സെപ്തംബര്‍ എട്ട് പരിശുദ്ധ അമ്മയുടെ ജനനത്തിരുന്നാളായി നാം ആചരിക്കുകയാണല്ലോ? പരിശുദ്ധ അമ്മയുടെ കുടുംബത്തെക്കുറിച്ചും ജനനത്തെക്കുറിച്ചും വളരെ കുറച്ചുകാര്യങ്ങള്‍ മാത്രമേ നമുക്കറിയൂ. 145 ാം വര്‍ഷം പുറത്തിറങ്ങിയ ഒരു കൃതിയിലാണ് മാതാവിന്റെ ജനനത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഇതിന്റെ കര്‍ത്താവ് ആരാണെന്ന് അറിയില്ല. മാതാവിന്റെ മാതാപിതാക്കളുടെ പേര് ജോവാക്കിം- അന്ന എന്നാണെന്ന് ഇതില്‍ നിന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. മക്കളില്ലാത്ത ദമ്പതികളായിരുന്നു അവര്‍.
ഇതോര്‍ത്ത് അവര്‍ ഏറെ വേദനിക്കുകയും ചെയ്തിരുന്നു. ഒരു കുഞ്ഞ് ജനിക്കണമെന്ന ആഗ്രഹത്തോടെ ജോവാക്കിം മരുഭൂമിയില്‍ നാല്പത് പകലും നാല്പതു രാത്രിയും കഠിനമായ തപശ്ചര്യകളിലേര്‍പ്പെട്ടു. പ്രാര്‍ത്ഥന മാത്രമായിരിക്കും എന്റെ വെള്ളവും ഭക്ഷണവും എന്നായിരുന്നു ജോവാക്കിമിന്റെ തീരുമാനം. കര്‍ത്താവ് എന്റെ അടുക്കലേക്ക് വരുന്നതുവരെ ഞാന്‍ ഭക്ഷിക്കുകയോ കുടിക്കുകയോ ഇല്ലെന്ന് ജോവാക്കിം കഠിന ശപഥമെടുക്കുകയും ചെയ്തു. ഇതേ അവസ്ഥയിലൂടെ തന്നെയായിരുന്നു അന്നയും കടന്നുപോയിരുന്നത്. അന്നയ്ക്കും ജോവാക്കിമിനും ഒരേ സമയം മാലാഖ പ്രത്യക്ഷപ്പെടുകയും നിങ്ങളുടെ പ്രാര്‍ത്ഥന ദൈവം കേട്ടുവെന്ന് അറിയിക്കുകയും ചെയ്തു. ഇങ്ങനെയായിരുന്നുവത്രെ മാതാവിന്റെ ജനനം. ഉത്ഭവപാപം കൂടാതെയായിരുന്നു മാതാവിന്റെ ജനനം.
മാതാവിന്റെ ജനനത്തിരുനാളിന്റെ മംഗളങ്ങള്‍ മരിയന്‍ പത്രത്തിന്റെ പ്രിയ വായനക്കാര്‍ക്കെല്ലാം സ്‌നേഹത്തോടെ ആശംസിക്കുന്നു.