ഫാ. ജോഷി മയ്യാറ്റിൽ
ഇന്ത്യയിൽ 1978 വരെ ഭൂമിയുടെ അവകാശം ഭരണഘടനാപരമായി ഒരു മൗലികാവകാശമായി കണക്കാക്കപ്പെട്ടിരുന്നു. 1978ൽ ഭരണഘടനയുടെ 44-ാമതു ഭേദഗതിയിലൂടെ ആ അവകാശം നിർത്തലാക്കുകയും പകരം ആർട്ടിക്കിൾ 300A കൊണ്ടുവരികയും ചെയ്തു. അതിൻ പ്രകാരം ഒരു സിവിൽ കോടതിയുടെ (authority of law) വിധിതീർപ്പിലൂടെയല്ലാതെ ഭൂമിയുടെ അവകാശം ഒരു പൗരനും നഷ്ടപ്പെടില്ല. കൂടാതെ, സർക്കാർ ഒരാളുടെ വസ്തു ഏറ്റെടുത്താൽ അർഹമായ പ്രതിഫലവും നൽകേണ്ടതാണ്.
എന്നാൽ, പാർലമെന്റിന് ഭരണഘടന നൽകുന്ന അധികാരമുപയോഗിച്ച് 1995ൽ പാസ്സാക്കപ്പെട്ട വഖഫ് ആക്ടിലൂടെ നിലവിൽ വന്നതും ഒരു സ്റ്റാറ്റ്യൂട്ടറി ബോഡി മാത്രവുമായ വഖഫ് ബോർഡ് ഏകപക്ഷീയമായി ഒരു തീരുമാനമെടുത്താൽ ഏതൊരു പൗരനും തന്റെ ഭൂമിയുടെ അവകാശം എന്നെന്നേക്കുമായി നഷ്ടപ്പെടും, അതും 5 പൈസയുടെ പോലും പ്രതിഫലമില്ലാതെ! ആർക്കും കോടതിയിൽ പോകാനും കഴിയില്ല!
സാധാരണ സിവിൽ കോടതികളിൽ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലേ കോടതിക്ക് ഒരു തീരുമാനം എടുക്കാൻ കഴിയൂ. ഒരു സിവിൽ കോടതിയുടെ ഉത്തരവിലൂടെയല്ലാതെ ഒരു പൗരനും ഭൂമി നഷ്ടപ്പെടില്ല. എന്നാൽ, ഒരു സ്റ്റാറ്റ്യൂട്ടറി ബോഡി മാത്രമായ വഖഫ് ബോർഡിന് വിശ്വസിക്കാൻ കാരണമുണ്ടെന്ന് തോന്നിയാൽ മാത്രം മതി, ഒരു രേഖയുടെയും ആവശ്യമില്ലാതെ, ഉടമസ്ഥർക്ക് ഒരു നോട്ടീസുപോലും നല്കാതെതന്നെ വില്ലേജ്-താലൂക്ക് ഓഫീസുകളിലെ രേഖകളിൽ ആ സ്ഥലങ്ങളുടെ അവകാശി വഖഫ് ബോർഡ് ആണെന്ന് എഴുതിച്ചേർക്കാൻ 1995 ലെ ആക്ട് അനുവാദം നല്കിയിരിക്കുന്നു (വകുപ്പ്. 40). ചുരുക്കിപ്പറഞ്ഞാൽ, ഭരണഘടനാവിരുദ്ധമായ മേൽപ്പറഞ്ഞ വകുപ്പ് പ്രകാരം വഖഫ് ബോർഡ് ഒരു അപ്രഖ്യാപിത സൂപ്പർ സുപ്രീം കോടതിയായി വിലസുന്നു. മുനമ്പംനിവാസികളുടെ അനുഭവത്തിൽ അത് എങ്ങനെയാണെന്ന് നോക്കാം.
കോടതി വിധി vs വഖഫ് വിധി
1960-70കളിൽ ചെറായി മുനമ്പം പ്രദേശവാസികളും ഫാറൂഖ് കോളേജും തമ്മിലുണ്ടായ വ്യവഹാരത്തിൽ, സിദ്ധിക് സേട്ട് ഒരു രജിസ്റ്റേർഡ് ഗിഫ്റ്റ് ഡീഡ് പ്രകാരം 1.11.1950-ൽ ഫാറൂഖ് കോളേജിനു നൽകിയ സ്ഥലം ഫാറൂഖ് കോളേജിന്റെ മാത്രം സ്വകാര്യ സ്വത്താണെന്ന് 1975 സെപ്തംബർ 30 ാം തീയതി ബഹു. കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ച് (AS 600/71) അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ആ വിധി ഇന്നും നിലനിൽക്കുന്നു. ആ വിധി അസ്ഥിരപ്പെടുത്താൻ ബഹു. സുപ്രീം കോടതിക്കു മാത്രമാണ് നിലവിലുള്ള നിയമപ്രകാരം സാധിക്കുമായിരുന്നത് (ഇനി അതും സാധ്യമല്ല) എന്നിരിക്കെ വെറുമൊരു സ്റ്റാറ്റ്യൂട്ടറി ബോഡി മാത്രമായ വഖഫ് ബോർഡ് 2019 മുതൽ ഒരു അപ്രഖ്യാപിത സുപ്രീം കോടതിയായി ചമഞ്ഞ് ഹൈക്കോടതി വിധിയെ കാറ്റിൽ പറത്തിക്കൊണ്ട് അതേ സ്ഥലം തങ്ങളുടേതാണെന്ന് പ്രഖ്യാപിച്ച് സ്വന്തമാക്കി. ഒരു കോടതിയലക്ഷ്യം കൂടിയായ ഈ നടപടി ഇന്ത്യൻ ഭരണഘടനയെയും ഇന്ത്യൻ ജുഡിഷ്യറിയെയും നോക്കുകുത്തിയാക്കുന്ന ഏർപ്പാടല്ലാതെ മറ്റെന്താണ്?