ഒക്ടോബർ 26 – ഔർ ലേഡി ഓഫ് വിക്ടറി(വിജയ മാതാവ്), സെൻലിസ്, ഫ്രാൻസ് (1225).
ആശ്രമാധിപതി ഓർസിനി എഴുതി:
“1225-ൽ, സെൻലിസിനടുത്തുള്ള വിജയ മാതാവിന്റെ സമർപ്പണം, അത് നടത്തിയത് സെൻലിസിലെ ബിഷപ്പും ഫ്രാൻസിൻ്റെ ചാൻസലറുമായ ഗ്വരിൻ ആണ്. 1214-ൽ ബോവിൻസിൽ, ഓത്തോ നാലാമൻ ചക്രവർത്തിയുമായി നടന്ന യുദ്ധത്തിൽ നേടിയ വിജയത്തിന് നന്ദിസൂചകമായാണ് ഫിലിപ്പ് അഗസ്റ്റസ് രാജാവ് ഈ ആശ്രമം നിർമ്മിച്ചത്”.
1214 ജൂലൈ 27 നാണ് ബോവിൻസ് യുദ്ധം നടന്നത്, അത്ര പ്രസിദ്ധമായ ഒരു യുദ്ധമായി അധികം ഓർമ്മിക്കപ്പെടുന്നില്ലെങ്കിലും, അതിൻ്റെ അനന്തരഫലം ലോകത്തെ മാറ്റിമറിച്ചിരുന്നു. മദ്ധ്യകാലഘട്ടത്തിൽ നടന്ന പ്രധാന യുദ്ധങ്ങളിലൊന്നായ ഇതിൽ നിരവധി യൂറോപ്യൻ രാജ്യങ്ങൾ എതിരാളികളായി ഒരു വശത്ത് അല്ലെങ്കിൽ മറ്റൊന്നിൽ അണിനിരന്നിരുന്നു.
റിച്ചാർഡ് രാജാവിൻ്റെ മരണത്തിന് ശേഷം, അദ്ദേഹത്തിൻ്റെ സഹോദരനായിരുന്ന ജോൺ, ഇംഗ്ലണ്ടിനൊപ്പം നോർമണ്ടിക്കും മേൽ അവകാശവാദമുന്നയിച്ചു. പക്ഷേ അവകാശി ആകേണ്ടിയിരുന്നത്, ആളുടെ അനന്തരവനായ ആർതർ എന്ന ആൺകുട്ടിയായിരുന്നു. അവനാണ് അവകാശിയാകാൻ പോകുന്നത് എന്ന് കണ്ട ജോൺ ഒരുപക്ഷേ ആർതറിനെ ശരിപ്പെടുത്തി കാണണം. നോർമണ്ടിയിലെ പ്രഭു താനാണെന്ന് ജോൺ സ്വയം അവകാശപ്പെടുന്നതായി കേട്ടപ്പോൾ ഫിലിപ്പ് അഗസ്റ്റസ് രാജാവ് അനന്തരവന്റെ കാര്യം അന്വേഷിക്കാനായി അവനെ വിളിപ്പിച്ചു. ജോൺ വിസമ്മതിച്ചപ്പോൾ, ഫിലിപ്പ് രാജാവ് നോർമണ്ടി ഭരിക്കാനുള്ള അവന്റെ അവകാശം എടുത്തുകളഞ്ഞു. അനുസരിക്കുന്നതിന് പകരം, ജോൺ ജർമ്മൻ ചക്രവർത്തിയും മറ്റ് പ്രഭുക്കളുമായി ചേർന്ന് തുറന്ന കലാപത്തിനൊരുമ്പെടുകയാണുണ്ടായത്.
