നവംബർ 16 – ഔർ ലേഡി ഓഫ് ഷ്യേവൃ, ഹൈനോട്ട്, ബെൽജിയം (1130)
മഠാധിപതി ഓർസിനി എഴുതി: “ഹൈനോട്ടിലെ ഔർ ലേഡി ഓഫ് ഷ്യേവൃ, അവിടെ 1130-ൽ, ഈഡ എന്ന് പേരുള്ള സ്ത്രീ, ഒരു ജലധാരയ്ക്ക് സമീപം പരിശുദ്ധ കന്യകയുടെ രൂപം കണ്ടെത്തിയ സ്ഥലത്ത് ഒരു ചാപ്പൽ നിർമ്മിച്ചിരുന്നു. അവിടെ ധാരാളം അത്ഭുതങ്ങൾ സംഭവിച്ചു”.
നോട്രഡാം ഡെ ലാ ഫോണ്ടെയ്ൻ, അല്ലെങ്കിൽ ഔർ ലേഡി ഓഫ് ദ് ഫോണ്ടെയ്ൻ എന്ന പേരിൽ അറിയപ്പെടുന്ന ഈ ചാപ്പൽ സ്ഥിതി ചെയ്യുന്നത് ‘ഷ്യേവൃ’ എന്ന പേരിലുള്ള ഒരു പട്ടണത്തിലാണ്. ആത് പട്ടണത്തിൽ നിന്ന് അൽപ്പം അകലെ ബെൽജിയത്തിലെ ഹൈനോട്ട് പ്രവിശ്യയിലെ വാലോൺ മുനിസിപ്പാലിറ്റിയിലാണ് ഷ്യേവൃ പട്ടണം സ്ഥിതി ചെയ്യുന്നത്. 2006ൽ അവിടത്തെ ആകെ ജനസംഖ്യ 6,198 മാത്രമായിരുന്നു.
12-ആം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ, ഷ്യേവൃ പള്ളിക്ക് സമീപമുള്ള ഒരു നീരുറവയ്ക്കടുത്ത്, ഒരു എൽഡർബെറി മരത്തിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെ രൂപം കാണപ്പെട്ടു. അക്കാലത്ത് യൂറോപ്പിലുടനീളം നിലനിന്നിരുന്ന വഴിയോര ആരാധനാലയങ്ങളിൽ ഒന്നായിരിക്കാം അത്. ഈവ ഡെ ഷ്യേവൃ എന്ന യുവതി (ഈവ്, ഈഡ്, അല്ലെങ്കിൽ ഇഡ എന്നും വിളിക്കുന്നു) ആ രൂപം എടുത്തുസ്ഥാപിക്കുന്നതിനും കാലാവസ്ഥപ്രശ്നങ്ങളിൽ നിന്ന് അതിനെ സംരക്ഷിക്കുന്നതിനുമായി ഒരു ചാപ്പൽ നിർമ്മിക്കാൻ തീരുമാനിച്ചു.
ഈവ, ഗിൽസ് ഡെ ചിൻ എന്ന് പേരുള്ള ഒരു പ്രശസ്തനായ പ്രഭുവിനെ വിവാഹം കഴിച്ചു. അവിടങ്ങളിൽ ഭീതി വിതച്ചിരുന്ന ഒരു വ്യാളിയെ വകവരുത്താൻ പ്രഭുവിനെ പരിശുദ്ധ അമ്മ സഹായിച്ചു എന്ന് ഐതിഹ്യമുണ്ട്.
1137-ൽ ഒരു ടൂർണമെൻ്റിൽ പങ്കെടുക്കുന്നതിനിടെ ഗിൽസ് ആകസ്മികമായി കൊല്ലപ്പെട്ടതിന് ശേഷം, ഈവ ഒരു ആശ്രമത്തിലാണ് 65-ആം വയസ്സിൽ അവൾ മരിക്കുന്നതു വരെ ജീവിച്ചത്.
ഈവ സ്ഥാപിച്ച ദേവാലയം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് നോട്രഡാം ഡു സെഹു അല്ലെങ്കിൽ ഔർ ലേഡി ഓഫ് ദി എൽഡർ എന്നായിരുന്നു. പിന്നീട് അത് സമീപത്തുള്ള ജലധാരയുടെ പേരിൽ കൂടുതൽ അറിയപ്പെട്ടതുകൊണ്ട് നോട്രഡാം ഡെ ലാ ഫോണ്ടെയ്ൻ എന്നായി പേര്. അത്ഭുതകരമായ നിരവധി രോഗശാന്തികൾ കാരണം ഈ ദേവാലയം ഒരു തീർത്ഥാടന കേന്ദ്രമായി പ്രസിദ്ധിയാർജിച്ചു, അതൊരു ‘വിശ്രാന്തിയുടെ ദൈവാലയം’ കൂടിയായി, ചാപിള്ളയായി ജനിച്ച കുഞ്ഞുങ്ങൾ പോലും മാമോദീസ നൽകാൻ പാകത്തിന് ജീവനിലേക്ക് വന്ന്, അതിന് ശേഷം മരിച്ചു സ്വർഗ്ഗത്തിൽ പോയ സംഭവങ്ങൾ അനേകമാണ്.
അവിടെ രേഖപ്പെടുത്തിയിട്ടുള്ള അനേകം അത്ഭുതങ്ങളിൽ ഒന്ന്, 1315ൽ ഒരു നോർമൻ തീർഥാടകന്റെ സന്ധിവാതം ഭേദമായതായിരുന്നു. ശരീരമാസകലമുള്ള സന്ധികൾ വേദനിച്ചു കഷ്ടപ്പെട്ടിരുന്ന അയാൾ, രോഗശാന്തി കിട്ടിയപ്പോൾ നന്ദിയോടെ ആ ദൈവാലയത്തിന്റെ പുനർനിർമ്മാണത്തിനാവശ്യമായ പണം നൽകുകയും അയാളുടെ നാട്ടിൽ ഔർ ലേഡി ഓഫ് ഷ്യേവൃനോടുള്ള ആദരസൂചകമായി മറ്റൊരു ദൈവാലയം പണിയിക്കുകയും ചെയ്തു. 1568-ൽ അൻ്റോയിൻ ഡെപ്രേ എന്ന പേരിൽ മറ്റൊരു നോർമൻ, തന്റെ കാലുകളിൽ ബാധിച്ചിരിക്കുന്ന ത്വക്ക് രോഗത്തിൽ നിന്ന് മുക്തിക്കായി ദീർഘനാളത്തെ ആശുപത്രിചികിത്സക്ക് ബെൽജിയത്തിൽ എത്തി. ലേഡി ഓഫ് ഷ്യേവൃ മാതാവിനെ സന്ദർശിച്ചതിൽ പിന്നെ, ആ രോഗം പൂർണ്ണമായും മാറിക്കിട്ടി. കേംബ്രേയിലെ ആർച്ച് ബിഷപ്പ് അതിനെക്കുറിച്ചു വിശദമായ അന്വേഷണം നടത്തി, അത് അത്ഭുതരോഗശാന്തിയായി അടുത്ത വർഷം പ്രഖ്യാപിച്ചു. 1579 ൽ ദൈവാലയം സന്ദർശിച്ച നിക്കോളാസ് ലെൻസ് എന്ന് പേരുള്ള മനുഷ്യന്റെ, സന്ധികളുടെയോ പേശികളുടെയോ സങ്കോചം മൂലം കാലുകൾ നെഞ്ചിനൊപ്പം ചേർത്തുവെക്കാനെ കഴിഞ്ഞിരുന്നുള്ളു. പരിശുദ്ധ അമ്മയുടെ രൂപത്തിന് മുൻപിൽ നിന്നപ്പോൾ നിക്കോളാസിന്റെ കാലുകൾ പൊടുന്നനെ അയഞ്ഞു വന്നു നേരെയായി. സന്തോഷം കൊണ്ട് മതിമറന്ന അയാൾ ഓടിപ്പോയി അവളുടെ രൂപത്തിന് മുമ്പിൽ മുട്ടുകുത്തി. പിന്നീടുള്ള വർഷങ്ങളിലെല്ലാം, മാതാവിന്റെ രൂപം വഹിച്ചുള്ള ദൈവാലയപ്രദക്ഷിണങ്ങളിൽ പരിശുദ്ധ അമ്മയോടും നമ്മുടെ കർത്താവിനോടുമുള്ള കൃതജ്ഞതാസൂചകമായി നഗ്നപാദനായി കുരിശ് വഹിക്കാൻ നിക്കോളാസ് മുൻപിലുണ്ടായിരുന്നു.
