സ് പണേങ്ങാടന്‍ ധ്യാനം നയിക്കും.