എല്ലാവരും വിജയിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എവിടെയെങ്കിലും പരാജയപ്പെടുന്നത്, പിന്നിലായിപോകുന്നത് ആര്‍ക്കും സഹിക്കാന്‍ കഴിയുന്ന കാര്യമല്ല. എന്നാല്‍ പലയിടത്തും നാം പരാജയപ്പെട്ടുപോകുന്നു. പക്ഷേ ഒരു കാര്യം നാം ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്. ദൈവം കാണുന്ന വിജയവും ലോകം കാണുന്ന വിജയവും രണ്ടും രണ്ടാണ്. ലോകം ഒരാളെ വിജയിയായി കാണുന്നത് വിദേശത്ത് ജോലി ചെയ്യുന്നതും ആഡംബരവീടുകളില്‍ താമസിക്കുന്നതും കണക്കറ്റ സ്വത്ത് സ്വരുക്കൂട്ടുന്നതും മറ്റുമാണ്.
ദൈവം തരുന്ന സമ്പത്ത് നല്ലതുതന്നെയാണ്.മാന്യമായ രീതിയില്‍ സമ്പാദിച്ചതും. അക്കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ ഏതുരീതിയിലും പണം സമ്പാദിച്ചിട്ട് പണക്കാരനായി ജീവിക്കുന്നത് നല്ലതല്ല.
അതുപോലെ ലോകം ഒരാളെ പരാജയപ്പെട്ടവനായി കാണുന്നത് അകാരണമായി ദ്രോഹിക്കപ്പെട്ടിട്ടും തിരിച്ചൊന്നും പ്രതികരിക്കാത്ത ഒരാളെയാണ്. അടിച്ചാല്‍ തിരിച്ചടിക്കുന്നവനാണല്ലോ നായകന്‍.
പക്ഷേ ദൈവത്തിന്റെ കണ്ണില്‍ ഇതൊന്നും വിജയിയുടെ ലക്ഷണങ്ങളല്ല. ലോകത്തിന്റെ കണ്ണിലെ വിജയിയാകുന്നതിനെക്കാള്‍ ദൈവത്തിന്റെ കണ്ണിലെ വിജയിയാകാനാണ് നാം ശ്രമിക്കേണ്ടത്. അതിന് നാം ആദ്യം ചെയ്യേണ്ടത് ഇവതമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ ദൈവവചനം പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ്.
ദൈവത്തിന്റെ വചനം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല എന്നാണല്ലോ വിശുദ്ധ ഗ്രന്ഥം പറയുന്നത്. അതുകൊണ്ട് ഈ സംഭവത്തില്‍, ഈ അവസരത്തില്‍ ഞാന്‍ എങ്ങനെ പ്രതികരിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത് അതനുസരിച്ച് നാം പ്രതികരിക്കുമ്പോഴാണ് ദൈവത്തിന്റെ കണ്ണില്‍ വിജയിയാകുന്നത്. ലോകത്തിന്റെ കണ്ണില്‍വിജയിയാകാതെ ദൈവത്തിന്റെ കണ്ണില്‍ വിജയിയാകാനാണ് നാം ശ്രമിക്കേണ്ടത്.
അതിന് വചനം പഠിക്കുക. വചനം പ്രയോഗിക്കുക. ദൈവം നമ്മെ ഒരിക്കലും പരാജയപ്പെട്ടവനാക്കുകയില്ല.