നെയ്യാറ്റിന്‍കര രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള മെത്രാനായി ഫാ. ഡോ. ഡി. സെല്‍വരാജനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. നെയ്യാറ്റിന്‍കരയിലെ ജുഡീഷ്യല്‍ വികാരിയായും തിരുപുറം സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവക വികാരിയായും സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം.
1962 ജനുവരി 27ന് വലിയവിളയിലാണ് നിയുക്ത മെത്രാന്റെ ജനനം. ആലുവയിലെ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ച അദ്ദേഹം ലൂവെയ്‌നിലെ കാത്തലിക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ലൈസന്‍സും ഡോക്ടറേറ്റും നേടി. 1987 ഡിസംബര്‍ 23ന് തിരുവനന്തപുരം അതിരൂപത വൈദികനായി അഭിഷിക്തനായി. തിരുവനന്തപുരം അതിരൂപത വിഭജിച്ചാണ് നെയ്യാറ്റിന്‍കര രൂപത നിലവില്‍ വന്നത്.