Thursday, November 21, 2024
spot_img
More

    ‘ഉപദേശങ്ങൾ സ്വീകരിക്കുന്നതല്ല’ എന്ന്, ശ്രീരാഗ്



    “എന്തെന്നാൽ, കല്പന ദീപവും ഉപദേശം പ്രകാശവുമാണ്. ശിക്ഷണത്തിന്‍റെ ശാസനകളാകട്ടെ, ജീവന്‍റെ മാർഗ്ഗവും”. (സുഭാഷിതങ്ങൾ 6: 23)

    അഹങ്കാരവും അറിവില്ലായ്മയും ഒരുമിച്ചുചേർന്നപ്പോൾ ശ്രീരാഗ് ബൈക്ക് ഓടിച്ചുകയറിയത് മരണത്തിലേക്കായിരുന്നു. ഇരുപത്തൊന്നാം വയസ്സിൽ ബൈക്കപകടത്തിന്‍റെ രൂപത്തിൽ അകാലമരണം സംഭവിച്ച ശ്രീരാഗ് എന്ന ചെറുപ്പക്കാരനെക്കുറിച്ചാണ് ഈ ദിവസങ്ങളിൽ വേദനിപ്പിക്കുന്ന വാർത്തകൾ വന്നത്. വാഹനത്തിൽ കമ്പവും കൗതുകവും അമിതമായപ്പോൾ മരണത്തെ ക്ഷണിച്ചുവരുത്താനായിരുന്നു ഈ യുവാവിന്റെ ദുർവിധി. ബൈക്കിൽ അഭ്യാസപ്രകടനങ്ങൾ കാണിക്കുന്ന ചിത്രങ്ങൾ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തപ്പോൾ സമപ്രായക്കാർ അവന്‍റെ ധീരതയെപുകഴ്ത്തി കമന്റുകൾ ഇട്ടു പ്രോത്സാഹിപ്പിച്ചു. ഈ വേലത്തരങ്ങൾ അപകടമാകുമെന്നു മുന്നറിയിപ്പ് നൽകിയ മറ്റൊരു ഗുണകാംക്ഷിക്കു  ശ്രീരാഗ് മറുപടി എഴുതി: ‘ഉപദേശങ്ങൾ സ്വീകരിക്കുന്നതല്ല‘. ഉപദേശങ്ങളെ പുച്ഛിച്ചുതള്ളിയ ആ അഹങ്കാരം സ്വന്തം ജീവിതം പണയപ്പെടുത്താനുള്ള  വഴിമരുന്നായിരുന്നെന്ന് ചിന്തിക്കാനുള്ള സാവകാശംപോലും അവനു കൊടുത്തില്ല… ഇതിനെ വിധിയെന്ന് പറഞ്ഞുകൂടാ… വഴിവിട്ട സാഹസികത വിളിച്ചുവരുത്തിയ വിന.



    ഏറെ കൗതുകവും താല്പര്യവും ഏവരിലും ഉണർത്തുന്നതാണ് വാഹനലോകം. നിർമ്മാതാക്കൾ ഓരോ വാഹനവും വിപണിയിലിറക്കുമ്പോൾ അതിന്‍റെ ഗുണഗണങ്ങളും സവിശേഷതകളും വർണ്ണിക്കാറുണ്ട്. ഓരോ വാഹനത്തിനും നിരവധി പ്രത്യേകതകൾ അവകാശപ്പെടാറുണ്ടങ്കിലും അടിസ്ഥാനപരമായി വാഹനങ്ങൾ മനുഷ്യന്‍റെ യാത്ര എളുപ്പമാക്കുന്നു എന്ന പ്രധാന കാര്യമാണ് ചെയ്യുന്നത്. ഈ ലക്‌ഷ്യം മറന്ന് സാഹസികതയ്ക്കും, ധീരതാപ്രകടനങ്ങൾക്കും വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ, മനുഷ്യന്റെ സൗകര്യത്തിനും സമയലാഭത്തിനുമായി കണ്ടുപിടിച്ച ഈ വാഹനങ്ങൾതന്നെ, അത് ഉപയോഗിക്കുന്നവർക്കും മറ്റു വഴിയാത്രക്കാർക്കും അസൗകര്യത്തിനും സമയനഷ്ടത്തിനും ജീവഹാനിക്കും പോലും കാരണമായിത്തീരുന്നു. വാഹനം ഏറ്റവും വേഗത്തിൽ ഓടിക്കുന്നതിലല്ല, ഏറ്റവും സുരക്ഷിതമായി ഓടിക്കുന്നതിലാണ് ശരിയായ മിടുക്ക് എന്ന് ഇനിയും പഠിക്കാത്തവർ നിരവധി…

    നവമാധ്യമങ്ങളിലെ സുഹൃത്തുക്കളിൽനിന്നു ലഭിക്കുന്ന ഏതാനും ലൈക്കുകൾക്കും കണ്ടുനിൽക്കുന്നവരുടെ കയ്യടിക്കുംവേണ്ടി ശ്രീരാജിനെപ്പോലെയുള്ളവർ ഇല്ലാതാക്കിയത് സ്വന്തം ജീവിതം മാത്രമല്ല, ഒരു കുടുംബത്തിന്റെ സ്വപ്നവും ഭാവിയും കൂടിയാണ്. ഇരുപത്തൊന്നു വയസ്സുവരെ കയ്യും കാലും വളരുന്നത് നോക്കിയിരുന്ന മാതാപിതാക്കളുടെ സ്നേഹത്തെയും ത്യാഗത്തെയുമാണ് ഈ  ചെറുപ്പക്കാരൻ ഒരു വിലയുമില്ലാതെ ചവിട്ടിയരച്ചത്. അതിസാഹസികതയും വിവേകമില്ലായ്മയും സ്വന്തം സഹോദരങ്ങൾക്ക് നിലയ്ക്കാത്ത കണ്ണീരിന്‍റെ ഉറവതുറന്നു കൊടുക്കാനെ കഴിഞ്ഞുള്ളു. ഒരുപക്ഷേ, ചിലദിവസങ്ങൾ നീണ്ടുനിൽക്കുന്ന ‘ഞെട്ടിക്കുന്ന ഒരു വാർത്തക്കപ്പുറം’ നഷ്ടം അവന്റെ കുടുംബത്തിന് മാത്രം. 

    മക്കളുടെ സന്തോഷം മാത്രം ഏറ്റവും വലുതായി കാണുന്ന മാതാപിതാക്കന്മാർ ഇന്ന് കൂടി വരുന്നു. അവർ ആഗ്രഹിക്കുന്നതും ചോദിക്കുന്നതും എത്രവിലകൂടിയതായാലും വാങ്ങിക്കൊടുക്കാൻ മടിയില്ലാത്തവർ. മക്കൾ ആഗ്രഹിക്കുന്നത് കൊടുക്കാൻ പറ്റിയില്ലെങ്കിൽ പിന്നെയെന്തിനാണ് മാതാപിതാക്കളായി ഇരിക്കുന്നതല്ലേ…? പക്ഷെ, ഇത്തരക്കാർ പിന്നീടുണ്ടാകുന്ന ദുരന്തവും അനുഭവിച്ചറിയേണ്ടിവരും. മക്കൾ വാശിപിടിച്ചു കരഞ്ഞാൽ, അതിന്റെ പേരിൽ ഒരുനേരം ഭക്ഷണം കഴിക്കാതിരുന്നാൽ, മനസ്സലിഞ്ഞുപോകുന്ന രക്ഷിതാക്കളാകുന്നതിനു പകരം, മക്കളുടെ പക്വത വരാത്ത ആഗ്രഹത്തിന്‍റെ അപകടം പറഞ്ഞുമനസ്സിലാക്കാനും അവരെ തിരുത്താനുമാകണം. ഇത്തരമൊരുകാര്യം മക്കൾക്ക് തീർച്ചയായും തിന്മ വരുത്തുമെന്ന് തോന്നിയാൽ അത് മക്കൾക്ക് നിഷേധിക്കാനുള്ള ആത്മബലം രക്ഷാകർത്താക്കൾ കാണിക്കണം. 

    മാതാപിതാക്കൾ നിയന്ത്രിക്കാത്തതുകൊണ്ടുമാത്രം ഉണ്ടായ അപകടമല്ല ഇരുപത്തൊന്നുവയസ്സായ ശ്രീരാഗിന്റേത്. സ്വയം ചിന്തിക്കാനും കാര്യങ്ങളെ വിവേചിക്കാനും പ്രായമായ ഒരു ചെറുപ്പക്കാരനായിരുന്നു അവൻ. പക്ഷേ, മറ്റുള്ളവരുടെ കയ്യടിനേടി സ്വന്തം മനസ്സിന്‍റെ വികാരങ്ങൾ നിയന്ത്രിക്കാൻ അവൻ മറന്നപ്പോൾ, തന്നെ ആരും പഠിപ്പിക്കേണ്ടതില്ല എന്ന അഹങ്കാരം മനസ്സിൽ നിറഞ്ഞപ്പോൾ, അവൻ തന്നെ അവന്റെ അനിവാര്യമായ വിധിയെ തേടിച്ചെന്നു. ഇങ്ങനെ പറയാറുണ്ട്: ‘മുതിർന്നവരുടെ ഉപദേശങ്ങളെ നാം കേൾക്കേണ്ടത്, അവർ ഇപ്പോഴും ശരിയായി മാത്രം എല്ലാം ചെയ്യുന്നവരായതുകൊണ്ടല്ല, തെറ്റിപ്പോയ കൂടുതൽ അനുഭവങ്ങൾ അവർക്കു കൂടുതൽ ഉണ്ടായിട്ടുള്ളതുകൊണ്ടാണ്.’

     ‘ഉപദേശങ്ങൾ സ്വീകരിക്കാത്ത’ ശ്രീരാഗുമാർ ഇനി ഉണ്ടാകാതിരിക്കട്ടെ. മക്കളെ യഥാർത്ഥത്തിൽ സ്നേഹിക്കുന്ന മാതാപിതാക്കന്മാർ മക്കൾ ചോദിക്കുന്നതെല്ലാം വിവേകമില്ലാതെ വാങ്ങിക്കൊടുക്കാതിരിക്കട്ടെ. വാഹനം സുരക്ഷിതമായ ഉപയോഗത്തിനും യാത്രാസൗകര്യത്തിനുമാണെന്നു മറക്കാതിരിക്കട്ടെ. അല്ലെങ്കിൽ, പാതിരില്ലാത്ത പഴമൊഴി ആവർത്തിച്ചുകൊണ്ടിരിക്കും: “വേലിചാടുന്ന പശുവിന് കോലുകൊണ്ട് ….”.

    നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂർവ്വം ആശംസിക്കുന്നു.
    ഫാ. ബിജു കുന്നയ്ക്കാട്ട് 

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!