നവംബർ 6 – ഔർ ലേഡി ഓഫ് ഗുഡ് റെമഡീസ് (നല്ല പ്രതിവിധികളുടെ / പരിഹാരത്തിന്റെ മാതാവ് )
1519-ൽ മെക്സിക്കോ കീഴടക്കാനായി വന്നപ്പോൾ, ഹെർനാൻ കോർട്ടസ് പരിശുദ്ധ അമ്മയുടെ ഒരു ചെറിയ രൂപം കൂടി കൊണ്ടുവന്നു. ചക്രവർത്തിയായിരുന്ന മൊണ്ടെസുമയുടെ കൊട്ടാരത്തിലെ, ഒരു മുറിയിൽ താൽക്കാലിക ചാപ്പലിൽ രൂപം സ്ഥാപിച്ച്, അവിടെ സ്പാനിഷ് ഉദ്യോഗസ്ഥർ പ്രാർത്ഥനകൾ നടത്തി. സ്പാനിഷ് പോരാളികളും ആസ്ടെക്കുകാരും തമ്മിൽ പൊരിഞ്ഞ യുദ്ധം നടന്ന ഭയാനക രാത്രിയിൽ, കൊട്ടാരത്തിന് പുറത്തേക്ക് രക്ഷപ്പെടുന്നതിനിടയിൽ ഒരു സ്പാനിഷ് ഒരു ഉദ്യോഗസ്ഥൻ പരിശുദ്ധ അമ്മയുടെ രൂപത്തെ കൂടി കയ്യിലെടുത്തു. അധികം ദൂരം പോകുന്നതിന് മുൻപ് ആസ്‌ടെക് അമ്പുകൾ അയാളെ താഴെ വീഴ്ത്തി. ഒരു മാഗൈ മരത്തിൻ്റെ ( ആനക്കൈത) ചുവട്ടിൽ വച്ച് അയാൾ മരിച്ചപ്പോൾ, ഒന്നുകിൽ അതിന്റെ വേരുകൾക്കിടയിലേക്ക് രൂപത്തെ തള്ളിയിരിക്കാം, അല്ലെങ്കിൽ അവിടേക്ക് വീണതായിരിക്കാം. എന്തായാലും അത് ആസ്ട്ടെക്കുകളുടെ കണ്ണിൽ പെടാതെ അവിടെ കിടന്നു.
ഏകദേശം ഇരുപത് വർഷങ്ങൾക്ക് ശേഷം, പ്രിൻസ് ജോൺ ദി ഈഗിൾ എന്ന് പേരുള്ള, കത്തോലിക്കനായി മാറിയിരുന്ന ഒരു ആസ്ടെക്ക്, ആ മരത്തിന് സമീപത്തുകൂടെ നടക്കുമ്പോൾ മധുരമുള്ള ഒരു ശബ്ദം അവനെ വിളിക്കുന്നതായി കേട്ടു. എന്താണ് കാര്യമെന്ന് മനസ്സിലാകാതെ ജോൺ അവിടെ അടുത്ത് മിഷനിലുണ്ടായിരുന്ന ഫ്രാൻസിസ്കൻ സഹോദരങ്ങളുടെ അടുത്ത് പോയി അതേപ്പറ്റി പറഞ്ഞു. അവന്റെ ഭാവനാസൃഷ്ടി ആകും അതെന്നാണ് അവർ പറഞ്ഞത്. കുറച്ചു ദിവസങ്ങൾക്ക് ശേഷം ജോൺ വലിയൊരു അപകടത്തിൽ പെട്ടു, നിർമ്മാണത്തിലിരിക്കുന്ന പള്ളിയുടെ വലിയ തൂൺ അവന്റെ മേൽ വീണു. ആകെ ചതഞ്ഞു ഗുരുതരാവസ്ഥയിൽ ആയ ജോണിന് അന്ത്യകൂദാശ നൽകി. മരിക്കുമെന്ന് കരുതിയിരുന്ന രാത്രിയിലും, അന്ന് കേട്ട മധുരമായ ശബ്ദം അവന്റെ ഓർമ്മയിൽ വന്നു. തന്നെ സഹായിക്കാൻ അവൻ പരിശുദ്ധ അമ്മയോട് പ്രാർത്ഥിച്ചു കിടന്നു.
