ഈശോയുടെ ജനനത്തിന് പതിനഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പാണ് മാതാവിന്റെ ജനനമെന്ന് ബറോണിയസ് അഭിപ്രായപ്പെടുന്നു. ലാറ്റിന്‍- ഗ്രീക്ക് സഭകളില്‍ സെപ്തംബര്‍ എട്ടിന് ഈ തിരുനാള്‍ ആചരിക്കുന്നു.
അപ്പോക്രിഫല്‍’ രചനകളില്‍ നിന്ന് കന്യകാമറിയം ദാവീദിന്റെ രാജകുടുംബത്തില്‍ നിന്ന് ജനിച്ചവളാണെന്നും ജറുസലേമില്‍ വിദ്യാഭ്യാസം നേടിയെന്നും നാം വായിക്കുന്നു.മാതാവിന്റെ പിതാവിന്റെ പേര് ജോവാക്കിം എന്നും അമ്മയുടെ പേര് അന്ന എന്നുമായിരുന്നു. ജോവാക്കിമിന്റെ കുടുംബം ഗലീലിയില്‍ നിന്നുള്ളതും അന്നയുടെ കുടുംബം ബെത്‌ലഹേമില്‍ നിന്നുള്ളതുമായിരുന്നു. ചിലര്‍ ജോവാക്കിമിനെ വളരെ സമ്പന്നനായി വിശേഷിപ്പിക്കുന്നു.
 മറിയം ഏകമകളും അവകാശിയുമായിരുന്നുവെന്നാണ്് പാരമ്പര്യം. അതിനാല്‍, യോഗ്യരായ നിരവധി പുരുഷന്മാര്‍ അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു.. ഇരുപതോളം വര്‍ഷം അനപത്യതാ ദു:ഖം അനുഭവിച്ചതിനു ശേഷമാണ് ജോവാക്കിം- അന്ന ദമ്പതികള്‍ക്ക് മകള്‍ പിറന്നത്. ദേവദുതന്‍ ഒരു മകള്‍ ജനിക്കുമെന്ന ആ ദമ്പതികളെ അറിയിച്ചപ്പോള്‍ നന്ദിസൂചകമായി പത്ത് പെണ്‍കുഞ്ഞാടുകളെയും പന്ത്രണ്ട്കാളക്കുട്ടികളെയും ദേവാലയത്തില്‍ സമര്‍പ്പിച്ചതായും പാരമ്പര്യം പറയുന്നു. ഇന്ന് എന്റെ ആത്മാവ് മഹ്ത്വപ്പെട്ടിരിക്കുന്നു എന്നാണ് മറിയം ജനിച്ച നിമിഷത്തില്‍ ്അന്ന പ്രതികരിച്ചത്. അന്ന ഗര്‍ഭം ധരിച്ച നിമിഷം മുതല്‍ തന്നെ ദൈവം അതുല്യമായ കൃപയും പദവികളും നല്കി മാതാവിനെ എല്ലാവിധ തിന്മകളില്‍ നിന്നും ജന്മപാപത്തില്‍ നിന്നും രക്ഷിച്ചു.
ദൈവം ഒരിക്കലും മാതാവിനെക്കാള്‍ പരിപൂര്‍ണ്ണവും പ്രശംസനീയവുമായ ഒരു ജീവിയെയും സൃഷ്ടിച്ചിട്ടില്ല; ദൈവം അവളെ കൃപ, ശക്തി, അനുഗ്രഹം എന്നിവയാല്‍ നിറച്ചു. എന്നാല്‍ ഒരു കാര്യത്തില്‍ അവള്‍ എല്ലാ സൃഷ്ടികളെയും മറികടന്നു അതായത് പരിശുദ്ധ അമ്മ സ്രഷ്ടാവിന്റെ അമ്മയാണ് . ജീവന്റെയും കരുണയുടെയും രക്ഷയുടെയും അമ്മ എന്ന് മാതാവിനെ വിളിക്കാറുണ്ട്. അത് തെറ്റുമല്ല. എന്നാല്‍ അത്തരം എല്ലാ വിശേഷണങ്ങളെയും അതിശയിപ്പിക്കുന്നതാണ് ദൈവത്തിന്റെ അമ്മ എന്ന വിശേഷണം.
‘ഓ മറിയമേ! നിന്റെ നാമം എത്ര മഹത്തരം!’