മോണ്ടെഹെറിയിലെ രാജകുമാരനെ ജീവനിലേക്ക് ഉയര്‍ത്തിയ അത്ഭുതശക്തിയുള്ള മരിയന്‍ ഐക്കണാണ് ഔര്‍ ലേഡി ഓഫ് ചാര്‍ട്ടേഴ്‌സ്. കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയ രാജകുമാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് മാതാവിനോടുളള പ്രാര്‍ത്ഥനയുടെ ഫലമായിട്ടായിരുന്നു. ഇതിനോടുള്ള നന്ദിസൂചകമായി ഈ മരിയന്‍രൂപം പള്ളിയുടെ സ്റ്റെയിന്‍ ഗ്ലാസില്‍ രാജാവ് ചിത്രീകരിക്കുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.
ക്രിസ്തുവിന്റെ ജനനത്തിന് ഒരു നൂറ്റാണ്ടുമുമ്പുതന്നെ പുത്രനെ പ്രസവിക്കുന്ന കന്യകയ്ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ടിരുന്ന ദേവാലയമായിരുന്നു ഇതെന്നതാണ് രസകരമായ മറ്റൊരു കാര്യം. ക്രിസ്തുമതത്തിന്റെ ആവീര്‍ഭാവത്തിന് മുമ്പുതന്നെ ഉണ്ടായിരുന്ന ദേവാലയമെന്ന് ചുരുക്കം. ഔര്‍ ലേഡി ഓഫ് അണ്ടര്‍ ഗ്രൗണ്ട് എന്നായിരുന്നു അക്കാലത്ത് ഈ ദേവാലയംഅറിയപ്പെട്ടിരുന്നത്. ഈ ദേവാലയത്തിലാണ് മാതാവിന്റെ ഐക്കണ്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ഗോഥിക് ശൈലിയിലുള്ള ദേവാലയമാണ് ഇത്. കന്യക ഒരു പുത്രനെ പ്രസവിക്കുമെന്ന ഏശയ്യപ്രവാചകന്റെ വാക്കുകള്‍ വിശ്വസിച്ചുകൊണ്ട് ഒരു കുട്ടിയുമായി ഇരിക്കന്ന സ്ത്രീയുടെ രൂപത്തിലുളള ഒരു പ്രതിമ അവര്‍ നിര്‍മ്മിച്ചിട്ടുണ്ടായിരുന്നു. ക്രിസ്തുമതത്തിന്റെ ആവീര്‍ഭാവത്തോടെയാണ് തങ്ങള്‍ മുന്‍കൂട്ടി കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്ന ആ കന്യക പരിശുദ്ധ അമ്മയാണെന്ന് അവര്‍ മനസ്സിലാക്കിയതും മാതാവിനോടുള്ള ഭക്തിക്ക് ആരംഭം കുറിച്ചതും.
അന്നുമുതല്‍ ഈ രൂപം മരിയന്‍രൂപമായി വണങ്ങുകയും ഭക്തി ആരംഭിക്കുകയും ചെയ്തു. രാജാവിന്റെ മകന്‍ കിണറ്റില്‍ പോയി മരണമടഞ്ഞ കാര്യം മുകളില്‍ പരാമര്‍ശിച്ചിട്ടുണ്ടല്ലോ. ആദിമക്രൈസ്തവരില്‍ പലരും മതപീഡനകാലത്ത് ഈ കിണറ്റിലേക്ക് വലിച്ചെറിയപ്പെട്ടിട്ടുണ്ട്. ശക്തരായ വിശുദ്ധരുടെ കിണര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.
ഫ്രഞ്ചു വിപ്ലവകാലത്ത് മാതാവിന്റെ ഒറിജിനല്‍ രൂപം നശിപ്പിക്കപ്പെട്ടു. അതിന്റെ പകര്‍പ്പാണ് ഇപ്പോഴുള്ളത്. ജ്ഞാനത്തിന്റെ ഇരിപ്പിടം എന്നറിയപ്പെടുന്ന ഈ രൂപം മധ്യകാലഘട്ടത്തിലുണ്ടായിരുന്ന പല രൂപങ്ങളുമായി സാമ്യമുള്ളതാണ്. ഫ്രാന്‍സിലെ പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് ഇത്.