അതിരാവിലെ പരിശുദ്ധ അമ്മ അവന് പ്രത്യക്ഷപ്പെട്ടു, അമ്മ കൊടുത്ത വസ്ത്രം ധരിച്ചു കിടന്ന ജോണിന്റെ അസുഖം മാറി. ഏതാനും ദിവസങ്ങൾക്കുശേഷം അവൻ വീണ്ടും ആ മരത്തിനു അരികെക്കൂടി നടന്നു. മധുരമായ ആ ശബ്ദം വീണ്ടും കേട്ടു. കൗതുകത്തോടെ, അവൻ മരത്തിൻ്റെ വേരുകൾക്ക് ചുറ്റും ശ്രദ്ധയോടെ പരതി; പകുതി മണലിൽ കുഴിച്ചിട്ട പോലെ കിടക്കുന്ന, മാതാവിൻ്റെ ചെറിയ രൂപം ജോൺ കണ്ടെത്തി.
മതം മാറി കത്തോലിക്കനായ ആ ആസ്‌ടെക്, തന്നെ കൊണ്ട് സാധിക്കുന്ന എന്തെങ്കിലും ചെയ്യണമെന്ന് കരുതി. “കൃപയുള്ള സ്ത്രീയെ, എന്നോടൊപ്പം വീട്ടിലേക്ക് വരൂ”, അവൻ പറഞ്ഞു, “നിനക്ക് നല്ലൊരു വീടും സംരക്ഷണവും ഞാൻ ഉറപ്പ് വരുത്തും”. അവൻ തൻ്റെ തൊപ്പിയിൽ പൊതിഞ്ഞു ചെറിയ രൂപത്തെ വീട്ടിലേക്ക് കൊണ്ടുവന്ന്, ഒരു പരുക്കൻ അൾത്താരയിൽ സ്ഥാപിച്ചു.
ആ എളിയ ഭവനത്തിൽ പരിശുദ്ധ കന്യക പത്തോ പന്ത്രണ്ടോ വർഷത്തോളം രാജ്ഞിയായി വാണു. ജോൺ തന്റെ കുഞ്ഞു ദേവാലയത്തിൽ പൂക്കളും ഇടയ്ക്കിടെ പഴങ്ങളും മനോഹരമായ കല്ലുകളും കൊണ്ടുവെച്ചു. ക്രമേണ ആളുകൾ അവിടെ പ്രാർത്ഥിക്കാൻ വന്നുതുടങ്ങി, അവരുടെ എണ്ണം വർദ്ധിച്ചു, അങ്ങനെ അവർ രാവും പകലും കാൽനടയായി ആളുകൾ വന്നുകൊണ്ടിരുന്നു. ഒരു ചെറിയ ചാപ്പൽ പണിയാനുള്ള പ്രാദേശിക സ്കൂൾ മാസ്റ്ററുടെ നിർദ്ദേശം കണക്കിലെടുത്ത ജോൺ ഒരു ചാപ്പൽ പണിത്, നല്ല പരിഹാരങ്ങളുടെ മാതാവിനെ ( ഔർ ലേഡീ ഓഫ് ഗുഡ് റെമഡീസ് ) അവിടെ സിംഹാസനസ്ഥയാക്കി.
അടുത്ത ദിവസം ജോണിനെ പരിഭ്രാന്തനാക്കിക്കൊണ്ട്, മാതാവിന്റെ രൂപം അപ്രത്യക്ഷമായി. ഏകാകിയും ദുഃഖിതനുമായ ജോൺ, അവളെ ആദ്യം കണ്ടെത്തിയ മാഗൈ മരത്തിൻ്റെ അടുത്തേക്ക് പോയി, അതാ, അവൾ! അവൻ രൂപത്തെ പുതിയ ചാപ്പലിലേക്ക് തിരികെ കൊണ്ടുവന്ന് ശ്രദ്ധാപൂർവ്വം അലങ്കരിച്ചു വെച്ചു. പക്ഷേ ആ രാജ്യത്ത് മാരകമായി പടർന്നു പിടിച്ചിരുന്ന പനി ജോണിനും ബാധിച്ച സമയത്ത് രൂപം വീണ്ടും അപ്രത്യക്ഷമായി. ജോണിൻ്റെ ബന്ധുക്കൾ അദ്ദേഹത്തെ ഗ്വാഡലൂപ്പെ മാതാവിൻ്റെ അടുത്ത് എത്തിക്കാൻ തിടുക്കം കൂട്ടി. ഔർ ലേഡി ഓഫ് ഗുഡ് റെമഡീസിൻ്റെ ദേവാലയത്തിന് മുന്നിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി കിടക്കുമ്പോൾ, മുൻപത്തെ അതേ മധുരസ്വരം പറയുന്നത് അവൻ കേട്ടു: “എന്നെ നിന്റെ വീട്ടിൽ നിന്ന് പുറത്താക്കിയിട്ട് നീ എന്തിനാണ് എൻ്റെ വീട്ടിലേക്ക് വരുന്നത്?”
