പതിമൂന്നാം നൂറ്റാണ്ടിലെ ഒരു ദിവസം. ഉച്ചസമയം മാര്‍സില്ലെയിലെ ഒരു തുറമുഖത്ത ഏകാകിയായ ഒരു മുക്കുവന്‍ മത്സ്യബന്ധനം നടത്തുകയായിരുന്നു. പെട്ടെന്നാണ് കടല്‍ ക്ഷോഭിച്ചത്. കടല്‍ ഇളകിമറിഞ്ഞു. കൊടുങ്കാറ്റ് ആഞ്ഞുവീശി. അയാളുടെ വള്ളം വെള്ളത്തില്‍വട്ടംകറങ്ങി.പിന്നെ അത് തല കുത്തി മറിഞ്ഞു. തുഴയും തോണിയും അയാള്‍ക്ക് നഷ്ടമായി. കടലില്‍ നിന്ന് തീരത്തേക്ക് നീന്തി രക്ഷപ്പെടുക എന്നത് അസാധ്യമായ കാര്യമാണെന്ന് അയാള്‍ക്കു തോന്നി. യാതൊരു പ്രതീക്ഷയും അയാളുടെ മുമ്പിലുണ്ടായിരുന്നില്ല. ഇനിയൊരിക്കലും വീട്ടിലെത്തിച്ചേരാനോ വീട്ടുകാരെ കണ്ടുമുട്ടുവാനോ കഴിയുകയില്ലല്ലോയെന്ന് വിചാരിച്ചപ്പോള്‍ അയാള്‍ക്ക്ചങ്കു പൊടിയുന്നതുപോലെ തോന്നി. അപ്പോഴാണ് കടലില്‍ വലിയൊരു പാറക്കെട്ട് അയാള്‍ കണ്ടത്. ഒരു മലപോലെ ഉയര്‍ന്നുനില്ക്കുന്ന പാറ.
അയാള്‍ക്ക് ആശ്വാസം തോന്നി. ആ പാറവരെയെത്തി അവിടെ പിടിച്ചുകിടക്കാമെന്ന് അയാള്‍ വിചാരിച്ചു. പിന്നെ അയാള്‍ കണ്ടത് ആ പാറയുടെ മുകളില്‍ ഒരു സ്ത്രീ നില്ക്കുന്നതായിട്ടാണ്. വെളള വസ്ത്രം ധരിച്ച ഒരു സ്ത്രീ അവള്‍ കൈകള്‍ വിരിച്ചുപിടിച്ചിട്ടുണ്ടായിരുന്നു. അവള്‍ കരമുയര്‍ത്തിക്കാണിച്ചപ്പോള്‍ കാറ്റും കോളും നിലയ്ക്കുകയും കടല്‍ശാന്തമാവുകയും ചെയ്തു. അത് പരിശുദ്ധ കന്യാമറിയമാണെന്ന് അയാള്‍ക്ക് മനസ്സിലായി.
പെട്ടെന്ന്തന്നെ അയാളുടെ ബോട്ട്തിരികെ അയാളുടെ അടുക്കലെത്തുകയും അയാള്‍ ബോട്ടില്‍കയറി തീരത്തെത്തുകയും ചെയ്തു. ഈ സംഭവം അവിടെ നാടെങ്ങും അറിഞ്ഞു. പരിശുദ്ധ അമ്മപ്രത്യക്ഷപ്പെട്ട ആ പാറക്കെട്ട് അത്ഭുതം നടന്ന സ്ഥലമായി അവര്‍ അംഗീകരിച്ചു. നന്ദിസൂചകമായി അവര്‍ ആ പാറയുടെ മുകളില്‍ ഒരു ദേവാലയം സ്ഥാപിച്ചു, 1213-1218 ന് ഇടയിലായിരുന്നു ദേവാലയനിര്‍മ്മാണം. 1554 ആയപ്പോഴേയ്ക്കും അതൊരു വലിയ ദേവാലയമായി മാറി. ഫ്രഞ്ചു വിപ്ലവകാലത്ത് മാതാവിന്റെ രൂപം നശിപ്പിക്കപ്പെട്ടു. 1803 ല്‍ പുതിയ രൂപം സ്ഥാപിതമായി. മാര്‍സെല്ലിയില്‍ കോളറ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മാതാവിനെയാണ് എല്ലാവരും സഹായത്തിനായി സമീപിച്ചത്
. മാതാവിന്റെ അത്ഭുതരൂപവുമായി അവര്‍ പ്രദക്ഷിണം നടത്തി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കോളറ തുറമുഖനഗരത്തില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടു.കാലം കഴിയവെ മാതാവിനോടുള്ള ഭക്തി കൂടുതല്‍ വ്യാപകമായി. അപ്പോള്‍ മറ്റൊരു പേരില്‍ മാതാവിനെ അവര്‍ വിളിക്കാന്‍ തുടങ്ങി. ഔര്‍ ലേഡി ഓഫ് ഗാര്‍ഡ് എന്നപേരു വന്നത് അങ്ങനെയായിരുന്നു. 1864 ല്‍ പണിത ദേവാലയമാണ് ഇന്നുള്ളത്. കിഴക്കേ ടവറിന് മുകളില്‍ സ്വര്‍ണ്ണകവചിതമായ മാതാവിന്റെ രൂപം നഗരത്തെ നോക്കിനില്്ക്കുന്ന വിധത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. പരിശുദ്ധ അമ്മേ ഞങ്ങളെ എല്ലാവിധ അപകടങ്ങളില്‍ നിന്നും കാത്തുരക്ഷിക്കണമേ. ആമ്മേന്‍.