കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ദുക്‌റാന തിരുനാളും സഭാദിനാഘോഷവും

കാക്കനാട്: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ സ്മരണ പുതുക്കുന്ന ജൂലൈ 3 വെള്ളിയാഴ്ച, സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ദുക്‌റാന തിരുനാളും സഭാദിനാഘോഷവും പ്രൗഢഗംഭീരമായി സംഘടിപ്പിക്കുന്നു.

രാവിലെ 8:30-ന് സഭയുടെ തലവനും പിതാവുമായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പതാക ഉയർത്തി സഭാദിനാഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് 8:45-ന് മേജർ ആർച്ചുബിഷപ്പിന്റെ കാർമ്മികത്വത്തിൽ റാസ കുർബാന അർപ്പിക്കപ്പെടും. കുർബാന മധ്യേ ബിഷപ്പ് എമിരിതുസ് മാർ ബോസ്കോ പുത്തൂർ വചന സന്ദേശം നൽകും.

രാവിലെ 11:00 മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രിമാരായ ശ്രീ സണ്ണി ജോസഫ്, ശ്രീ മോൻസ് ജോസഫ്, ശ്രീ റോജി എം. ജോൺ, ചീഫ് വിപ്പ് ശ്രീ അപു ജോൺ ജോസഫ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുകയും സീറോമലബാർ സഭയുടെ ആദരം ഏറ്റുവാങ്ങുകയും ചെയ്യും. കൂടാതെ, സീറോമലബാർ സഭാംഗവും കത്തോലിക്കാ കോൺഗ്രസിന്റെ സജീവ പ്രവർത്തകനുമായ പ്രമുഖ പ്രവാസി വ്യവസായി ഷെവലിയർ ഡേവിസ് എടക്കളത്തൂരിനെ ചടങ്ങിൽ പ്രത്യേകമായി ആദരിക്കുന്നതാണ്.

“ഹിസ്റ്ററി ഓഫ് ക്രിസ്ത്യാനിറ്റി ഇൻ ഇന്ത്യ” എന്ന പുസ്തക പരമ്പരയിലെ രണ്ടാമത്തെ പുസ്തകത്തിന്റെ പ്രകാശന കർമ്മവും ചടങ്ങിൽ നിർവഹിക്കപ്പെടും. തൃശൂർ അതിരൂപത സഹായ മെത്രാൻ ബിഷപ്പ് മാർ ടോണി നീലങ്കാവിൽ, റവ. ഡോ. പയസ് മലേക്കണ്ടെത്തിൽ എന്നിവർ പുസ്തകം പരിചയപ്പെടുത്തി സംസാരിക്കും. മാർതോമാ നസ്രാണികളുടെ വിശ്വാസ പൈതൃകത്തിന്റെ ഓർമ്മപ്പെടുത്തലായും സാമുദായിക ഐക്യബോധത്തിന്റെ ആവിഷ്കാരമായും മാറുന്ന ഈ മഹാസംഗമത്തിൽ സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽ നിന്നുള്ള വൈദിക, സമർപ്പിത, അല്മായ പ്രതിനിധികൾ ഒത്തുചേരും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates