പരിശുദ്ധാത്മാവിനോടുള്ള നൊവേന : അഞ്ചാം ദിവസം

കര്‍ത്താവ് മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്ന്‍‍ അവര്‍ക്ക് തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു (പ്രഭാ. 17:3).

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്‍കി ജീവന്‍ നല്‍കുകയും ചെയ്തതിന് ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു. കാരുണ്യവാനായ കര്‍ത്താവേ, പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും സര്‍വ്വശക്തിയോടും കൂടെ അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു (നിയ. 6:5).

അങ്ങയുടെ പൂര്‍ണ്ണതയില്‍ നിന്നു ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൃപയ്ക്കുമേല്‍ കൃപ വര്‍ഷിച്ച്, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ഞങ്ങളെ സ്നേഹിച്ച സ്വര്‍ഗ്ഗീയ പിതാവേ, സര്‍വ്വസൃഷ്ടിജാലങ്ങളോടും ചേര്‍ന്നു ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയെ ആരും ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അങ്ങുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഈശോമിശിഹായെ കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തിയ ദൈവമേ (അപ്പ. 2:36) അങ്ങയുടെ കാരുണ്യത്തിന് എന്നേക്കും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

“കര്‍ത്താവിനു നന്ദി പറയുവിന്‍. അവിടുന്ന് നല്ലവനാണ്. അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.” (സങ്കീ. 107:1)

അഞ്ചാം ദിവസം- പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍

“യേശു വീണ്ടും അവരോടു പറഞ്ഞു: “നിങ്ങള്‍ക്കു സമാധാനം. പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു. ഇതു പറഞ്ഞിട്ട് അവരുടെമേല്‍ നിശ്വസിച്ചു കൊണ്ട് അവരോട് അരുള്‍ച്ചെയ്തു: നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍” (യോഹ. 20:21-22).

കര്‍ത്താവേ, അങ്ങു കാരുണ്യവാനും കൃപാനിധിയുമായ ദൈവമാകുന്നു. സ്നേഹത്തിലും വിശ്വസ്തതയിലും അത്യുന്നതനാകുന്നു. അങ്ങയുടെ സ്നേഹത്തെയും ഔദാര്യത്തെയും ദൈവമക്കളിലേക്ക് പകരുവാന്‍ തുടിക്കുന്ന ഹൃദയവുമായി ഞങ്ങളെ കാത്തിരിക്കുന്ന നിത്യനായ സ്വര്‍ഗ്ഗീയ പിതാവേ, എല്ലാ മനുഷ്യഹൃദയങ്ങളെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയം വഴി ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളോടു ചേര്‍ത്ത് അങ്ങയുടെ നാമത്തിന്‍റെ മഹത്വത്തിനായി സമര്‍പ്പിക്കുന്നു. വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ കര്‍ത്താവേ, ഹൃദയം നുറുങ്ങി പശ്ചാത്തപിക്കുന്നവര്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവ് തന്‍റെ അടുക്കലേക്ക് വിളിക്കുന്ന എല്ലാവര്‍ക്കും അങ്ങയുടെ പരിശുദ്ധാത്മാവിനെ നല്‍കുന്നതിനെ ഓര്‍ത്ത് ഞങ്ങള്‍ നന്ദി പറയുന്നു (അപ്പ. 2:39).

പൂര്‍വ്വപിതാക്കന്മാരുടെ പ്രതീക്ഷയും പ്രവാചകന്‍മാരുടെ മാര്‍ഗ്ഗദര്‍ശിയും പഴയനിയമത്തിന്‍റെ പൂര്‍ത്തീകരണവും പിതാവിന്‍റെ വാഗ്ദാനവും ദൈവത്തിന്‍റെ ശക്തിയും സകല ഭൂവാസികളുടെയും ഏക രക്ഷകനും നാഥനും ഏക ഗുരുവും ഏക കര്‍ത്താവും രാജാക്കന്മാരുടെ രാജാവുമായ ഈശോയുടെ ദിവ്യാത്മാവേ, ഞങ്ങളില്‍ വന്നു വസിക്കണമേ. ഞങ്ങളിലെ വിശ്വാസത്തെ പവിത്രമാക്കണമേ. അവാച്യമായ നെടുവീര്‍പ്പുകളാല്‍ അങ്ങുതന്നെ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു കൃപാവരവും ശക്തിയും കൊണ്ട് നിറയ്ക്കണമേ. ഞങ്ങളെല്ലാവരും ദൈവത്തിന്‍റെ തെരഞ്ഞെടുക്കപ്പെട്ടവരും വാത്സല്യഭാജനങ്ങളും പരിശുദ്ധരുമായിത്തീരട്ടെ. അങ്ങനെ അവിടുത്തെ പിതൃസ്വഭാവങ്ങളായ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്ഷമ എന്നിവ ധരിക്കാനും യേശുക്രിസ്തുവിന് സാക്ഷ്യം നല്‍കുവാനും ഞങ്ങളെ യോഗ്യരാക്കണമേ. ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

“തന്‍റെ മഹത്വത്തിലേക്കും ഔന്നത്യത്തിലേക്കും നമ്മെ വിളിച്ചവനെക്കുറിച്ചുള്ള പൂര്‍ണ്ണമായ അറിവിലൂടെ നമ്മുടെ ജീവിതത്തിനും ഭക്തിക്കും ആവശ്യമായവയെല്ലാം അവന്‍റെ ദൈവികശക്തി നമുക്കു പ്രദാനം ചെയ്തിരിക്കുന്നു” (2 പത്രോ. 1:3)

പരിശുദ്ധാത്മാവിനോടുള്ള ലുത്തിനിയ…

കർ‍ത്താവേ, അനുഗ്രഹിക്കണേ
മിശിഹായേ, അനുഗ്രഹിക്കണേ
മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ
മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,ഞങ്ങളെ അനുഗ്രഹിക്കണേ
ഭൂലോക രക്ഷിതാവായ പുത്രനായ ദൈവമേ   , ഞങ്ങളെ അനുഗ്രഹിക്കണേ
പരിശുദ്ധാത്മാവായ ദൈവമേ,ഞങ്ങളെ അനുഗ്രഹിക്കണേ
ഏക ദൈവമായ പരിശുദ്ധ ത്രിത്വമേ,ഞങ്ങളെ അനുഗ്രഹിക്കണേ

പിതാവിനോടും പുത്രനോടും സമനായ പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
പിതാവിന്‍റെ വാഗ്ദാനമായ പരിശുദ്ധാത്മാവേ,ഞങ്ങളില്‍ വന്നു നിറയേണമേ
ദൈവത്തിന്‍റെ ദാനമായ പരിശുദ്ധാത്മാവേ,ഞങ്ങളില്‍ വന്നു നിറയേണമേ
ഭൂമുഖം നവീകരിക്കുന്ന പരിശുദ്ധാത്മാവേ,ഞങ്ങളില്‍ വന്നു നിറയേണമേ
പ്രാവിന്‍റെ രൂപത്തില്‍‌ ഈശോയുടെമേല്‍ ഇറങ്ങിവന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
പരിശുദ്ധ അമ്മയില്‍ നിറഞ്ഞുനിന്ന പരിശുദ്ധാത്മാവേ,ഞങ്ങളില്‍ വന്നു നിറയേണമേ
പന്തക്കുസ്താ ദിവസം ശ്ലീഹന്മാരുടെമേല്‍ ആവസിച്ച് അവരെ ശക്തിപ്പെടുത്തിയ പരിശുദ്ധാത്മാവേ,ഞങ്ങളില്‍ വന്നു നിറയേണമേ

ആദിമ ക്രൈസ്തവ സമൂഹത്തില്‍ നിറഞ്ഞുനിന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
അടയാളങ്ങളും അദ്ഭുതങ്ങളും പ്രവർത്തിക്കുന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
യേശുവിന്‍റെ സാക്ഷികളാകാന്‍ ഞങ്ങളെ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
തിരുവചനത്താല്‍ ഞങ്ങളെ വിശു ദ്ധീകരിക്കുന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
സഭയില്‍ നിര‌ന്തരം വസിക്കുന്ന പരിശുദ്ധാത്മാവേ , ഞങ്ങളില്‍ വന്നു നിറയേണമേ
കൂദാശയിലൂടെ ഞങ്ങളെ ശക്തിപ്പെടുത്തുന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
പ്രാര്‍ത്ഥിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ ശക്തിതരുന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
ഞങ്ങള്‍ക്ക് പാപബോധം തരുന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
ഞങ്ങള്‍ക്ക് നീതിബോധം തരുന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
ന്യായവിധിയെക്കുറിച്ച് ഞങ്ങളെ ബോധ്യപ്പെടുത്തുന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
സത്യത്തിന്‍റെ പൂര്‍ണതയിലേക്ക് ഞങ്ങളെ നയിക്കുന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
 ഞങ്ങള്‍ക്ക് സമൃദ്ധമായി ജീവന്‍ തരുന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ

ബോധജ്ഞാനത്തിന്‍റെ അരൂപിയായ പരിശുദ്ധാത്മാവേ  , ഞങ്ങളെ നയിക്കേണമേ..
ജ്ഞാനത്താല്‍ നിറയ്ക്കുന്ന പരിശുദ്ധാത്മാവേ, ഞങ്ങളെ നയിക്കേണമേ..
ബുദ്ധിയുടെ ദിവ്യപ്രകാശമായ പരിശുദ്ധാത്മാവേ, ഞങ്ങളെ നയിക്കേണമേ..
വിവേകത്തിന്‍റെ ഉറവിടമായ പരിശുദ്ധാത്മാവേ, ഞങ്ങളെ നയിക്കേണമേ..
ആത്മശക്തിയുടെ കതിരുകൾ ഏകുന്ന  പരിശുദ്ധാത്മാവേ, ഞങ്ങളെ നയിക്കേണമേ..
അറിവിന്‍റെ പ്രകാശമായ പരിശുദ്ധാത്മാവേ, ഞങ്ങളെ നയിക്കേണമേ..
ഭക്തിയുടെ ചൈതന്യമാകുന്ന പരിശുദ്ധാത്മാവേ, ഞങ്ങളെ നയിക്കേണമേ..
ദൈവഭയത്തിന്‍റെ പ്രതീകമാകുന്ന പരിശുദ്ധാത്മാവേ, ഞങ്ങളെ നയിക്കേണമേ..

വിശ്വാസത്തിന്‍റെയും,പ്രത്യാശയുടെയും ആത്മാവേ ,  ഞങ്ങളേ വിശുദ്ധികരിക്കേണമേ
സ്നേഹത്തിന്‍റെയും,സന്തോഷത്തിന്റെയുംആത്മാവേ ,ഞങ്ങളേ വിശുദ്ധികരിക്കേണമേ
സമാധാനത്തിന്‍റെയും,ക്ഷമയുടെയും ആത്മാവേ, ഞങ്ങളേ വിശുദ്ധികരിക്കേണമേ
ദയയുടെയും,നന്മയുടെയും ആത്മാവേ , ഞങ്ങളേ വിശുദ്ധികരിക്കേണമേ
വിശ്വസ്തതയുടെയും,സൗമ്യതയുടെയും, ആത്മസംയമനത്തിന്‍റെയും ആത്മാവേ, ഞങ്ങളേ വിശുദ്ധികരിക്കേണമേ
എളിമയുടെയും,ഐക്യത്തിന്‍റെയും ആത്മാവേ, ഞങ്ങളേ വിശുദ്ധികരിക്കേണമേ
വിശുദ്ധിയുടെയും ദൈവമക്കളുടെയും ആത്മാവേ, ഞങ്ങളേ വിശുദ്ധികരിക്കേണമേ തിരുസഭയുടെ സംരക്ഷകനെ,ദൈവകൃപകളുടെ ഉറവിടമേ ഞങ്ങളേ വിശുദ്ധികരിക്കേണമേ
വേദനകളുടെ ആശ്വാസമേ ഞങ്ങളേ വിശുദ്ധികരിക്കേണമേ
നിത്യമായ പ്രകാശമേ,ജീവന്‍റെ ഉറവയെ, ഞങ്ങളേ വിശുദ്ധികരിക്കേണമേ
ഞങ്ങളുടെ ആത്മാവിന്‍റെ അഭിഷേകമേ,മാലാഖമാരുടെ സന്തോഷമേ,ഞങ്ങളേ വിശുദ്ധികരിക്കേണമേ
പ്രവാചകന്മാരുടെ പ്രചോദനമേ, അപ്പൊസ്തോലന്മാരുടെ അധ്യാപകനെ,ഞങ്ങളേ വിശുദ്ധികരിക്കേണമേ
രക്തസാക്ഷികളുടെ ശക്തികേന്ദ്രമേ,സകല വിശുദ്ധരുടേയും ആനന്ദമേ,ഞങ്ങളേ വിശുദ്ധികരിക്കേണമേ

കരുണാമയനായ പരിശുദ്ധാത്മാവേ, ഞങ്ങളുടെമേല്‍ കനിയണമേ
കരുണാമയനായ പരിശുദ്ധാത്മാവേ,   ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ
കരുണാമയനായ പരിശുദ്ധാത്മാവേ, ഞങ്ങളേ അനുഗ്രഹിക്കണേ

പ്രാര്‍ത്ഥിക്കാം
 പിതാവിനോടും പുത്രനോടും ,സമനായ ദൈവവും സകലത്തെയും പവിത്രികരിക്കുന്ന ആശ്വാസദായകനുമായ പരിശുദ്ധാത്മാവേ,അങ്ങേ ദാസരായ ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങ് പവിത്രീകരിക്കണമേ. അങ്ങ് ഉന്നതനായ ദൈവത്തിന്‍റെ ദാനവും,ജീവനുള്ള ഉറവയും, അഗ്നിയും, സ്നേഹവും ,ആത്മീയ അഭിഷേകവുമാകുന്നു.അങ്ങ് പിതാവായ ദൈവത്തിന്‍റെ വാഗ്ദാനവും , ഏഴുവിധ ദാനങ്ങളോടു കൂടിയവനുമാകുന്നു. അങ്ങേ ദാനങ്ങളാലും, വരങ്ങളാലും , ഫലങ്ങളാലും ഞങ്ങളെ സമ്പന്നരാക്കണമേ.

വിചാരങ്ങളില്‍ നൈര്‍മല്യവും, സംസാരത്തില്‍ വിനയവും, പ്രവര്‍ത്തികളില്‍ വിവേകവും, ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമേ. ക്ലേശങ്ങളില്‍ സ്ഥൈരൃവും, സംശയങ്ങള്‍ അകറ്റാന്‍ വിശ്വാസവും, ജീവിത നൈരാശ്യങ്ങളിൽ പ്രത്യാശയും, മറ്റുള്ളവരില്‍ അങ്ങയെ ദര്‍ശി ക്കുവാന്‍ സ്നേഹവും ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമേ.
സർവശക്തനായ ദൈവത്തോടും, ഏകജാതനായ പുത്രനോടും കൂടി എന്നെന്നും ജീവിച്ചു വാഴുന്ന അങ്ങേക്ക് സ്തുതിയും, മഹത്വവും കൃതജ്ഞതയും എന്നെന്നും ഉണ്ടായിരിക്കട്ടെ.
ആമ്മേന്‍.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates