കാക്കനാട്: സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിരണ്ടാമത് മെത്രാൻ സിനഡിന്റെ മൂന്നാം സമ്മേളനം 2024 ഓഗസ്റ്റ് 19ന് സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കുന്നു.
ഓഗസ്റ്റ് 19 തിങ്കളാഴ്ച രാവിലെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പിതാവ് നൽകുന്ന ധ്യാനചിന്തകളോടെ സിനഡുസമ്മേളനം ആരംഭിക്കും. തുടർന്ന് സിനഡുപിതാക്കന്മാർ ഒരുമിച്ച് അർപ്പിക്കുന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് ഔദ്യോഗികമായി സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയിൽ നിന്ന് വിരമിച്ചവരുമായ 53 പിതാക്കന്മാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഓഗസ്റ്റ് 22 വൈകുന്നേരം മുതൽ 25 ഉച്ച വരെ പാലാ അൽഫോൻസ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യുട്ടിൽ നടക്കുന്ന അഞ്ചാമത് സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയിൽ സിനഡുപിതാക്കന്മാർ പങ്കെടുക്കും.
26ന് രാവിലെ സഭാ ആസ്ഥാനത്ത് പുനരാരംഭിക്കുന്ന സിനഡുസമ്മേളനം 31-ാം തിയതി ശനിയാഴ്ച സമാപിക്കും. സഭാംഗങ്ങളെല്ലാവരും സിനഡിന്റെ വിജയത്തിനായി പ്രാർത്ഥിക്കണമെന്ന് മേജർ ആർച്ചുബിഷപ്പ് അഭ്യർത്ഥിച്ചു.
ഫാ.ഡോ. ആന്റണി വടക്കേകര വി.സി.
പി.ആർ.ഓ., സീറോമലബാർസഭ &
സെക്രട്ടറി, മീഡിയ കമ്മീഷൻ