പെന്തക്കോസ്ത് സഭാ വിശ്വാസത്തില്‍ നിന്ന് കത്തോലിക്കാസഭാവിശ്വാസത്തിലേക്ക് കടന്നുവന്ന നാള്‍മുതല്‍ ഏറെ അപവദിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയുംചെയ്ത ഒരു വ്യക്തിയാണ് സുവിശേഷപ്രഘോഷകനായ ബ്ര. സജിത്. സുന്ദരമായ പ്രഭാഷണവും ആരെയും ആകര്‍ഷിക്കുന്നവിധത്തിലുളള പെരുമാറ്റവും കൊണ്ട് സജിത്ത് നടത്തുന്ന പ്രോഗ്രാമുകളിലേക്ക് വിശ്വാസികള്‍ ആകര്‍ഷിക്കപ്പെടുന്നത് സ്വാഭാവികം. എന്നാല്‍ സജിത്തിന്റെ വ്യക്തിപ്രഭാവം മാത്രമല്ല അദ്ദേഹം അവകാശപ്പെടുന്ന വിധത്തിലുള്ള അത്ഭുതരോഗസൗഖ്യങ്ങളാണ് ആളുകളെ അതിലേക്ക് ആകര്‍ഷിക്കുന്നതെന്ന കാര്യവും പറയാതിരിക്കാനാവില്ല. കരിസ്മാറ്റിക് മുന്നേറ്റത്തിലൂടെ നിരവധിയായ രോഗസൗഖ്യങ്ങള്‍ ലഭിച്ചതിന്റെ അനുഭവസാക്ഷ്യം പലര്‍ക്കും പറയാനുള്ളതിനാല്‍ സജിത്തിന്റെ ശുശ്രൂഷകളിലൂടെയുള്ള രോഗസൗഖ്യത്തെക്കുറിച്ചും ശങ്കിക്കേണ്ട കാര്യമില്ലായിരുന്നു.
എന്നാല്‍ ഈ രോഗസൗഖ്യങ്ങളെല്ലാം പ്രീ പ്ലാന്‍ഡ്ആണെന്ന് തെളിയിച്ചുകൊണ്ട് ആദ്യം രംഗത്തുവന്നതും സജിത്തിനെ പൊതുജനമധ്യത്തില്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയതും മറുനാടന്‍ മലയാളി കൈകാര്യം ചെയ്യുന്ന ഷാജന്‍ സ്‌കറിയ എന്ന ധീരനായ പത്രപ്രവര്‍ത്തകനായിരുന്നു. തലശ്ശേരിയില്‍ ബ്ര.സജിത്ത് നടത്തിയ ഒരു കണ്‍വെന്‍ഷനില്‍ ലഭിച്ചതായി അവകാശപ്പെടുന്ന രോഗസൗഖ്യത്തിന്റെ പിന്നിലെ കള്ളത്തരം മറനീക്കി വെളിച്ചത്തുകൊണ്ടുവരാന്‍ അന്ന് ഷാജന്റെ വീഡിയോയ്ക്ക് കഴിഞ്ഞിരുന്നു. അതേതുടര്‍ന്ന് സജിത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങള്‍ പുറത്തുവരികയുണ്ടായി, മറ്റേതൊരു സംഭവത്തെയും പോലെ അതും ക്രമേണ കെട്ടടങ്ങി. സജിത്ത് തന്റെ ശുശ്രൂഷകളുമായി നിര്‍ബാധം മുന്നോട്ടുപോവുകയും ചെയ്തു.
ഇപ്പോഴിതാ ഷാജന്‍ സ്‌കറിയായുടെ മറ്റൊരു വീഡിയോ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു. ആ വീഡിയോയുടെ പ്രതിപാദ്യത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായിട്ടാണ് ഒരു നീണ്ട ആമുഖം നല്കിയതും. സജിത്തിന് എതിരെയുള്ള പുതിയ വീഡിയോയില്‍ മറുനാടന്‍ നടത്തുന്ന ആരോപണം പരുന്തന്‍പാറയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി സജിത്ത് രാഷ്ട്രീയക്കാരുടെ ഒത്താശയോടെ റിസോര്‍ട്ട് പണിയുന്നുവെന്നും ഇപ്പോള്‍ ഗവണ്‍മെന്റ് അത് അനധികൃത കുടിയേറ്റമാണെന്ന് കണ്ടെത്തി കുടിയേറ്റക്കാരെ ഒഴിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ്. ഇതിനകം റിസോര്‍ട്ടുകള്‍ പണിതുകഴിഞ്ഞ സജിത്ത് തന്മൂലം തനിക്ക് ഭീമമായ സാമ്പത്തികനഷ്ടം ഉണ്ടാകുമെന്ന് ഭയന്ന് അതിനെ നേരിടാന്‍ ആ സ്ഥലത്ത് അതിഭീമാകാരമായ ഒരു കുരിശു പണിയുന്നുവെന്നും അങ്ങനെ അത് റിസോര്‍ട്ടല്ല ആരാധനാലയമാണെന്ന് വരുത്തിത്തീര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്നുമാണ്.
മാത്രവുമല്ല കുരിശു ആക്രമിക്കുമ്പോള്‍ മതവികാരം വ്രണപ്പെടാനുള്ള സാഹചര്യവുമുണ്ടാവുമല്ലോ. അങ്ങനെ ഒരുതരത്തില്‍ വര്‍ഗീയസംഘര്‍ഷത്തിനുകൂടിയാണ് സജിത്ത് ഇവിടെ ശ്രമിക്കുന്നത്. കുരിശിനെയും ക്രൈസ്തവവിശ്വാസത്തെയും ചൂഷണം ചെയ്താണ് സജിത്ത്് ഇവിടെ കരുക്കള്‍ നിരത്തുന്നത്. സ്വന്തം സ്വാര്‍ത്ഥതയ്ക്കും ധനസമ്പാദനത്തിനുംവേണ്ടി മതത്തെ ദുരുപയോഗം ചെയ്യുന്ന സജിത്ത് സുവിശേഷപ്രഘോഷകനെന്ന് വിശ്വസിക്കാന്‍ കഴിയുന്നതെങ്ങനെ?എന്തൊരു പരിതാപകരം, എത്രയോ അപലപനീയം.
കുരിശാണ് രക്ഷയെന്നും കുരിശിലാണ് രക്ഷയെന്നും ക്രൈസ്തവര്‍ ഒന്നടങ്കം വിശ്വസിക്കുന്നു. കുരിശിനെ ഒഴിവാക്കിക്കൊണ്ട് ക്രിസ്തീയ വിശ്വാസം പൂര്‍ണ്ണമാവുകയുമില്ല. അവിടെയാണ് കുരിശിനെ തന്റെ സ്വാര്‍ത്ഥതയ്ക്കുവേണ്ടി ദുരുപയോഗം ചെയ്യുന്ന സജിത് ക്രൈസ്തവവിശ്വാസികള്‍ക്കും അദ്ദേഹം അംഗമായ തിരുസഭയ്ക്കും അപമാനം വരുത്തിവയ്ക്കുന്നത്. സജിത്തിനെതിരെ മുമ്പും സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. സ്വദേശത്തും വിദേശത്തുമായി അദ്ദേഹം സമ്പാദിച്ചുകൂട്ടിയ സ്വത്തിന് കണക്കില്ല. ഒരാള്‍ മാന്യമായ രീതിയില്‍ പണം സമ്പാദിക്കുന്നത് തെറ്റെന്ന് പറയാനാവില്ല. എന്നാല്‍ സുവിശേഷം മറയാക്കി അതിന്‌റെ പേരില്‍ പണം സമ്പാദിക്കുന്നുവെന്നതാണ് സുവിശേഷപ്രഘോഷകരെയെല്ലാം നാണം കെടുത്തുന്നത്. സാധു കൊച്ചുകുഞ്ഞുപദേശിയെപോലെയുളള സുവിശേഷപ്രഘോഷകരുടെ നാട്ടിലാണ് സുവിശേഷപ്രഘോഷണത്തിന്റെ പേരില്‍ പണം സമ്പാദിച്ചുകൂട്ടുന്ന സജിത്തിനെപോലെയുള്ള യൂദാസുമാര്‍ ജീവിക്കുന്നത് എന്നത് ഒരിക്കലും അംഗീകരിച്ചുകൊടുക്കാന്‍ കഴിയാത്ത കാര്യമാണ്.
ഷാജന്‍ സ്‌കറിയ പറയുന്ന ഈ ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടെങ്കില്‍ സജിത്തിനെ കത്തോലിക്കാസഭയില്‍ നിന്ന് പുറത്താക്കാന്‍ ഇനിയും വൈകരുത്. സജിത്തിനെ കത്തോലിക്കാസഭയിലേക്ക് കൊണ്ടുവരുകയും സത്യസഭയില്‍ അംഗമാക്കുകയും ചെയ്തുവെന്ന് അവകാശപ്പെടുന്ന ധ്യാനഗുരുക്കന്മാരുടെ ക്രെഡിബിലിറ്റിപോലും ഇതിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. സുവിശേഷത്തോടുള്ള തീക്ഷ്ണതയെപ്രതി നിസ്വാര്‍ത്ഥമായി സുവിശേഷപ്രഘോഷണങ്ങള്‍ നടത്തുകയും മിനിസ്ട്രികള്‍ നടത്തുകയും ചെയ്യുന്ന സുവിശേഷപ്രഘോഷകര്‍ക്ക് സജിത്തിനെപോലെയുള്ളവര്‍ അപമാനമാണ്. നല്ലവരെക്കൂടി സംശയത്തിന്റെ കണ്ണോടെ നോക്കിക്കാണാനേ ഇത്തരം സംഭവങ്ങള്‍ ഇടയാക്കുകയുള്ളൂ. അതിന്റെ ഫലമായി സുവിശേഷത്തിനാണ് അപമാനം സംഭവിക്കുന്നത്. അതുണ്ടാവരുത്.. അതുകൊണ്ട് സജിത്തിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ സഭാനേതൃത്വം മടികാണിക്കരുത്. പല കാരണങ്ങള്‍ കൊണ്ടും സഭ പൊതുസമൂഹത്തിന്റെ മുമ്പില്‍ നാണംകെട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. അതിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നവയാണ് സജിത്തിനെപോലെയുള്ള സംഭവങ്ങള്‍. സഹനവും ത്യാഗവും ദീനാനുകമ്പയും പ്രസംഗത്തില്‍ മാത്രമാകാതെ ജീവിതത്തില്‍ കൂടി നടപ്പില്‍വരുത്താന്‍ സുവിശേഷപ്രഘോഷകര്‍ക്ക് കഴിയണം.
പീഡാനുഭവത്തിന്റെ ഓര്‍മ്മ വീണ്ടും പുതുക്കുന്ന അവസരത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ അവസരത്തില്‍ കുരിശിനെ ഉപാധിയാക്കി കളിക്കുന്ന ഒരു കളിയും നാം അംഗീകരിക്കരുത്. അതിന് കൂട്ടുനില്ക്കുകയുമരുത്. ബ്ര. സജിത്തിന്റെ പണത്തിന് പങ്കുപറ്റി ക്രിസ്തുവിനെ ഒറ്റുകൊടുക്കുന്നവരായാലും അവരും സഭയില്‍ നിന്ന് ഒഴിവാക്കപ്പെടണം. അതുകൊണ്ട് ഒരിക്കല്‍ക്കൂടി ചോദിക്കട്ടെ ബ്ര.സജിത്തിനെ എന്തിനാണ് സഭ ഇനിയും ചുമക്കുന്നത്?
വിശുദ്ധ കുരിശിന് എന്നേയ്ക്കും പുകഴ്ചയും ആരാധനയും ഉണ്ടായിരിക്കട്ടെ.
ബ്ര.തോമസ് സാജ്
മാനേജിംങ് എഡിറ്റര്‍
മരിയന്‍ പത്രം