നവംബർ 4 – ഔർ ലേഡി ഓഫ് പോർട്ട് ലൂയിസ്, മിലാൻ, ഇറ്റലി
ആബട്ട് (മഠാധിപതി) മാത്യു ഓർസിനിയുടെ വാക്കുകളിൽ: “ഈ ചിത്രത്തെ ഒരു ദിവസം രണ്ട് മാലാഖമാർ വണങ്ങുന്നത്, അതിന്റെ മുമ്പിലായി അവർ മുട്ടുമടക്കി നിൽക്കുന്നത്, നിരവധി ആളുകൾ കണ്ടു എന്ന് പാരമ്പര്യം പറയുന്നു. ദൈവമാതാവിനോടുള്ള ഭക്തി ഇതിനാൽ ഉജ്ജ്വലിക്കുകയും ദൈവാലയത്തിലേക്ക് തീർത്ഥാടനങ്ങളുടെ നിര തന്നെ ഉണ്ടാവുകയും ചെയ്തു. അന്നും ഇന്നും മറിയത്തിന്റെ മദ്ധ്യസ്ഥതയിലൂടെ ധാരാളം അത്ഭുതങ്ങൾ നടന്നുകൊണ്ടേയിരിക്കുന്നു.
മിലാനിൽ സെയ്ൻ്റ് ലൂയിസിന്റെ നാമധേയത്തിൽ പള്ളികൾ ഇല്ല. കലണ്ടറിൽ ഇങ്ങനെ ഒരു മരിയൻ തിരുന്നാൾ ദിനം വന്നതെങ്ങനെ എന്നതിന് രേഖകൾ ലഭ്യമല്ല.
പരിശുദ്ധ കന്യകാമറിയം, ധന്യയായ അഗ്രേഡയിലെ മേരിയോട് ( മേരി ഓഫ് അഗ്രേഡ) ഇങ്ങനെ പറഞ്ഞു:
“എൻ്റെ മകളേ, എനിക്ക് മനുഷ്യരോട് ഉണ്ടായിരുന്നതും ഇപ്പോഴും ഉള്ളതുമായ സ്നേഹത്തിൻ്റെ രഹസ്യത്തിലേക്ക് നുഴഞ്ഞു കയറാൻ ഈ ജീവിതത്തിൽ നിനക്ക് കഴിയില്ലെങ്കിലും, നീ മനസ്സിലാക്കിയതിനു പുറമെ കൂടുതൽ അറിയാനായി, എനിക്ക് കർത്താവ് എങ്ങനെ സഭയുടെ മാതാവ്, ഗുരുനാഥ എന്നീ പദവികൾ നൽകിയെന്നത് നീ വീണ്ടും വിചിന്തനം ചെയ്യണ മെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതിനോടൊപ്പം അവിടുന്ന് ആദത്തിൻ്റെ മക്കളോടുള്ള അനുകമ്പയുടെയും കാരുണ്യത്തിന്റെയും അവർണ്ണനീയമായ പങ്കുചേരലും എൻ്റെ ആത്മാവിലേക്ക് സന്നിവേശിപ്പിച്ചു. ഞാനൊരു സൃഷ്ടി മാത്രം ആയതുകൊണ്ടും ആ അനുഗ്രഹം അളക്കാനാവാത്തത്ര വലുതായത് കൊണ്ടും, ദൈവിക ശക്തി എന്നെ അത്ഭുതകരമായി താങ്ങിയിരുന്നില്ലെങ്കിൽ, അതിന്റെ ഫലം ജീവിതത്തിന്റെ പല ഘട്ടങ്ങളിലും എന്നെ ഇല്ലായ്മ ചെയ്തേനെ. ആത്മാക്കൾ സഭയിലേക്ക് സ്വീകരിക്കപ്പെടുമ്പോഴും നിത്യമഹത്വത്തിൽ പങ്കാളികളാകുമ്പോഴും, ആ ഫലങ്ങൾ ഞാൻ പലപ്പോഴും എന്റെ കൃതജ്ഞതയിൽ അനുഭവിച്ചറിഞ്ഞിരുന്നു; കാരണം ആ സന്തോഷത്തെ പൂർണ്ണമായി അറിയാനും അതിന്റെ ആഴം എത്രയെന്ന് അളക്കാനും എനിക്കേ കഴിയൂ. ആ അറിവ് മൂലം,വലിയ തീക്ഷ്ണതയോടെയും അഗാധമായ എളിമയോടെയും ഞാൻ സർവ്വശക്തനായവന് കൃതജ്ഞത അർപ്പിച്ചു.
പക്ഷേ ഏറ്റവും ആഴത്തിൽ അതെന്നെ ബാധിച്ച സന്ദർഭങ്ങൾ, പാപികളുടെ മാനസാന്തരത്തിനായി ഞാൻ ആവശ്യപ്പെട്ട, വിശ്വാസികളിൽ ആരെങ്കിലും നിത്യനാശത്തിലേക്ക് വീണിരുന്ന സന്ദർഭങ്ങളായിരുന്നു. അപ്പോഴും അതുപോലുള്ള മറ്റ് സമയങ്ങളിലും, എൻ്റെ സന്തോഷത്തിന്റെ അങ്ങേയറ്റം വിപരീതമായി ഞാൻ അനുഭവിച്ചറിഞ്ഞത്, രക്തസാക്ഷികൾ അനുഭവിച്ച ഏറ്റവും കഠിനപീഡയിലും കൂടുതലായിരുന്നു. ഓരോ ആത്മാവിന് വേണ്ടിയും അത്രമേൽ അധികമായ, അമാനുഷികമായ ശക്തി ഞാൻ എന്റെ മേൽ പ്രയോഗിക്കേണ്ടി വന്നു. ഇതിനെല്ലാം ആദത്തിന്റെ മക്കൾ എന്നോടു കടപ്പെട്ടിരിക്കുന്നു, കാരണം എന്റെ ജീവിതം തന്നെയാണ് ഞാൻ അവർക്കുവേണ്ടി പലപ്പോഴും അർപ്പിക്കേണ്ടി വന്നത്. ഇപ്പോൾ അവർക്കായി അത് അർപ്പിക്കാൻ കഴിയുന്ന അവസ്ഥയിൽ അല്ല ഞാനെങ്കിലും, അവരുടെ നിത്യരക്ഷ കാംക്ഷിക്കുന്ന എൻ്റെ സ്നേഹം കുറയുന്നില്ല, മറിച്ച് കൂടുതൽ ഔന്നത്യമേറിയതും പരിപൂർണ്ണവുമാണ്”.
ധന്യയായ അഗ്രേഡയിലെ മേരിയുടെ ദ് സിറ്റി ഓഫ് ഗോഡ് ൽ നിന്ന്.