നൂറ്റാണ്ടുകൾക്കുള്ളിൽ, ദൈവാലയം പലതവണ പുനർനിർമിച്ചു. 1632-ൽ ഉറവയിൽ നിന്നുള്ള വെള്ളം കിട്ടാൻ പാകത്തിന് ദൈവാലയത്തിന്റെ മധ്യഭാഗത്ത് ഒരു കിണർ നിർമ്മിക്കുകയുണ്ടായി.
ഫ്രഞ്ച് വിപ്ലവത്തിൻ്റെ സമയത്ത്, 1789-ൽ ചാപ്പൽ നശിപ്പിക്കപ്പെട്ടു. പരിശുദ്ധ അമ്മയുടെ രൂപം പിന്നീട് അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെത്തി, ഷ്യേവൃ പള്ളിയിൽ സംരക്ഷിക്കപ്പെട്ടു. 1893-ൽ ഫാദർ വിക്ടർ ഡ്യൂറെയാണ് ഇന്ന് കാണുന്ന പോലുളള ചുവന്ന ഇഷ്ടിക പതിപ്പിച്ച ചാപ്പലിൻ്റെ നിർമ്മാണം സംഘടിപ്പിച്ചത്.
ഔർ ലേഡി ഓഫ് ഷ്യേവൃനോടുള്ള പ്രാർത്ഥന:
പരിശുദ്ധ കന്യകേ,
പരിശുദ്ധാത്മാവ് വസിക്കും തെളിനീരുറവയേ.
നിശ്ശബ്ദരാകാൻ, ദൈവവിളി ശ്രവിക്കാൻ ,
നിന്നെപ്പോലെ തിരുഹിതം തിടുക്കത്തിൽ നിറവേറ്റാൻ,
സഹായിക്ക ഞങ്ങളെ.
നിൻ പൈതങ്ങൾ കോരിയെടുക്കും കൃപ തൻ ഉറവയല്ലോ നീ.
അല്പമാത്ര വിശ്വാസം വർധിപ്പിച്ചാലും.
പണ്ടെന്ന പോലെ ഇപ്പോഴും,
അപകടങ്ങളിൽ നിന്നെല്ലാം കാത്തു രക്ഷിക്ക.
രോഗികൾക്ക് നൽകണേ നീ സൗഖ്യം.
സഞ്ചാരികൾ മതിയാവോളം പാനം ചെയ്യും
ജ്ഞാനത്തിന്നുറവേ,
സുവിശേഷം രുചിച്ചറിയട്ടെ ഞങ്ങൾ.
ക്ഷമിക്കാനായി ഹൃദയങ്ങൾ തുറന്നീടുക,
ഉത്കണ്ഠകളേറും മനസ്സിനെ ശാന്തമാക്കണേ.
സ്വർഗ്ഗത്തിലേക്ക് തിരിക്ക ഞങ്ങടെ കണ്ണുകളെപ്പോഴുമേ.
നീരുറവയുടെ മാതാവേ,
ഈ ദാസർ തൻ ആത്മവിശ്വാസം
നിന്നിലല്ലാതാരിൽ.
ആമ്മേൻ.