spot_imgspot_imgspot_imgspot_img

ഇംഗ്ലണ്ടിലെ നസ്രത്തിൽ മാതൃസ്നേഹം പുൽകി വിശ്വാസിസാഗരം: വാത്സിങ്ഹാം തീർത്ഥാടനം മരിയഭക്തി പ്രഘോഷണമായി.

*Appachan Kannanchira *

വാത്സിങ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ ഇംഗ്ളണ്ടിലെ നസ്രത്തിൽ സംഘടിപ്പിച്ച തീർത്ഥാടനം ഭക്തിസാന്ദ്രവും, മരിയഭക്തി പ്രഘോഷണവുമായി. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട വാത്സിങ്ഹാം തീർത്ഥാടനത്തിന്റെ പത്താം വാർഷികത്തിൽ, പുണ്യ സന്നിധിയിൽ ഒഴുകിയെത്തിയ ആയിരങ്ങളായ മാതൃഭക്തർ തീർത്ത ജനസാഗരം, മനം നിറയെ മാതൃസ്നേഹം പുൽകിയാണ് തിരിച്ചു പോയത്. പ്രതികൂല കാലാവസ്ഥയെ പ്രാർത്ഥനയിലും മാതൃ സംരക്ഷണത്തിലും പ്രസന്നമാക്കിയ അത്ഭുത അടയാളങ്ങൾക്കും വാത്സിങ്ഹാം സാക്ഷിയായി.

തീർത്ഥാടന തിരുക്കർമ്മൾക്ക് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ കാർമ്മികത്വത്തിൽ സപ്രാ പ്രാർത്ഥനയോടെ ആരംഭമായി. തുടർന്ന് ദിവ്യകാരുണ്യം എഴുന്നള്ളിച്ചുവെച്ചു നടത്തിയ ആരാധനയിലും അഭിവന്ദ്യ പിതാവ് നേതൃത്വം നൽകി. ആരാധനക്ക് ശേഷം രൂപതയുടെ പ്രോട്ടോ സെഞ്ചുലോസ്, റവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് നൽകിയ മരിയൻ സന്ദേശം മാതൃഭക്തി പ്രഘോഷണവും വിശ്വാസദീപ്തവുമായി. തിരുന്നാൾ കൊടിയേറ്റത്തിനു ശേഷം പ്രസുദേന്തിവാഴ്ച നടന്നു.

രൂപതയുടെ നാനാ ഭാഗത്തു നിന്നും ഒഴുകിയെത്തിയ വൻ ജനാവലി തങ്ങളുടെ മിഷൻ ബാനറുകളുടെ പിന്നിൽ അണിനിരന്ന്, മുത്തുക്കുടകളുടെയും, കൊടിതോരണങ്ങളുടെയും, അകമ്പടിയോടെ വിശുദ്ധരുടെ രൂപങ്ങളുമേന്തി ഭക്ത്യാദരപൂർവ്വം തിരുന്നാൾ പ്രദക്ഷിണം നടത്തി. ജപമാല സമർപ്പിച്ചും, മാതൃവണക്ക ഗാനങ്ങൾ ആലപിച്ചും, ആവേ മരിയാ ഗീതങ്ങൾ മീട്ടിയും, പ്രാർത്ഥനാനിറവിൽ നടത്തിയ പ്രദക്ഷിണം അക്ഷരാർത്ഥത്തിൽ വിശ്വാസ പാരമ്പര്യങ്ങളുടെ ആഴങ്ങൾ വിളിച്ചോതുന്നതായിരുന്നു. പ്രദക്ഷിണത്തിന്റെ തുടക്കഭാഗം ദേവാലയത്തിൽ തിരിച്ചെത്തിയപ്പോഴും രണ്ടു മൈലോളം നീളത്തിൽ ഒരുക്കിയ പ്രദക്ഷിണ പാതയിൽ പിൻഭാഗം പ്രവേശിച്ചിട്ടില്ലാത്തത്ര തീർത്ഥാടകരാണ് അനുഗ്രഹങ്ങളുടെ പറുദീസയിൽ ഈ വർഷം എത്തിച്ചേർന്നത്. പ്രദക്ഷിണത്തിന്റെ ഏറ്റവും പിന്നിലായി വാത്സിങ്ങ്ഹാം മാതാവിന്റെ തിരുസ്വരൂപവുമേന്തി ആതിഥേയരായ കേംബ്രിഡ്ജ് റീജൻ സീറോമലബാർ സംഘവും, അതിന്റെ പിന്നിൽ ദിവ്യകാരുണ്യം എഴുന്നള്ളിച്ചുകൊണ്ട് അഭിവന്ദ്യ പിതാവും വൈദികരും പങ്കുചേർന്നു.

