ഒക്ടോബർ 7- ഔർ ലേഡി ഓഫ് ദി റോസറി – പരിശുദ്ധ ജപമാലയുടെ രാജ്ഞിയുടെ തിരുന്നാൾ
1571-ൽ ഏഷ്യയിലെ മുസ്ലീം സാമ്രാജ്യമായിരുന്ന ഓട്ടോമൻ (തുർക്കി) സാമ്രാജ്യം, സൈനിക ശക്തി വർദ്ധിപ്പിച്ചു പ്രബലരായി മാറി രാജ്യങ്ങൾ വെട്ടിപ്പിടിക്കാനൊരുങ്ങി. എല്ലാവരെയും കീഴടക്കി ഭരിക്കാനുള്ള ആഗ്രഹവും ക്രിസ്തുവിന്റെ കുരിശിനോടുള്ള വിരോധവും ലഹരിയാക്കി കുതിപ്പ് തുടങ്ങിയ അവർ യൂറോപ്പ് മുഴുവൻ പിടിയിലൊതുക്കാനുള്ള തത്രപ്പാടിൽ യുദ്ധം ചെയ്ത് മുന്നേറിക്കൊണ്ടിരുന്നു. പുറമെയുള്ള ക്രിസ്ത്യൻ ശക്തികേന്ദ്രങ്ങളെ ആക്രമിച്ച മുഹമ്മദീയർ, പടിഞ്ഞാറൻ മെഡിറ്ററേനിയൻ കടലിൻ്റെ അതിർത്തിയിലുള്ള ക്രിസ്ത്യൻ രാജ്യങ്ങൾക്ക് ഭീഷണി ഉയർത്തിക്കൊണ്ട് വലിയ കപ്പൽപ്പടയെ ആക്രമണസജ്ജമാക്കി നിർത്തിയിരിക്കുന്നതായി വിവരവും ലഭിച്ചു.
അപകടം തിരിച്ചറിഞ്ഞ വിശുദ്ധ പീയൂസ് അഞ്ചാമൻ പാപ്പയുടെ ശ്രമഫലമായി, ധീരനും മിടുക്കനുമായ ഓസ്ട്രിയൻ കമാൻഡർ ഡോൺ ജുവാന്റെ കീഴിൽ ക്രിസ്ത്യൻ കപ്പൽപ്പട സംഘടിച്ചു. 1571 ഒക്‌ടോബറിലെ ആദ്യ ദിവസങ്ങളിൽ അവർ ശത്രുക്കളെ നേരിടാൻ കപ്പൽ കയറുകയും ലെപ്പൻ്റോ ഉൾക്കടലിൽ വെച്ച് അവരെ നേരിടുകയും ചെയ്തു. ക്രിസ്ത്യാനികളോട് ഐക്യത്തോടെ അഖണ്ഠ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ പാപ്പ ആഹ്വാനം ചെയ്തു. തുർക്കി സൈനികരുടെ എണ്ണം വളരെ കൂടുതലായിരുന്നെങ്കിലും ക്രിസ്ത്യൻ സൈന്യത്തിൻ്റെ ധീരതയും പ്രാർത്ഥനയും ആത്മീയമായ ഒരുക്കവും വലിയ വിജയം നേടി, മുസ്ലീം സൈന്യം തോൽപ്പിക്കപ്പെട്ടു.
നിർണ്ണായകമായ ആ യുദ്ധസമയത്തിലും അതിന് മുൻപും, വിശുദ്ധ പീയൂസ് അഞ്ചാമൻ പാപ്പയുടെ നേതൃത്വത്തിൽ ക്രിസ്ത്യൻ ലോകം ഒന്നടങ്കം പരിശുദ്ധ അമ്മയുടെ സഹായം സവിശേഷമായ രീതിയിൽ യാചിച്ചിരുന്നു. ലെപ്പൻ്റോയിലെ വിജയം മറിയത്തിന്റെ സഹായത്തിൻ്റെ ഫലമാണെന്ന് എല്ലാവർക്കും ബോധ്യമായി. വിജയമാതാവിനോടുള്ള ആദരസൂചകമായി ഒക്‌ടോബർ മാസത്തിലെ ആദ്യ ഞായറാഴ്ച പ്രത്യേക തിരുന്നാൾ ദിവസമായി പാപ്പ പ്രഖ്യാപിച്ചു.
