ലോകം ഹാലോവിന്‍ ആഘോഷങ്ങളുടെ പിന്നാലെ പോകുന്ന ഇക്കാലഘട്ടത്തില്‍ അത്തരം ആഘോഷങ്ങള്‍ക്ക് മറുമരുന്നായി എക്‌സിറ്റര്‍ സെന്റ് ജയിംസ്മിഷന്‍ ഒരുക്കിയ ഓള്‍ സെയ്ന്റ്‌സ് ആഘോഷം ശ്രദ്ധേയമായി. വളര്‍ന്നുവരുന്ന തലമുറയ്ക്ക് യഥാര്‍ത്ഥ ഹാലോവിന്‍ ആഘോഷങ്ങളുടെ പൊരുള്‍് തിരിച്ചറിയാനും സത്യവിശ്വാസത്തിന്റെയും കത്തോലിക്കാവിശ്വാസപാരമ്പര്യങ്ങളുടെയും വേരുകളിലേക്ക് മടങ്ങാനും ഏറെ സഹായകരമായിരുന്നു ഈ ദൃശ്യവിരുന്ന്.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ എക്‌സിറ്റര്‍ സെന്റ് ജെയിംസ് പ്രൊപ്പോസ്ഡ് മിഷന്റെ ആഭിമുഖ്യത്തില്‍ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അമ്പതോളം പേരാണ് കത്തോലിക്കാസഭയിലെ വിശുദ്ധരുടെയും മാലാഖമാരുടെയും വേഷം ധരിച്ചു ഓള്‍ സെയ്ന്റ്‌സ് ഡേ ആഘോഷങ്ങള്‍ക്ക് മിഴിവും മികവുമേകിയത്. വികാരി ഫാ. രാജേഷ് ആനത്തിലിന്റെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും പ്രോത്സാഹനവും പിന്തുണയും ഇതിനു പിന്നില്‍ ഏറെയുണ്ടായിരുന്നു.
വരുംവര്‍ഷങ്ങളില്‍ സണ്‍ഡേസ്‌കൂളിലെ മുഴുവന്‍ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തി ഓള്‍ സെയ്ന്റ് ഡേ കൂടുതല്‍ മികച്ചതാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് ഇപ്പോള്‍തന്നെ തുടക്കം കുറിക്കണമെന്ന് ഫാ. രാജേഷ് മാതാപിതാക്കളെയും അധ്യാപകരെയും ഓര്‍മ്മിപ്പിച്ചു. ഇത്തവണത്തെ ക്രിസ്തുമസിനു തിരുപ്പിറവി ദൃശ്യങ്ങള്‍ ലൈവായി അവതരിപ്പിക്കാനുള്ള അണിയറ ഒരുക്കങ്ങളും നടന്നുവരുന്നു.