വത്തിക്കാന്‍സിറ്റി: പുതുവര്‍ഷത്തില്‍ പ്രത്യാശയോടെ വിശ്വാസയാത്ര തുടരണമെന്ന് ലെയോ പതിനാലാമന്‍ പാപ്പ. 2026 ലെ ആദ്യ ബുധനാഴ്ചയിലെ പൊതുക്കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പാപ്പ. പോള്‍ ആറാമന്‍ ഹാളിലായിരുന്നു പൊതുകൂടിക്കാഴ്ച. ഏഴായിരത്തോളം വിശ്വാസികള്‍ പങ്കെടുത്തു. ജൂബിലി വര്‍ഷം അവസാനിച്ചുവെങ്കിലും വിശ്വാസയാത്ര പ്രത്യാശയോടെ തുടരണമെന്ന് പാപ്പ പറഞ്ഞു. വിവിധഭാഷക്കാരെ അവരുടെ ഭാഷകളില്‍ പാപ്പ അഭിവാദ്യം ചെയ്തു, ഈ പ്രത്യേക കാലയളവില്‍ ദൈവം നല്കിയ എല്ലാ കൃപകള്‍ക്കും നന്ദി പറയാനും പാപ്പ ആഹ്വാനം ചെയ്തു. ക്രൈസ്തവര്‍ സ്‌നേഹത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയുമായ ദൈവരാജ്യത്തിന്റെ സുവിശേഷം ലോകമെങ്ങും സന്തോഷത്തോടെ എത്തിക്കാന്‍ വിളിക്കപ്പെട്ടവരാണെന്നും പാപ്പ പറഞ്ഞു.