നല്ലവനായ ഈശോ ആന്തരികപ്രകാശത്താല്‍ എന്റെ മനസ്സിനെ തെളിയിച്ച് ഹൃദയത്തില്‍ നിന്ന് അ്ന്ധകാരം നീക്കിക്കളയണമേ. എന്റെ നാനാവിധ ദുര്‍വിചാരങ്ങളെ ഒതുക്കി എന്നില്‍ ബലം പ്രയോഗിക്കുന്ന പ്രലോഭനങ്ങളെ അങ്ങ് തകര്‍ക്കണമേ. എനിക്ക് വേണ്ടി വീറോടെ യുദ്ധം ചെയ്ത് വശീകരണശക്തിയേറിയ ജഡമോഹങ്ങളാകുന്ന ദുഷ്ടമൃഗങ്ങളെ പരാജയപ്പെടുത്തണമേ, അങ്ങനെ, അങ്ങയുടെ ശക്തിയാല്‍ സമാധാനമുണ്ടാകട്ടെ. നിര്‍മ്മലമനസ്സാക്ഷിയാകുന്ന അങ്ങേ വിശുദ്ധ രാജധാനിയില്‍ അങ്ങയുടെ സ്തുതി സമൃദ്ധമായ മാറ്റൊലി കൊള്ളട്ടെ. കാറ്റുകളോടും കൊടുങ്കാറ്റുകളോടം അങ്ങ് ആജ്ഞാപിക്കുക.
സമുദ്രത്തോട് അനങ്ങരുത് എന്നും വടക്കന്‍കാറ്റിനോട് വീശരുത് എന്നും അങ്ങ് കല്‍പ്പിക്കുക. എന്നാല്‍ മഹാശാന്തതയുളവാകും. ഭൂമിയെ പ്രകാശിപ്പിക്കാന്‍ അങ്ങേ പ്രകാശവും സത്യവുംഅയയ്ക്കണമേ. അങ്ങ് എന്നെ പ്രകാശിപ്പിക്കുന്നതുവരെ ഞാന്‍ ശൂന്യവും വ്യര്‍ത്ഥവുമായ ഭൂമിയായിരിക്കും. ( ക്രിസ്ത്വാനുകരണം)