ക്രൈസ്തവര്‍ക്ക് ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്ത ഒരു പുണ്യപുരുഷനാണ് യൗസേപ്പിതാവ്. ഈശോയുടെ വളര്‍ത്തുപിതാവും പരിശുദ്ധ അമ്മയുടെ പാലകനുമായ യൗസേപ്പിതാവ് ഒരുവാക്കുകൊണ്ടുപോലും തന്റെ മൗനത്തെ തകര്‍ക്കുന്നില്ല. എപ്പോഴും നിശ്ശബ്ദന്‍. ഒരുപക്ഷേ ആ നിശ്ശബ്ദത തന്നെയാവാം യൗസേപ്പിതാവിനെ എല്ലാവരുടെയും പ്രിയപ്പെട്ടവനാക്കുന്നതും. വിശുദ്ധനോട് മാധ്യസ്ഥംതേടാന്‍ നമുക്കെല്ലാവര്‍ക്കും പ്രത്യേകം ഇഷ്ടവുമുണ്ട്. നൂറ്റാണ്ടുകളായി യൗസേപ്പിതാവിന്റെ ഓര്‍മ്മത്തിരുന്നാളായി മാര്‍ച്ച് 19 നാം കൊണ്ടാടുന്നുമുണ്ട്.
മിക്കപ്പോഴു നോമ്പുകാലത്തിന്റെ ഏതെങ്കിലും ദിവസങ്ങളിലായിരിക്കും യൗസേപ്പിതാവിന്റെ തിരുനാള്‍ വരുന്നതെങ്കിലും അത് ആചരിക്കുന്നതില്‍ നിന്ന് നമ്മളാരും പിന്നോട്ട് പോയിട്ടില്ല. നമ്മെ പോലെ തന്നെ യൗസേപ്പിതാവിനോട് ഭയങ്കരഭക്തിയുള്ളവരാണ് ഇറ്റലിക്കാരും. യൗസേപ്പിതാവിനോടുള്ള ഈ ഭക്തിക്ക് പിന്നില്‍ ഒരു പുരാവൃത്തമുണ്ട്.. അത് ഇങ്ങനെയാണ്.
ഒരിക്കല്‍ സിസിലിയില്‍ കഠിനമായ ക്ഷാമം അനുഭവപ്പെട്ടു. കഠിനമായ വരള്‍ച്ചയെ തുടര്‍ന്നായിരുന്നു ക്ഷാമം. എല്ലാവരും യൗസേപ്പിതാവിനോട് തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥനയുടെ ഫലമെന്നോണം മഴ പെയ്തു,വിളവുകള്‍ നല്ല ഫലം തന്നു. ഇതിന് പ്രത്യുപകാരമായി സിസിലി വിശുദ്ധ യൗസേപ്പിതാവിന്റെ പേരില്‍ ന്‌ല്ലൊരു തിരുനാള്‍ നടത്തി. നന്ദി സൂചകമായി നടത്തിയ ആ തിരുനാള്‍ സെന്റ് ജോസഫ് ടേബിള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. അന്നേ ദിവസം സമ്പന്നര്‍ ദരിദ്രര്‍ക്ക് ഭക്ഷണവിതരണം നടത്തുകയും മറ്റും ചെയ്യാറുമുണ്ട്.