വത്തിക്കാന്‍സിറ്റി: സ്പാനീഷ് കൗമാരക്കാരന്‍ ഇഗ്നാഷ്യോ ഗോണ്‍സാല്‍വസും ലെയോ പതിനാലാമന്‍ പാപ്പയും തമ്മില്‍ വീണ്ടും കണ്ടുമുട്ടി. ഇവരുടെ കണ്ടുമുട്ടലിന് പല സവിശേഷതകളുമുണ്ട്. ആദ്യമായി ഇവര്‍ തമ്മില്‍ കണ്ടുമുട്ടുമ്പോല്‍ ഇഗ്നാഷ്യോ ലിംഫോമ രോഗിയായിരുന്നു. ഇപ്പോഴാവട്ടെ ഇഗ്നാഷ്യോ രോഗവിമുക്തനായിരിക്കുന്നു. യൂത്ത് ജൂബിലി വേദിയില്‍ വച്ചായിരുന്നു ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച. ഇത്തവണ കണ്ടുമുട്ടിയത് കാസില്‍ ഗൊണ്ടോല്‍ഫയിലെ വില്ല ബാര്‍ബെറിനിയില്‍ വച്ചായിരുന്നു. കഴിഞ്ഞവര്‍ഷം റോമില്‍ നടന്ന യൂത്ത് ജൂബിലിയില്‍ പങ്കെടുക്കാന്‍ സ്‌പെയ്‌നില്‍ നിന്ന് കൂട്ടുകാര്‍ക്കൊപ്പം എത്തിയതായിരുന്നു ഇഗ്നാഷ്യോ. എന്നാല്‍ കഠിനമായ ശ്വാസംമുട്ടുകാരണം അദ്ദേഹത്തെ ബാംബിനോ ജേസു പീഡിയാട്രിക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് പരിശോധനയില്‍ ലിംഫോമയാണെന്ന് കണ്ടെത്തുകയുമായിരുന്നു.
പാപ്പ ഹോസ്പിറ്റലില്‍ ഇഗ്നാഷ്യോയെ സന്ദര്‍ശിക്കുകയും എല്ലാവരോടും പ്രാര്‍ത്ഥനാസഹായം ചോദിക്കുകയും ചെയ്തിരുന്നു, ജൂബിലി വേളയിലെ നാടകീയമായ രംഗങ്ങളെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഈ കൂടിക്കാഴ്ച.