വാത്സിങ്ങാമിലെ കത്തോലിക്കാ നാഷണൽ തീർത്ഥാടന ബസിലിക്കയുടെ റെക്ടർ മോൺസിഞ്ഞോർ റോബർട്ട് ബില്ലിംഗ് ഏവർക്കും ഹൃദ്യമായ സ്വാഗതമരുളി. പൗരോഹിത്യ ജൂബിലിയുടെ നിറവിലായിരുന്ന റെക്ടർ മോൺസിഞ്ഞോർ റോബെർട്ട് ബില്ലിങ്ങിന് ബൊക്കെ നൽകിയും, ഷാൾ അണിയിച്ചും അഭിവന്ദ്യ പിതാവ് സനേഹോഷ്മളമായ ആശംസയും അനുമോദാനവും നേരുകയായിരുന്നു.

ആഷ്‌ഫോർഡ് വി. സൈമൺ സ്റ്റോക്ക് കത്തോലിക്കാ ചർച്ച് വികാരിയും, എപ്പാർക്കി വിമൻസ്‌ഫോറം , ചർച്ച് കൊയർ എന്നിവയുടെ ചെയർമാനുമായ ഫാ. ജോസ് അഞ്ചനാനിയിൽ അച്ചന്റെ ജന്മദിനത്തിൽ, ബൊക്കെ നൽകികൊണ്ടു സ്രാമ്പിക്കൽ പിതാവ് ആശംസകൾ നേർന്നു.

പ്രോട്ടോ സെഞ്ചുലോസ് റവ. ഡോ.ആൻറണി ചുണ്ടെലിക്കാട്ട് രൂപതക്കുവേണ്ടി വാത്സിങ്ങാമിലെ ബസിലിക്കയുടെ റെക്ടർ അടക്കം വൈദികർക്കും വോളണ്ടിയേഴ്സിനും തീർത്ഥാടകർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു.

ഉച്ചകഴിഞ്ഞു ഒന്നേമുക്കാലോടെ ആരംഭിച്ച ആഘോഷപൂർവ്വമായ പരിശുദ്ധ തിരുന്നാൾ കുർബ്ബാനയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. പ്രോട്ടോ സെഞ്ചുലോസ് റവ.ഡോ ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസലർ റവ.ഡോ. മാത്യു പിണക്കാട്ട്, വൈസ് ചാൻസലർ ഫാ. ഫാൻസുവ പത്തിൽ, ഫിനാൻസ് ഡയറക്ടർ ഫാ.ജോ മാത്യു, വാത്സിങ്ങ്ഹാം തീർത്ഥാടന കമ്മിറ്റി കോർഡിനേറ്റർ ഫാ ജിനു മുണ്ടുനടക്കൽ അടക്കം രൂപതയിലെ നാല്പതോളം വൈദികർ സഹകാർമ്മികരായി അർപ്പിച്ച ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹബലി പുണ്യ സന്നിധേയത്തിൽ ആത്മീയ വിരുന്നും, അനുഗ്രഹദായകവുമായി.

ആഘോഷമായ തിരുന്നാൾ പരിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം വാൽസിംഗ്ഹാം പിൽഗ്രിമേജ് തിരുന്നാൾ കമ്മിറ്റി കോർഡിനേറ്ററും , സീറോമലബാർ ഇടവക വികാരിയുമായ ഫാ. ജിനു മുണ്ടുനടക്കൽ ഏവർക്കും ഹൃദ്യമായ നന്ദി പ്രകാശിപ്പിച്ചു. സീറോമലബാർ രൂപത യുടെ വാൽസിംഗ്ഹാം തീർത്ഥാടനം ഏറ്റവും വിജയപ്രദവും, അനുഗ്രഹദായകവും, സുഗമമായും നടത്തുന്നതിൽ നേതൃത്വം വഹിച്ച ഫാ. ജിനു മുണ്ടുനടക്കലിനെയും, കേംബ്രിഡ്ജ് റീജൻ സീറോമലബാർ ടീമിനെയും അഭിവന്ദ്യ പിതാവ് പ്രത്യേകം പ്രശംസിക്കുകയും, നന്ദിപ്രകാശിപ്പിക്കുകയും ചെയ്തു.

ബിജു കൊച്ചുതെള്ളിയുടെ നേതൃത്വത്തിൽ തിരുന്നാൾ ഗായകസംഘം നടത്തിയ ഗാനശുശ്രുഷ ആത്മീയവും സ്വർഗ്ഗീയവുമായ അനുഭൂതി പകർന്നു. പരിശുദ്ധ അമ്മയെ വണങ്ങി പ്രാർത്ഥനകൾ സമർപ്പിച്ചും, നേർച്ചകാഴ്ച്ചകൾ സ്വീകരിച്ചും, മാതൃസ്നേഹം ആവോളം നുകർന്നതിനും ശേഷമാണ് വിശ്വാസികൾ സ്വഭവനങ്ങളിലേക്ക് മടങ്ങിയത്.

