ഭാവിയെക്കുറിച്ചുള്ള ആകുലതകള്‍ നമ്മളില്‍ പലരിലും പരിധിയില്‍കൂടുതലായുണ്ട്.നാളെയെന്തായിത്തീരും, നാളെയെന്തു സംഭവിക്കും ഇതാണ് നമ്മുടെ ആകുലതകള്‍ക്ക് കാരണം. നാളെ എന്തു സംഭവിക്കുമെന്നുള്ള അനിശ്ചിതത്വമാണ് ആകുലതകളിലേക്ക് നയിക്കുന്നത്. ജോലി നഷ്ടപ്പെടുമോ.. രോഗം ഭേദമാകുമോ.. ജോലി ലഭിക്കുമോ,പരീക്ഷയില്‍ ജയിക്കുമോ.. കടം തീര്‍ക്കാന്‍ കഴിയുമോ..ഇങ്ങനെ എത്രയെത്ര കാരണങ്ങളുടെ പേരിലാണ് നാം തീതിന്ന് കഴിയുന്നത്.
പക്ഷേ ഇങ്ങനെ തീ തിന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? ഇല്ല. എന്നിട്ടും മനുഷ്യരായതുകൊണ്ട് നമുക്ക് ഇതില്‍ നിന്ന് മോചനമില്ല. യഥാര്‍ത്ഥത്തില്‍ ആകുലതകളില്‍ നിന്ന് മോചനം പ്രതീക്ഷിക്കുന്നവരാണ് നമ്മളെങ്കില്‍ നമ്മുടെ ചിന്തകളും ഉത്കണ്ഠകളും ദൈവത്തിന് കൊടുത്ത് ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നത് നല്ലതായിരിക്കും.
എന്‌റെ ദൈവമേ എന്റെ കര്‍ത്താവേ അങ്ങയുടെ കയ്യിലേക്ക് ഞാന്‍ എന്റെ ഇന്നലെകളെയും ഇന്നുകളെയും നാളെകളെയും സമര്‍പ്പിക്കുന്നു, എന്റെ ജീവിതത്തിലെ നല്ലതും ചീത്തയുമായ അനുഭവങ്ങളെയും സമര്‍പ്പിക്കുന്നു. നാളെയെക്കുറിച്ചുള്ള എന്റെ ഉത്കണ്ഠകള്‍ അങ്ങേയ്ക്ക് അജ്ഞാതമല്ലല്ലോ. അകാരണമായ ഉത്കണ്ഠകള്‍ എന്നെ പിടിമുറുക്കുമ്പോള്‍ അവയെല്ലാം ഞാന്‍ അങ്ങേയ്ക്ക് നല്കുന്നു. എനിക്കെന്താണ് ഈ നിമിഷവും അടുത്ത നിമിഷവും സംഭവിക്കാന്‍ പോകുന്നത് എന്ന് അറിയുന്നത് അങ്ങ് മാത്രമാണല്ലോ. പിന്നെ ഞാനെന്തിനാണ് ഇങ്ങനെ ഉത്കണ്ഠപ്പെടുന്നത്. അതുകൊണ്ട് ഈ ഉ്ത്കണ്ഠകളെല്ലാം എന്നില്‍ നിന്ന് ഏറ്റുവാങ്ങി എന്നെ സ്വതന്ത്രനാക്കണമേ. ആമ്മേന്‍.