ഒക്‌ടോബർ 21 – ഔർ ലേഡി ഓഫ് ടാലന്റ്, ഡീഷോൺ, ഫ്രാൻസ്
പന്ത്രണ്ടാം നൂറ്റാണ്ട് വരെ ഫ്രാൻസിലെ ‘മോൺസ് ഡി ടാലന്റ്’, ഡീഷോണിൻ്റെ കവാടങ്ങളിൽ സ്ഥിതിചെയ്യുന്നതും സാൻ ബെനിഞ്ഞേ ആശ്രമത്തിന്റെ എസ്റ്റേറ്റിൽ ഉൾപ്പെടുന്നതുമായ പൂർണ്ണമായും ജനവാസമില്ലാത്ത ഒരു സ്ഥലമായിരുന്നു. ചിലർ ശപിക്കപ്പെട്ടതായി കണക്കാക്കി ആ സ്ഥലത്തെ അകറ്റി നിറുത്തുകയും പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തു. കൂടുതൽ ഭാവനയുള്ള ചിലർ ആ സ്ഥലത്ത് പ്രേതബാധ ഉണ്ടെന്നും പറഞ്ഞ് പോന്നു.
1208-ൽ, ബർഗണ്ടിയിലെ പ്രഭു യൂഡ്സ് മൂന്നാമൻ, ഡീഷോണിൽ തനിക്കുള്ള കൊട്ടാരത്തേക്കാൾ സുരക്ഷിതമായ ഒരു സ്ഥലം ഉണ്ടാക്കാനായി ടാലൻ്റ് കോട്ടയുടെ നിർമ്മാണം ഏറ്റെടുത്തു. അദ്ദേഹം കോട്ടയുടെ വടക്ക് ഒരു പുതിയ ഉറപ്പുള്ള നഗരം സ്ഥാപിച്ചു, കൂടാതെ സാൻ ബെനിഞ്ഞേയിലെ കുറച്ചു സന്യാസിമാർക്ക് വേണ്ടി ഒരു ആശ്രമവും. മറ്റ് പണികളുടെ ഒപ്പം പണിയാൻ ആരംഭിച്ച ദൈവാലയം, ഡച്ചി ഓഫ് ബർഗണ്ടിയിലെ ആദ്യകാല ഗോഥിക് പള്ളികളിൽ ഒന്നായിരുന്നു.
ടാലന്റിലെ മാതാവ് :
നഗരത്തിനു ചുറ്റുമായി പൂർത്തീകരിച്ച ആവൃതിയ്ക്ക്, 1110 മീറ്റർ നീളവും ചുറ്റും 33 കോട്ടകളും ഉണ്ടായിരുന്നു. യൂഡ്സ് മൂന്നാമൻ പ്രഭു, യജമാനന്മാരുടെ ക്രൂര പെരുമാറ്റം സഹിക്കാനാവാതെ ഓടിപ്പോയിരുന്ന എല്ലാ അടിമകളേയും പ്രത്യേകമായി അങ്ങോട്ടേക്ക് സ്വാഗതം ചെയ്തു. സ്വാതന്ത്ര്യം ഉള്ളതുകൊണ്ടും തടസ്സങ്ങളൊന്നും ഇല്ലാതെ പണി ചെയ്യാം എന്നതുകൊണ്ടും ധാരാളം കർഷകർ കൂട്ടത്തോടെ എത്തിത്തുടങ്ങി. 1216-ൽ, പ്രഭു നികുതിയിൽ നിന്നും സൈനിക സേവനത്തിൽ നിന്നും പ്രദേശവാസികളെ ഒഴിവാക്കി വിളംബരം ചെയ്തുകൊണ്ട് സ്വയംഭരണത്തിനുള്ള അവകാശം അവർക്ക് നൽകി.
അനേകം ആളുകൾ ടാലൻ്റിലേക്ക് ആകർഷിക്കപ്പെട്ടു, ദൈവാലയം വലുതാക്കേണ്ടത് ആവശ്യമായി വന്നു. ഒരു മണിമാളികയും ചേർത്തു, പക്ഷേ അധികഭാരം വളരെ കൂടിപ്പോയതിനാൽ ഭിത്തി പുറത്തേക്ക് കുനിഞ്ഞു തുടങ്ങി. 15-ആം നൂറ്റാണ്ടിൽ പ്രശ്നം പരിഹരിക്കുന്നതിനായി പുറത്തുനിന്ന് ഉപഭിത്തികൾ പണിതുചേർത്തു.
1396-ൽ കുരിശുയുദ്ധത്തിൽ നിന്ന് മടങ്ങിയെത്തിയ ഫിലിപ്പ് ദി ബോൾഡിൻ്റെ മൂത്ത മകൻ ജോൺ ദി ഫിയർലെസ്, ‘വിശുദ്ധ ലൂക്കായുടെ കന്യക’ എന്ന രൂപം ഒരു ട്രോഫിയായി കൊണ്ടുവന്നു ടാലൻ്റിന് സമർപ്പിച്ചു. കന്യകയുടെ പ്രതിമ ദൈവാലയത്തിൽ വണക്കത്തിനായി വച്ചു, 1443-ൽ ലാംഗ്രെസിലെ ബിഷപ്പ്, ചാൾസ് ഡി പോച്ചിയെ, ദൈവാലയം ദൈവമാതാവിന് സമർപ്പിച്ചു.
എട്ടാം മതയുദ്ധസമയത്ത്, 1585-ൽ, ഗൈസിൻ്റെ പക്ഷക്കാർ തന്ത്രപരമായി കോട്ട പിടിച്ചെടുത്തു. 1598-ൽ രാജാവിൻ്റെ കൈകളിലേക്ക് മടങ്ങിയ ശേഷം, കോട്ടയും നഗരത്തിൻ്റെ കൊത്തളങ്ങളും പൊളിക്കാൻ തീരുമാനിച്ചു. 6 മാസം കൊണ്ട് പണി തീരുകയും ടാലൻ്റ് ഒരു സാധാരണ ഗ്രാമത്തിൻ്റെ അവസ്ഥയിലേക്ക് ചുരുങ്ങുകയും ചെയ്തു. എന്നിരുന്നാലും, നോട്രഡാമിലെ ദൈവാലയം അവശേഷിച്ചു, 1908 ജൂലൈ 20 മുതൽ അതിനെ ഒരു ചരിത്ര സ്മാരകമായി കണക്കാക്കുന്നു.വിശുദ്ധ ലൂക്കായുടെ, പരിശുദ്ധ കന്യകയുടെ പ്രതിമ ഇപ്പോഴും അവിടെ കാണാം.