പ്രാഗ്: ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗില്‍ ജൂണ്‍ 24 മുതല്‍ 26 വരെ നടക്കുന്ന യൂറോപ്യന്‍ ബ്രോഡ്കാസ്റ്റിംഗ് യൂണിയന്റെ (EBU) 96ാമത് ജനറല്‍ അസംബ്ലിയില്‍ വത്തിക്കാന്‍ റേഡിയോ പങ്കെടുക്കുന്നു. യൂറോപ്പിലെ പൊതുസേവന മാധ്യമങ്ങളുടെ ഏറ്റവും വലിയ സമ്മേളനങ്ങളിലൊന്നായ ഈ യോഗത്തില്‍ 56 രാജ്യങ്ങളില്‍ നിന്നുള്ള 113 പൊതുമാധ്യമ സ്ഥാപനങ്ങള്‍ പങ്കെടുക്കും.
1950 ല്‍ സ്ഥാപിതമായ യൂറോപ്യന്‍ ബ്രോഡ്കാസ്റ്റിംഗ് യൂണിയന്റെ സ്ഥാപക അംഗങ്ങളില്‍ ഒന്നാണ് വത്തിക്കാന്‍ റേഡിയോ. ഈ വര്‍ഷത്തെ സമ്മേളനത്തില്‍ കൃത്രിമ ബുദ്ധിയുടെ വളര്‍ച്ച, പൊതുസേവന മാധ്യമങ്ങളുടെ ഭാവി, ഡിജിറ്റല്‍ ആശയവിനിമയവും ഗുണമേന്മയുള്ള വാര്‍ത്താ സേവനവും തമ്മിലുള്ള സന്തുലനം, അന്താരാഷ്ട്ര പ്രതിസന്ധികള്‍ മാധ്യമപ്രവര്‍ത്തനത്തെ എങ്ങനെ ബാധിക്കുന്നു എന്നീ വിഷയങ്ങള്‍ പ്രധാന ചര്‍ച്ചാവിഷയങ്ങളായിരിക്കും.
വത്തിക്കാനിലെ ആശയവിനിമയ ഡിക്കാസ്റ്ററിയുടെ ഡെപ്യൂട്ടി ഡയറക്ടറായും യൂറോപ്യന്‍ ബ്രോഡ്കാസ്റ്റിംങ് യൂണിയന്റെ റേഡിയോ ആന്‍ഡ് ഓഡിയോ ന്യൂസ് ഗ്രൂപ്പിന്റെ ചെയര്‍മാനായും പ്രവര്‍ത്തിക്കുന്ന അലെസാന്‍ട്രോ ഗിസോറ്റി സമ്മേളനത്തില്‍ വത്തിക്കാന്‍ റേഡിയോയെ പ്രതിനിധീകരിക്കും.
ജനറല്‍ അസംബ്ലിയുടെ ഭാഗമായി വിവിധ പ്രാദേശിക പൊതുമാധ്യമ ഗ്രൂപ്പുകളുടെയും യോഗങ്ങള്‍ നടക്കും. വത്തിക്കാന്‍ റേഡിയോ മെഡിറ്ററേനിയന്‍ ഗ്രൂപ്പിലും സ്‌മോള്‍ സ്റ്റേറ്റ്‌സ് ഗ്രൂപ്പിലും സജീവ പങ്കാളിത്തം വഹിക്കുന്നുണ്ട്.