“തിരുവചനം നൈർമ്മല്യത്തിലേക്കും വിശുദ്ധിയിലേക്കുമുള്ള  ഏക മാർഗ്ഗം”: മാർ സ്രാമ്പിക്കൽ .

  • നൈർമ്മലത്തിലേക്കും, വിശുദ്ധിയിലേക്കുമുള്ള ഏക മാർഗ്ഗം തിരുവചനമാണെന്നു മാർ സ്രാമ്പിക്കൽ പിതാവ്. പരിശുദ്ധ അമ്മ പ്രവാചകയാണെന്നും, വചനം കേൾക്കുകയും, വിശ്വസിക്കുകയും, ഉൾക്കൊള്ളുകയും ചെയ്തതിനാലാണ് പരിശുദ്ധ മറിയം പരിശുദ്ധാരൂപിയിൽ പൂരിതയായതെന്നും പിതാവ് ഓർമ്മിപ്പിച്ചു. പരിശുദ്ധ മാതാവിന്റെ സന്ദർശനവും സാന്നിദ്ധ്യവും മാതാവിനോട് ചേർന്ന്  നിൽക്കുകയും ചെയ്യുന്ന ഭവനങ്ങൾ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ  നിറയും എന്നും എലീശാ പുണ്യവതിയുടെ ഭവനം സന്ദർശനത്തിൽ അടക്കം അക്കാര്യം വിശുദ്ധ ഗ്രൻഥം പ്രതിപാദിക്കുന്നുണ്ടെന്നും പിതാവ് ഓർമ്മിപ്പെടുത്തി. വാത്സിങ്ഹാം തീർത്ഥാടനത്തിൽ പരിശുദ്ധ കുർബ്ബാന മദ്ധ്യേ തിരുന്നാൾ സന്ദേശം നൽകുകയായിരുന്നു മാർ ജോസഫ് സ്രാമ്പിക്കൽ.

മനുഷ്യ കുലത്തിന്റെ നവീകരണത്തിനും രക്ഷക്കുമായി ദൈവം സ്വപുത്രനെ അയച്ചപ്പോൾ, സ്വന്തം ഉദരം വാസസ്ഥലമായി നൽകിയ  പരിശുദ്ധ അമ്മ ജീവിക്കുന്ന സക്രാരിയാണ്. പരിശുദ്ധ അമ്മയെ സ്വന്തം മാതാവായി അംഗീകരിക്കാത്ത ഒരു വ്യക്തിക്കും സമാധാനവും സ്വസ്ഥതയും ലഭിക്കില്ല എന്നും, കാൽവരിയിൽ കുരിശിൽ കിടന്നുകൊണ്ട് ഇതാ നിന്റെ അമ്മയെന്ന് പറഞ്ഞുകൊണ്ട് തന്റെ രക്ഷാകര ദൗത്യം പൂർത്തിയാക്കുമ്പോൾ അമ്മയെന്ന ആശ്രയമാണ് ദൈവം നമ്മൾക്ക് നൽകിയതെന്നും പിതാവ് പറഞ്ഞു.  

പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിൽ, ദൈവീക അനുഗ്രഹ വർഷമാണ് രൂപതയിൽ കാണുവാൻ കഴിയുന്നത്.  സീറോമലബാർ സഭാ മക്കൾക്കായി എൺപതോളം വൈദികരുടെ അജപാലന സേവനം നൽകുവാൻ ഇന്ന് കഴിയുന്നുവെന്ന് പിതാവ് നന്ദി പുരസ്സരം ഓർമ്മിച്ചു.  വൈദീക പട്ടം സ്വീകരിച്ച് സ്വന്തമായി രണ്ടു വൈദികർ രൂപതക്കുണ്ടായതിലും, സമർപ്പിത  ജീവിതം തെരഞ്ഞെടുത്ത് രൂപതയിൽ സേവനം ചെയ്യുവാൻ പുതുതലമുറയിലെ  സിസ്റ്ററിനെ ലഭിച്ചതും പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥവും സംരക്ഷണവുമാണെന്നും ദൈവത്തിന്റെ കരുതലുമാണെന്നും  പിതാവ് നന്ദിയോടെ ഓർമ്മിച്ചു.

“മനുഷ്യരും ദൈവവുമായി ഐക്യപ്പെട്ടു ജീവിക്കുന്ന വാസസ്ഥലമാണ് ഭവനം” ഫാ. ആന്റണി ചുണ്ടെലിക്കാട്ട്  

 ‘മനുഷ്യരും ദൈവവുമായി ഐക്യപ്പെട്ടു ജീവിക്കുന്ന വാസസ്ഥലമാണ് ഭവനം എന്നും, പാപം നിമിത്തംവിശുദ്ധി നഷ്‌ടപ്പെട്ട്‌ ഭവനങ്ങൾ നശിക്കുമെന്നും’ പ്രോട്ടോ സെഞ്ചുലോസ് റവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട് . ഭവനങ്ങളിൽ പരിശുദ്ധ അമ്മക്ക് നൽകേണ്ട സ്ഥാനവും ബഹുമാനവും  ഉദ്ബോധിപ്പിച്ച ആന്റണി അച്ചൻ  പാപം ചെയ്തത്  നിമിത്തം ഏദന്തോട്ടത്തിൽ  നിന്ന് ദൈവം ആദിമാതാപിതാക്കളെ പുറത്താക്കിയ കാര്യം ഓർമ്മിപ്പിച്ചു.വാത്സിങ്ഹാം  തീർത്ഥാടനത്തിന്റെ ഭാഗമായി ഒരുക്കിയ മരിയൻ പ്രഭാഷണം നടത്തുകയായിരുന്നു  സഭാ പണ്ഡിതനും കൂടിയായ  റവ.ഡോ .ആന്റണി ചുണ്ടെലിക്കാട്ട് . ദൈവ ഹിതം അനുസരിച്ച് സർവ്വതും  ഉപേക്ഷിച്ചെത്തിയ അബ്രഹാമിനെ ദൈവം  പുതിയ ദേശവും ഭവനവും വാഗ്ദാനം നൽകി കൽപ്പനകൾ കൊടുത്ത് വാഗ്ദത്ത ഭൂമിയിലേക്ക്  ജനതയെ നയിക്കുവാൻ അയക്കുന്നതാണ് പിന്നീട് കാണുക.’

‘പുതിയ നിയമത്തിൽ മനുഷ്യനു  നഷ്ടപ്പെട്ട  സ്വർഗ്ഗീയ ഭവനം വീണ്ടെടുക്കാനായി ദൈവം സ്വപുത്രനെ ഭൂമിയിലേക്ക് അയക്കുവാൻ തീരുമാനിക്കുകയും പരിശുദ്ധ മറിയത്തിന്റെ ഉദരത്തിൽ  വസിക്കുവാനുള്ള വിശുദ്ധ ഭവനം ഒരുക്കുകയുമായിരുന്നു. മനുഷ്യരക്ഷയുടെ ചരിത്രത്തിൽ മറിയത്തിന്റെ ഈ ദൗത്യം അതുല്യമാണ്. ദൈവപുത്രന് മാനുഷിക ശരീരം നൽകി ദൈവത്തിന്റെ വാസസ്ഥലമായിത്തീർന്ന മറിയം, വിശ്വസ്തരുടെ ആത്മീയ അമ്മയായി സഭ ആദരിക്കുന്നു. ‘കാൽവരിയിലെ ചിന്തയും’ ഇക്കാര്യം അടിവരയിട്ടു പറയുന്നു’.

മനുഷ്യരുടെ ആവശ്യങ്ങൾ എല്ലാ തലങ്ങളിലും മനസ്സിലാക്കി സ്വപുത്രന്റെ ശ്രദ്ധയിൽ എത്തിക്കുകയും, അനുഗ്രഹദായകമാക്കുകയും ചെയ്യുന്ന പരിശുദ്ധ അമ്മ അനുഗ്രഹങ്ങളുടെ  പറുദീസയാണ്. പരിശുദ്ധ മറിയത്തിന്റെ മാതൃസ്നേഹം വിശ്വാസത്തിന് ശക്തിയും, ഹൃദയത്തിന് സമാധാനവും, ജീവിതത്തിന് പ്രത്യാശയും പകരുന്ന ആത്മീയ അത്താണിയാണ്.   മാതൃപരിപാലനത്തിലും, മാധ്യസ്ഥത്തിലും ആശ്രയിച്ച് ക്രിസ്തുവിനോട് കൂടുതൽ ചേർന്ന് നിൽക്കുകയും,  പാപത്തെ അതിജീവിച്ച്, നഷ്ടപ്പെട്ട സ്വർഗ്ഗഭവനത്തിലേക്കുള്ള യാത്രയിൽ സ്ഥിരതയോടെ മുന്നേറുകയും ചെയ്യാം എന്ന് ആന്റണി അച്ചൻ  തീർത്ഥാടകരോട്  ആഹ്വാനം ചെയ്തു. 

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates