Wednesday, December 4, 2024
spot_img
More

    ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തിയൊമ്പതാം തീയതി

    ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ മോചനത്തിന്നായുള്ള അദ്ധ്വാനം മറ്റുള്ളവരിലും പരത്തുവാന്‍ നിങ്ങള്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. നിങ്ങള്‍ മൂലം മറ്റുള്ളവര്‍ ചെയ്യുന്ന സല്‍കൃത്യങ്ങള്‍ക്കു നിങ്ങളും ഓഹരിക്കാരാണല്ലോ. ചൂട് കൂടുന്തോറും തീ സമീപസ്ഥങ്ങളായ വസ്തുക്കളെ അഗ്നിമയമാക്കുന്നതുപോലെ യഥാര്‍ത്ഥ ഭക്തിയുള്ളവര്‍ അത് അന്യരിലും പ്രചരിപ്പിക്കുന്നതിനുത്സാഹിക്കുന്നു.

    വി. ആഗസ്തീനോസ്, വി.ക്രിസോസ്തോമ്മോസ്, വി. അംബ്രോസീസ്, വി.ഗ്രിഗോരിയോസ്, തുടങ്ങിയ വേദപാരംഗതന്‍മാര്‍ ഈ ഭക്തി പ്രചാരത്തിനായി പല ഗ്രന്ഥങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അപ്രകാരം തന്നെ വി. ത്രേസ്യാ, വി. പാസി മറിയം. വി. ജനീവാ കത്രീനാ, വി. മാര്‍ഗ്ഗരീത്താ മറിയം മുതലായ അനവധി പുണ്യവതികളും ഈ ഭക്തി പരത്തുന്നതിനായി ചെയ്തിട്ടുള്ള പരിശ്രമം വിസ്മയനീയമായിരുന്നു. തിരുസ്സഭയുടെ തലവന്മാരായ മാര്‍പ്പാപ്പമാരും ശുദ്ധീകരണ ആത്മാക്കള്‍ക്ക് മോക്ഷം സിദ്ധിക്കുന്നതിനായി വിശേഷ ദണ്ഡവിമോചനങ്ങള്‍ കല്‍പ്പിച്ചനുവദിച്ചിരിക്കുന്നു.

    ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി ചെയ്യുന്ന പ്രവര്‍ത്തികളില്‍ താഴെപ്പറയുന്ന സംഗതികള്‍ വളരെ ഉപകരിക്കുന്നതാണ്.

    1. ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി അവരുടെ തിരുനാളിലും മറ്റു ദിവസങ്ങളിലും ദൈവാലയത്തില്‍ ചെയ്യപ്പെടുന്ന ദിവ്യകര്‍മ്മങ്ങളില്‍ പങ്കു കൊള്ളുക. ഇങ്ങനെ ചെയ്യുന്നത് മറ്റുള്ളവരെ ഈ ഭക്തിയിലേക്കാകര്‍ഷിക്കുവാന്‍ വളരെ ഉപകരിക്കുന്നു.

    2. തിങ്കളാഴ്ചതോറും ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി ദിവ്യപൂജ കാണുന്നതിനും കഴിഞ്ഞ ധ്യാനത്തില്‍ കാണിച്ച ഉചിതമായ നേര്‍ച്ച സമര്‍പ്പിക്കുന്നതിനും മറ്റുള്ളവരോട് ഉപദേശിക്കുക.

    3. നിങ്ങളുടെ സംബന്ധികള്‍, സ്നേഹിതര്‍, പരിചിതര്‍ മുതലായവര്‍ തങ്ങളെ സംബന്ധിച്ചവരുടെ ആത്മാക്കള്‍ക്കു വേണ്ടി വല്ലതും ചെയ്യുന്നുണ്ടോ എന്നന്വേഷിക്കുക. ഇങ്ങനെ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ നേരെയുള്ള ഭക്തി പരത്തിയാല്‍ ആത്മീയവും ലൗകികവുമായ അനവധി ദൈവാനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കു ലഭിക്കുന്നതാകുന്നു.

    ജപം

    ഞങ്ങളുടെ ഹൃദയത്തിന് ആനന്ദമായിരിക്കുന്ന ഈശോയെ, മോക്ഷവാസികളുടെ സന്തോഷകാരണമായിരിക്കുന്ന അങ്ങേ തിരുമുഖം നീചന്മാരായ പാപികള്‍ വികൃതമാക്കിയെന്ന് ഞങ്ങള്‍ അറിയുന്നു. അവര്‍ണ്ണനീയമായ വേദനകള്‍ അനുഭവിച്ച അങ്ങേ തിരുമുഖത്തെക്കുറിച്ച് അങ്ങേ ക്രിസ്ത്യാനികളുടെ ആത്മാക്കള്‍ക്ക് കൃപ ചെയ്തരുളണമേ. ആമ്മേന്‍.

    മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ.

    നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ.

    സൂചന

    (മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)

    മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ

    നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

    ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ

    കര്‍ത്താവേ, അനുഗ്രഹിക്കണമേ!

    മിശിഹായേ, അനുഗ്രഹിക്കണമേ!

    കര്‍ത്താവേ, അനുഗ്രഹിക്കണമേ!

    മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ!

    മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ!

    സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,

    ………(ഞങ്ങളെ അനുഗ്രഹിക്കണമേ)

    ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,

    പരിശുദ്ധാത്മാവായ ദൈവമേ,

    ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

    പരിശുദ്ധ മറിയമേ,

    ……..(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

    ദൈവത്തിന്‍റെ പരിശുദ്ധ ജനനീ,

    കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ,

    വിശുദ്ധ മിഖായേലെ,

    ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ,

    നവവൃന്ദ മാലാഖമാരെ,

    വിശുദ്ധ സ്നാപക യോഹന്നാനേ,

    വിശുദ്ധ യൗസേപ്പേ,

    ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ,

    വിശുദ്ധ പത്രോസേ,

    വിശുദ്ധ പൗലോസേ,

    വിശുദ്ധ യോഹന്നാനേ,

    ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ,

    വിശുദ്ധ എസ്തപ്പാനോസേ,

    വിശുദ്ധ ലൗറന്തിയോസേ,

    വേദസാക്ഷികളായ സകല വിശുദ്ധന്മാരേ,

    വിശുദ്ധ ഗ്രിഗോറിയോസേ,

    വിശുദ്ധ അംബ്രോസീസേ,

    വിശുദ്ധ ഈറാനിമ്മോസേ,

    മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ,

    വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ,

    ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ,

    സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ,

    വിശുദ്ധ മറിയം മഗ്ദലേനായെ,

    വിശുദ്ധ കത്രീനായെ,

    വിശുദ്ധ ബാര്‍ബരായെ,

    കന്യകകളും വിധവകളുമായ സകല വിശുദ്ധരേ,

    ദയാപരനായിരുന്ന്,

    ………(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ)

    ദയാപരനായിരുന്ന്,

    ……..(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

    ദയാപരനായിരുന്ന്,

    ……..(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

    സകല തിന്മകളില്‍ നിന്ന്‍,

    …….(കര്‍ത്താവേ അവരെ രക്ഷിക്കണമേ)

    അങ്ങേ കോപത്തില്‍ നിന്ന്,

    അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍,

    ക്രൂരമായ വ്യാകുലത്തില്‍ നിന്ന്,

    കഠിന ശിക്ഷയില്‍ നിന്ന്,

    മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍,

    അഗ്നിജ്വാലയില്‍ നിന്ന്‍,

    ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍,

    അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്,

    അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്,

    അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്,

    അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്,

    അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്,

    അങ്ങേ വലിയ എളിമയെക്കുറിച്ച്,

    അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്,

    അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്,

    അങ്ങേ പീഡാസഹനത്തെക്കുറിച്ച്,

    അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്,

    അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്,

    അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്,

    അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്,

    അങ്ങേ തിരുക്കുരിശിനെക്കുറിച്ച്,

    അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്,

    ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്,

    അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്,

    അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്,

    അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്,

    ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്,

    വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,

    ………(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)

    പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

    മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

    രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

    ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

    ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

    മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

    പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

    അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

    അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

    അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

    അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

    സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

    കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

    ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

    ……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

    ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

    ……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

    ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

    ……..(കര്‍ത്താവേ, അനുഗ്രഹിക്കണമേ)

    (തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക)

    സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ,

    ………(അപ്രകാരം സംഭവിക്കട്ടെ)

    കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ.

    …….(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ)

    പ്രാര്‍ത്ഥിക്കാം

    സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ.

    നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

    മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

    …….(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ)

    നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍.

    സുകൃതജപം

    ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ.

    സല്‍ക്രിയ

    ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കളെ അനുസ്മരിച്ച് ദിവ്യബലി അര്‍പ്പിക്കുക.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!