Thursday, December 26, 2024
spot_img
More

    നവംബർ 28 – ഔർ ലേഡി ഓഫ് വാൽസിംഗ്ഹാം , ഇംഗ്ലണ്ട്

    നവംബർ 28 – ഔർ ലേഡി ഓഫ് വാൽസിംഗ്ഹാം , ഇംഗ്ലണ്ട് (1061)

    വാൽസിങ്ഹാമിലെ മാതാവിന്റെ ദേവാലയം,1061 മുതൽ ഉള്ളതാണ്.  ആ വർഷത്തിലാണ്, ഒരു കത്തോലിക്കാ കുലീന യുവതിയായിരുന്ന റികൽഡീസ് ഡെ ഫാവർഷെ, പരിശുദ്ധ കന്യകയെ ആദരിക്കാൻ എന്തുചെയ്യണമെന്ന് തനിക്ക് പറഞ്ഞുതരാനായി അവളോട് മുട്ടിപ്പായി  പ്രാർത്ഥിച്ചിരുന്നത്. അതിന് മറുപടിയായി പരിശുദ്ധ കന്യക അവൾക്ക് ദർശനത്തിൽ മൂന്ന് പ്രാവശ്യം  പ്രത്യക്ഷപ്പെട്ടു. പാരമ്പര്യമനുസരിച്ച് അതിലൊന്നിൽ, മാതാവ് റികൽഡീസിനെ മംഗളവാർത്ത നടന്ന നസ്രത്തിലെ തിരുഭവനം കാണിച്ചുകൊടുത്തു. 

    മംഗളവാർത്തയുടെ വലിയ സന്തോഷത്തിന്റെയും  മനുഷ്യരാശിയുടെ  വിമോചനത്തിന്റെ തുടക്കം കുറിച്ചതിന്റെയും നിത്യസ്മാരകമായി അവളോട് അതുപോലെ തന്നെയുള്ള ഒരു ഭവനം വോൽസിങ്ഹാമിൽ പണിയാൻ ആവശ്യപ്പെട്ടു,. ആ ഭവനം വലിയ തീർത്ഥാടനസ്ഥലമാകുമെന്നും,  അവിടെ സന്ദർശിച്ചു തന്റെ സഹായം യാചിക്കുന്നവർ വെറും കയ്യോടെ മടങ്ങില്ലെന്നും പരിശുദ്ധ അമ്മ പറഞ്ഞു. ദർശനവും നിർദ്ദേശങ്ങളും ലഭിച്ചെങ്കിലും വോൽസിങ്ഹാമിൽ എവിടെയാണ് ആ ഭവനം പണിയേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തത ഉണ്ടായിരുന്നില്ല. 

    സ്വർഗീയമായ കാഴ്ചയായി മഞ്ഞുതുള്ളികൾ തങ്ങിനിൽക്കുന്ന ഒരു പുൽമേട് പരിശുദ്ധ അമ്മ റികൽഡീസിന് കാണിച്ചു കൊടുത്തു. എങ്കിലും അതിനുള്ളിൽ എവിടെ പണിയണമെന്നറിയാതിരുന്ന അവൾ അവസാനം, രണ്ട്‌ കിണറുകൾക്കരികിലുള്ള സ്ഥലം തിരഞ്ഞെടുത്തു. പണിക്കാരെ വിളിച്ചു ഭവനത്തിന്റെ പണി തുടങ്ങി. പക്ഷേ ഒന്നിന് പുറകെ ഒന്നായി പ്രശ്നങ്ങൾ വരാൻ തുടങ്ങി, പണിക്കാർക്ക് നിർമ്മാണം ഒട്ടും മുൻപോട്ട് കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥ. അവസാനം,മാതാവിനോട് തന്നെ പരിഹാരം ആരായാൻ അവർ റികൽഡീസിനോട് പറഞ്ഞു. 

    അന്നു രാത്രി പണിക്കാരെല്ലാം കിടന്നുറങ്ങുമ്പോൾ, റികൽഡീസ് രാത്രി മുഴുവൻ ഉറങ്ങാതെ പരിശുദ്ധ അമ്മയോട് സഹായത്തിനായി പ്രാർത്ഥിച്ചു. പരിശുദ്ധ അമ്മ മാലാഖമാരോട്  ഭവനത്തിന്റെ പണി പൂർത്തിയാക്കാനായി പറഞ്ഞു, അതിനുശേഷം 200 അടി ദൂരേക്ക് ഭവനത്തിന്റെ സ്ഥാനം മാറ്റി സ്ഥാപിക്കാനും. പിറ്റേന്ന് രാവിലെ പണിക്കാർ വന്നപ്പോൾ അത്ഭുതകരമായി ഭവനത്തിന്റെ പണി പൂർത്തിയായിരിക്കുന്നതായും അത് വേറെയിടത്ത് കൊണ്ടുപോയി സ്ഥാപിച്ചിരിക്കുന്നതായും കണ്ടു. അതിനടുത്ത് ഒരു നീരുറവയും പുതിയതായി ഉണ്ടായിരുന്നു. അത്ഭുതഭവനത്തിന്റെയും നീരുറവയുടെയും കഥ പെട്ടെന്ന് നാട്ടിൽ പാട്ടായി. തീർത്ഥാടകരുടെ ഒഴുക്കായി, അത്ഭുതങ്ങളുടെയും. ധാരാളം കഠിനപാപികൾ മാനസാന്തരപ്പെട്ടു. 

