യേശുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം അപ്പസ്‌തോലന്മാരിലും മറ്റ് ശിഷ്യരിലും പരിശുദ്ധാത്മാവിന്റെ ആവാസമുണ്ടായ ദിവസമാണ് പന്തക്കുസ്താ തിരുനാള്‍. അമ്പതാം ദിനം എന്നാണ് ഈ പദത്തിന്റെ അര്‍ത്ഥം. ഈസ്റ്ററിന് ശേഷം അമ്പതാം ദിവസമാണ് പെന്തക്കോസ്ത. തിരുസഭ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത് പന്തക്കുസ്താ തിരുനാളിലാണ്.
നാം വീണ്ടും ഒരു പന്തക്കുസ്തായ്ക്കുവേണ്ടി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ ദിവസങ്ങളില്‍ നമുക്ക് പന്തക്കുസ്താ തിരുനാളിന് വേണ്ടി പ്രാര്‍ത്ഥിച്ചൊരുങ്ങാം. പരിശുദ്ധാത്മാവിന്റെ അഭിഷേകം നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ നമുക്ക് പാപബോധം ഉണ്ടാകും. നീതി ബോധം ജനിക്കും. ന്യായവിധിയെക്കുറിച്ചുള്ള ചിന്തയും വരും.
ജീവിതത്തിലെ വിവിധ മേഖലകളില്‍ വ്യാപരിക്കുന്നവരാണ് നാം ഓരോരുത്തരും. ആ മേഖലകളിലെല്ലാം പരിശുദ്ധാത്മാവിന്റെ അഭിഷേകം ഉണ്ടാകാനായി നമുക്ക് ആഗ്രഹിക്കാം. നമുക്ക് പ്രാര്‍ത്ഥിക്കാം.
വരുന്ന ദിവസങ്ങളില്‍ നമ്മുടെ ജീവിതത്തില്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകവും കൃപയും വര്‍ഷിക്കപ്പെടാന്‍ വേണ്ടി നമുക്ക് പ്രാര്‍ത്ഥനയിലായിരിക്കാം. പരിശുദ്ധാത്മാവിനോടുള്ള നൊവേന, പ്രാര്‍ത്ഥനകള്‍, പാട്ടുകള്‍ എല്ലാം ഈ ദിവസങ്ങളില്‍ നമ്മുടെ ജീവിതത്തിന്‌റെ ഭാഗമായി മാറട്ടെ.