ഞായറാഴ്ച അന്തരിച്ച മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ തികഞ്ഞ ക്രൈസ്തവവിശ്വാസിയായിരുന്നു. ബാപ്റ്റിസ്റ്റ് സമൂഹാംഗമായിരുന്ന അദ്ദേഹം കത്തോലിക്കാസഭയുടെ പല കാഴ്ചപ്പാടുകളോടും വ്യത്യസ്തമായ സമീപനമാണ് പുലര്‍ത്തിപ്പോന്നിരുന്നതെങ്കിലും അമേരിക്കയുടെ മറ്റേതൊരു പ്രസിഡന്റിനെക്കാളും വാക്കിലും പ്രവൃത്തിയിലും ക്രിസ്തീയവിശ്വാസത്തിന്റെ വ്യക്തവും സ്ഥിരതയുളളതുമായ മുഖമാണ് തന്റെ ജീവിതത്തിലുടനീളം അദ്ദേഹം പ്രദര്‍ശിപ്പിച്ചിരുന്നത്. നമ്മുടെ വംശനാശഭീഷണി നേരിടുന്ന മൂല്യങ്ങള്‍; അമേരിക്കയുടെ ധാര്‍മ്മികപ്രതിസന്ധി എന്ന തന്റെ പുസ്തകത്തിലെ ഒരു അധ്യായത്തിന് അദ്ദേഹം നല്കിയിരിക്കുന്ന പേരു തന്നെ എന്റെ പരമ്പരാഗതമായ ക്രിസ്തീയ വിശ്വാസം എന്നാണ്. തന്റെ സണ്‍ഡേ സ്‌കൂളില്‍ എല്ലാ ഞായറാഴ്ചയും അദ്ദേഹം കു്ട്ടികളെ മതബോധനം പഠിപ്പിച്ചിരുന്നു.
സുവിശേഷീകരണത്തോടുള്ള വ്യക്തിപരമായ പ്രതിബദ്ധത പ്രകടിപ്പിക്കാനുള്ള അവസരമായിട്ടാണ് അദ്ദേഹം ഇതിനെ കണ്ടിരുന്നത്. ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി വോളണ്ടിയര്‍ എന്ന നിലയില്‍ എല്ലാവര്‍ഷവും ദരിദ്രര്‍ക്ക് വീടുകള്‍ പണിതുകൊടുക്കുന്നതിലും അദ്ദേഹത്തിന്റെ പരസ്‌നേഹം പ്രകടമായിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുമായി അദ്ദേഹം കുടിക്കാഴ്ച നടത്തിയിട്ടുണ്ട്. 1977 മുതല്‍ 1981 വരെ അമേരിക്കയുടെ പ്രസിഡന്റായിരുന്ന ജിമ്മി കാര്‍ട്ടര്‍ ഞായറാഴ്ച 100 ാം വയസിലാണ് മരണമടഞ്ഞത്.