രണ്ട് വർഷത്തിന് ശേഷം ഗ്രിഗറി പതിമൂന്നാമൻ പാപ്പ, വിജയത്തിന് വഴിതെളിച്ച ജപമാല പ്രാർത്ഥനയെ മാനിച്ചുകൊണ്ട് അത് പരിശുദ്ധ ജപമാലയുടെ തിരുന്നാൾ ആക്കി മാറ്റി. തിരുന്നാൾ ആഘോഷം പിന്നീട് ലെപ്പൻ്റോ യുദ്ധത്തിൻ്റെ തീയതിയായ ഒക്ടോബർ 7 ന് ആചരിക്കാൻ തുടങ്ങി. അങ്ങനെ, ഒക്‌ടോബർ മാസം മുഴുവനും പരിശുദ്ധ അമ്മയ്ക്കും ജപമാലയ്ക്കുമായി, പരിശുദ്ധ ജപമാലയുടെ രാജ്ഞിക്കായി, സമർപ്പിക്കുന്ന പതിവ് നിലവിൽ വന്നു. പിന്തുടർന്ന് വന്ന മാർപ്പാപ്പമാരും ഈ ആചാരം സസന്തോഷം അനുവദിക്കുകയും അംഗീകരിക്കുകയും ചെയ്തു.
ലെയോ പതിമൂന്നാമൻ മാർപാപ്പയാണ് ലൊറേറ്റോ ലുത്തിനിയയിൽ, ‘പരിശുദ്ധ ജപമാലയുടെ രാജ്ഞി, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ’ എന്ന യാചന കൂട്ടിച്ചേർത്തത്.
ജപമാലഭക്തി, സഭയിൽ പിന്തുടർന്ന് പോരുന്ന ഒരു സുപ്രധാന പ്രാർത്ഥനരീതി ആണെന്ന് മാത്രമല്ല, ആ ഭക്തകൃത്യത്തിന്റെ പേരിൽ ഒരു തിരുന്നാൾ കൂടി നടത്തപ്പെടുന്നു എന്ന പ്രത്യേകതയും അതിനുണ്ട്. ജപമാല അർപ്പണങ്ങൾക്കൊപ്പം നൂറ്റാണ്ടുകളായി നടത്തപ്പെടുന്ന ഈ തിരുന്നാൾ, ആ ഭക്തകൃത്യത്തിന്റെ ശക്തമേറിയ മാധ്യസ്ഥത്തിന് നൽകുന്ന മഹത്വപൂർണ്ണമായ ഒരു ശ്രദ്ധാഞ്ജലിയാണ്. പാഷണ്ഡതക്കുള്ള മറുമരുന്നായി ജപമാലയെ ഉപയോഗിക്കാൻ ഒരു ദർശനത്തിൽ കൂടി പരിശുദ്ധ അമ്മ, വിശുദ്ധ ഡൊമിനിക്കിന് നിർദേശം നൽകിയതിൽ നിന്നായിരിക്കണം ഈ ധ്യാനാത്മക പ്രാർത്ഥനയുടെ ആരംഭം. ആൽബിജെൻസിയൻ പാഷണ്ഡതയെ എങ്ങനെ പ്രതിരോധിക്കും എന്ന ആകുലതയുമായി ആ വിശുദ്ധൻ മുട്ടിൽ നിന്ന് പ്രാർത്ഥിക്കുമ്പോഴായിരുന്നു 1206ൽ ദർശനം ഉണ്ടായത്. പിന്നീട് അതേ നൂറ്റാണ്ടിൽ നടന്ന യുദ്ധത്തിൽ പാഷണ്ഡികൾക്കുണ്ടായ കനത്ത തോൽവി ജപമാലയുടെ ശക്തിയായി വിലയിരുത്തപ്പെടുന്നു.
ലെപ്പൻ്റോ യുദ്ധത്തിന് ശേഷം 450 വർഷങ്ങൾക്കിപ്പുറം, ആധുനികകാലത്തെ യുദ്ധോപകരണങ്ങൾക്കെല്ലാം മാറ്റം വന്നു. എന്നാൽ ജപമാല ഇപ്പോഴും അന്തിമ വിജയം നേടുന്നതിനുള്ള ആത്മീയ ആയുധമായി ശക്തമായ രീതിയിൽ നിലകൊള്ളുന്നു, പക്ഷേ വിശ്വാസികൾ അതിന്റെ ശക്തി പ്രയോജനപ്പെടുത്തുമെങ്കിൽ മാത്രം. ലൂർദ്ദിലും ഫാത്തിമയിലുമൊക്കെ പരിശുദ്ധ അമ്മ, കുട്ടികൾക്ക് മുൻപിൽ ജപമാലയുമായാണ് പ്രത്യക്ഷപ്പെട്ടത്. അതിലൂടെ അവരോടും അവരിലൂടെ ലോകത്തോടും അവൾ വ്യക്തമാക്കിയത്, ലോകത്തെ ദൈവത്തിങ്കലേക്ക് തിരിച്ചു കൊണ്ടുവരാനും സമാധാനം പുനസ്ഥാപിക്കാനും, ഭക്തിപൂർവ്വം ഒത്തൊരുമിച്ചു പതിവായി ചെയ്യുന്ന ജപമാലയർപ്പണത്തിന് സാധിക്കുമെന്നുള്ളതാണ്.