യുദ്ധത്തിന് തൊട്ടുമുമ്പ്, ഫിലിപ്പ് രാജാവ് തൻ്റെ സൈന്യത്തോടൊപ്പം വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. രാജാവിന്റെ സൈന്യത്തിൽ ഏകദേശം 15,000 പേർ ഉണ്ടായിരുന്നിരിക്കാം, അതേസമയം അദ്ദേഹത്തിനെതിരെ അണിനിരന്നിരുന്ന സഖ്യസേന അതിൻ്റെ ഇരട്ടിയായിരുന്നു. തൻ്റെ കൂടെയുള്ളവർ, വരാൻ പോകുന്ന യുദ്ധത്തെക്കുറിച്ച് ഉത്കണ്ഠാകുലരാണെന്ന് മനസ്സിലാക്കി, ഫിലിപ്പ് രാജാവ് തൻ്റെ കിരീടം ഊരി അൾത്താരയിൽ വെച്ചുകൊണ്ട് പറഞ്ഞു: “ഈ കിരീടം ധരിക്കാൻ എന്നെക്കാൾ യോഗ്യതയുണ്ടെന്ന് ഇവിടെ ആരെങ്കിലും കരുതുന്നുവെങ്കിൽ, ഇത് എടുക്കാൻ അവർക്ക് മുന്നോട്ട് വരാം”. ഫിലിപ്പ് രാജാവിന്റെ ആളുകൾ ഉറക്കെ തങ്ങളുടെ രാജാവിലുള്ള വിശ്വാസം ഏറ്റുപറയുകയും ആവേശത്തോടെ യുദ്ധത്തിന് പോകുകയും ചെയ്തു.
യുദ്ധം വാശിയേറിയതായിരുന്നു, ജർമ്മനിയിലെ ഫിലിപ്പ് രാജാവിന്റെയും ഓത്തോ നാലാമന്റെയും കീഴിലെ നിരവധി കുതിരകൾ കൊല്ലപ്പെട്ടു. ഒരു ഘട്ടത്തിൽ ഫിലിപ്പ് രാജാവിന് കുതിരയില്ലാതായപ്പോൾ ഫ്ലെമിഷ് കുന്തപടയാളികൾ അദ്ദേഹത്തെ വളഞ്ഞു. അദ്ദേഹം ധരിച്ചിരുന്ന മികച്ച ലോഹപടച്ചട്ട കാരണമാണ് അദ്ദേഹത്തിന് ജീവൻ രക്ഷിക്കാനായതെന്ന് തോന്നി, എന്നാൽ പിന്നീട് നടന്ന സംഭവങ്ങൾ അത് പരിശുദ്ധ കന്യകാമറിയത്തിൻ്റെ ഇടപെടൽ മൂലമാണെന്ന് തെളിയിച്ചു.
ഫിലിപ്പ് രാജാവ് ഫ്ലാൻഡേഴ്‌സിലെ പ്രഭുവിനെ പിടികൂടി, ഇരുമ്പ് കൂട്ടിലെ വളർത്തുമൃഗത്തെപ്പോലെ തൻ്റെ പ്രഭുക്കന്മാർക്ക് അവനെ പ്രദർശിപ്പിക്കാൻ ഫ്രാൻസിലേക്ക് കൊണ്ടുപോയി. ബ്രിട്ടണിയുടെയും നോർമണ്ടിയുടെയും മേൽ ഇംഗ്ലണ്ടിലെ രാജാവ് ഉന്നയിച്ച അവകാശവാദങ്ങൾ അവസാനിപ്പിക്കുക എന്നതിലുപരി, ആ വിജയം ഇംഗ്ലണ്ടിന്റെ ഏകാധിപത്യത്തെ ദുർബലപ്പെടുത്തുവാനും ഫ്രാൻസിലെ രാജവാഴ്ചയെ ശക്തിപ്പെടുത്താനും സഹായിച്ചു. ജോൺ രാജാവ് ഇംഗ്ലണ്ടിലേക്ക് മടങ്ങിയപ്പോൾ, അദ്ദേഹത്തിൻ്റെ സ്ഥിതി വളരെ പരുങ്ങലിൽ ആയിത്തീർന്നിരുന്നതുകൊണ്ട് മാഗ്നാകാർട്ടയിൽ ഒപ്പിടാൻ അദ്ദേഹം നിർബന്ധിതനായി. അത് രാജാവിന് പ്രജകളുടെ മേലുള്ള അധികാരത്തെ വളരെയധികം പരിമിതപ്പെടുത്തി. ജർമ്മനിയിലെ ഓത്തോ നാലാമൻ സ്വന്തം ദേശത്തേക്ക് മടങ്ങിയ ഉടൻ പുറത്താക്കപ്പെട്ടു.
തൻ്റെ അത്ഭുതവിജയത്തിന് നന്ദിസൂചകമായി, ദൈവമാതാവിന് ആദരവും ഉപകാരസ്മരണയും അർപ്പിക്കുന്നതിനായി, ഫിലിപ്പ് അഗസ്റ്റസ് രാജാവ് സെൻലിസിനും ബിഷപ്പ് മൗണ്ടിനും ഇടയിലായി ദൈവാലയം സ്ഥാപിച്ചു.