ബലഹീനരും ദുര്‍ബലരുമെന്ന നിലയില്‍ നാം പാപത്തിലേക്ക് വഴുതുവീഴാനുള്ള സാഹചര്യങ്ങള്‍ ഏറെയാണ്. ഗുരുതരമോ ലഘുവോ ആയ പാപങ്ങള്‍ നാം അത്തരം സാഹചര്യത്തില്‍ ചെയ്തുപോയേക്കാം. ലഘുപാപങ്ങള്‍ ഒരു പക്ഷേ നമ്മെ അത്യധികമായി ഭാരപ്പെടുത്തുന്നുണ്ടാവില്ല. എന്നാല്‍ ഗുരുതരമായ പാപങ്ങള്‍ നമ്മില്‍ വലിയ ക്ഷതങ്ങളും വേദനകളും സൃഷ്ടിച്ചേക്കാം. ഇങ്ങനെയൊരു സാഹചര്യത്തില്‍ നാം കുറ്റബോധത്തിന് അടിപ്പെട്ടുപോവുകയാണ് പതിവ്. കുറ്റബോധം ചിലപ്പോള്‍ ആത്മഹത്യയിലേക്കു വരെ നമ്മെ കൊണ്ടുചെന്നെത്തിച്ചുവെന്നും വരാം. യൂദാസിന് സംഭവിച്ചതുപോലെ. എന്നാല്‍ നാം മാരകപാപമാണ് ചെയ്തതെങ്കില്‍പോലും ദൈവത്തിന്റെ കരുണയില്‍ ശരണപ്പെടുകയാണ് വേണ്ടത്. ദൈവം നമ്മോട് ക്ഷമിക്കുകയില്ല എന്ന വിചാരം ഒരിക്കലും ഉണ്ടാവരുത്. ബൈബിളിലെ ധൂര്‍ത്തപുത്രന്റെ ഉപമയിലെ അപ്പനെപോലെ നമ്മെ സ്വീകരിക്കാന്‍സന്നദ്ധനാണ് നമ്മുടെ ദൈവമെന്ന് മറന്നുപോകരുത്. അതുകൊണ്ട് പാപം ചെയ്തുപോയാലും ദൈവകൃപയില്‍ ശരണപ്പെട്ടുകൊണ്ട് അവിടുത്തെ തിരുസന്നിധിയിലെത്തുക. കുമ്പസാരം എന്ന കൂദാശയിലൂടെ മനസ്തപിച്ചു പാപങ്ങള്‍ ഏറ്റുപറഞ്ഞ് പാപമോചനത്തിനായി യാചിക്കുക. ഒരിക്കലും ഒരിക്കലും നിരാശരാകാതിരിക്കുക. നല്ല കുമ്പസാരത്തിലൂടെ നമുക്ക് മാപ്പപേക്ഷ ലഭിക്കും. തീര്‍ച്ച.