ജോൺ ക്ഷമാപണം നടത്തി, അവൾ തുടർന്നു, “നിന്റെ വീട്ടിൽ എന്നെ ആവശ്യമില്ലെങ്കിൽ, എന്തുകൊണ്ട് എന്നെ പഴയ മാഗൈ മരത്തിന്റെ അരികിലേക്ക് കൊണ്ടുപോയി, അവിടെ എനിക്കൊരു ചാപ്പൽ നിർമ്മിച്ചുകൂടാ?”
“അമ്മേ, നീ എന്നെ സുഖപ്പെടുത്തിയാൽ ഞാൻ തീർച്ചയായും അങ്ങനെ ചെയ്യും”, രോഗി വാഗ്ദാനം ചെയ്തു. ‘ഔർ ലേഡി ഓഫ് ഗുഡ് റെമഡീസ്’ അവനെ സുഖപ്പെടുത്തി. ജോൺ ചാപ്പൽ ആശ്രമമാക്കി രൂപാന്തരപ്പെടുത്തി ശിഷ്ടകാലം മുഴുവൻ അവിടെ ചിലവഴിക്കുകയും ചെയ്തു.
വർഷങ്ങൾ കുറേ കഴിഞ്ഞപ്പോൾ, ജോണിൻ്റെ മരണശേഷം, ദേവാലയം നശിപ്പിക്കപ്പെട്ടു. 1574ൽ സ്പാനിഷ് ഗവർണർ ആ ദൈവാലയത്തിന്റെ അവശിഷ്ടങ്ങൾ കാണാനിടയായി, അതിനു പിന്നിലുള്ള സംഭവങ്ങളും അറിഞ്ഞു. മാതാവിന്റെ രൂപം സ്ഥാപിക്കാനായി, മനോഹരമായ ഒരു പള്ളി പണിയാൻ അദ്ദേഹം ഉത്തരവിട്ടു.
ഒരിക്കൽ ഗോത്രവംശജർ പ്രക്ഷോഭമുണ്ടാക്കിയ കാലത്ത്, മറിയം അവർക്ക് അപകടകാരണമാണെന്ന് പറഞ്ഞ്, അവളുടെ രൂപത്തെ നാടുകടത്താനുള്ള ശ്രമമുണ്ടായി. ബഹളം അടങ്ങിയപ്പോൾ അവളെ ദൈവാലയത്തിൽ വീണ്ടും സ്ഥാപിച്ചു. ഔർ ലേഡി ഓഫ് ഗുഡ് റെമഡീസ് ( നല്ല പരിഹാരങ്ങളുടെ / പ്രതിവിധിയുടെ മാതാവ് ) എന്ന് മാത്രമല്ല, ദ് ലിറ്റിൽ ലേഡി ഓഫ് ദ് റെയ്ൻ എന്നും അവൾ വിളിക്കപ്പെടുന്നു, കാരണം വരണ്ട പ്രദേശങ്ങൾക്ക് അവൾ പരിഹാരമായി. മറ്റ് നഗരങ്ങൾ, വരണ്ടുണങ്ങിയ അവരുടെ വയലുകളിലൂടെ അവളുടെ രൂപം വഹിച്ചുകൊണ്ട് ഘോഷയാത്ര നടത്തുന്നതിനായി ഇടക്കൊക്കെ അവളെ ചോദിച്ചു വാങ്ങി. അവളുടെ സഹായം യാചിച്ച അവരെയൊന്നും അവൾ ഇന്നോളം നിരാശരാക്കിയിട്ടില്ല.