    ഭക്തനായ വിശുദ്ധ എഡ്വേർഡ് ദ് കൺഫെസ്സർ രാജാവ് ഇംഗ്ലണ്ട് ഭരിച്ചിരുന്ന കാലമായിരുന്നു അത്. സ്പെയിനിലെ ഇസബെല്ല രാജ്ഞിയുടെ മകളും  ഹെന്റി എട്ടാമൻ് രാജാവിന്റെ ഭാര്യയുമായ ആരഗോണിലെ കാതറിൻ ഉൾപ്പെടെ, തുടർന്നുള്ള നൂറ്റാണ്ടുകളിൽ  രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും ഒരു നീണ്ട പട്ടിക തന്നെ ഉണ്ട് ഈ ദേവാലയത്തിലേക്ക് തീർത്ഥാടനം നടത്തിയവരായി.

    ഭക്തരായ കത്തോലിക്കരുടെ സമ്മാനങ്ങൾക്കൊപ്പം രാജകീയ രക്ഷാകർതൃത്വവും ദേവാലയത്തെ വളരെയധികം സമ്പന്നമാക്കി, 1346 ആയപ്പോഴേക്കും ദേവാലയത്തിലെ ആഭരണങ്ങളുടെയും മറ്റ് വഴിപാടുകളുടെയും വലിയ മൂല്യം കാരണം ആശ്രമത്തിന്റെ ഗേറ്റുകൾ രാത്രിയിൽ പൂട്ടിയിടേണ്ടി വന്നു. ഇറാസ്മസ് ദേവാലയം സന്ദർശിച്ചപ്പോൾ, അത് വലിയ തോതിൽ രത്നങ്ങൾ, സ്വർണ്ണം, വെള്ളി എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നതായി അദ്ദേഹം കുറിച്ചു. വാൽസിങ്ഹാമിലെ ആരാധനാലയം അപ്പോഴേക്കും ഇംഗ്ലണ്ടിലെ ഏറ്റവും പ്രമുഖമായ മതകേന്ദ്രങ്ങളിലൊന്നായി മാറിയിരുന്നു.

    ‘നവീകരണം’ എന്ന പേരും പറഞ്ഞു വന്ന ഹെന്റി എട്ടാമൻ രാജാവ് ദേവാലയത്തിലെ സ്വർണ്ണം, വെള്ളി, വിലയേറിയ ആഭരണങ്ങൾ എന്നിവയെല്ലാം കൈക്കലാക്കി. ഇതൊരു ‘നവീകരണമല്ല’,  മറിച്ച് കവർച്ചയാണെന്ന് ഒരു കൂട്ടം കത്തോലിക്കർ പ്രതിഷേധിച്ചപ്പോൾ, അവരെയെല്ലാം തൂക്കിലേറ്റുകയോ ശിരച്ഛേദം ചെയ്യുകയോ ചെയ്തു. 1538-ൽ, ആശ്രമം ആക്രമിക്കപ്പെട്ടു. എല്ലാവരാലും വണങ്ങപ്പെട്ടിരുന്ന വാൽസിങ്ഹാം മാതാവിന്റെ പ്രസിദ്ധമായ രൂപം, ലണ്ടനിലേക്ക് കൊണ്ടുപോയി കത്തിച്ചു. യഥാർത്ഥ ദേവാലയത്തിൽ ഇന്ന് ഒരു കമാനത്തിൽ കൂടുതൽ അവശേഷിക്കുന്നില്ല എങ്കിലും ആശ്രമം ഒരിക്കൽ നിലനിന്നിരുന്ന സ്ഥലത്ത് പുൽത്തകിടിയിൽ അടയാളപ്പെടുത്തിയിരിക്കുന്നു.

    1896-ൽ, ഷാർലറ്റ് ബോയ്ഡ് എന്ന സ്ത്രീ സ്ലിപ്പർ ചാപ്പൽ പുനഃസ്ഥാപിച്ചു, ഒരു കാലത്ത് വാൽസിങ്ഹാം ദേവാലയത്തിലേക്കുള്ള യാത്രാമധ്യേ തീർത്ഥാടകർ സന്ദർശിക്കാറുള്ള,  വഴിയരികിലെ ചാപ്പലായിരുന്നു അത്. അടുത്ത വർഷം തിരുഭവനത്തിന്റെ ഒരു പകർപ്പ് അവിടെ നിർമ്മിക്കപ്പെട്ടു, 1897-ൽ ലിയോ പതിമൂന്നാമൻ മാർപാപ്പ അതിനെ വാൽസിംഗ്ഹാം മാതാവിൻ്റെ പുതിയ ദേശീയ ദേവാലയമായി പ്രഖ്യാപിച്ചു. ഇപ്പോൾ വാൽസിങ്ഹാം മാതാവിന് സമർപ്പിക്കപ്പെട്ടതായി വാൽസിങ്ഹാമിനുള്ളിലും ചുറ്റിനുമായി മൂന്ന് ദേവാലയങ്ങളുണ്ട്. 

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!