Friday, October 18, 2024
spot_img
More

    കരുണയുടെ കൂടാരത്തില്‍ നിന്നെയും കാത്ത്…

                                                                 

    ഒരു ജീവൻ ഉദരത്തിൽ  ഉരുവാകുന്നതുപോലെ ഒരു മനുഷ്യൻ ദൈവീകനായി മാറുന്ന പുണ്യ ഗേഹം.

    കണ്ണുനീർ തുള്ളികൾ ധാരധാരയായി ഒഴുകി പാദം കഴുകുന്ന…ഗുരുവിന്റെ മൊഴികളിൽ ജീവൻ ലഭിക്കുന്ന….കരുണതൻ ഉരുവമാം ലോകൈക നാഥൻ മിഴികൾ തുടച്ചുകൊണ്ട് ഞാനും നിന്നെ വിധിക്കുന്നില്ല മേലിൽ പാപം ചെയ്യരുതെന്ന് മിഴികളിൽ നോക്കി അരുളും വിശുദ്ധപീഠം….

    കുറവുകൾ നിറഞ്ഞ ജീവിത യാത്രയിൽ….കാലിടറും വേളകളില്‍ ആരും എന്തേ എന്നെ മനസിലാക്കുന്നില്ല എന്നോർത്ത് ഹൃദയം തകർന്ന്  കരയുന്ന നിമിഷങ്ങളിൽ ഞാനില്ലെ പൊന്നേ നിന്റെ കുറവുകൾ നീക്കുവാൻ ഞാനില്ലെ കുഞ്ഞേ നിൻ പാതകൾ നേരെയാക്കുവാനെന്നു നിരന്തരം എന്നെ ഓർമിപ്പിക്കുന്നവൻ എന്നെയും കാത്തു വിളക്കും തെളിച്ചു സുസ്മേര വദനനായി ഞാനല്ലേ നിന്റെ വെളിച്ചം എന്ന് മന്ദസ്‌മിതംതൂകി ഒരു തെന്നലായി എന്നെ പുനർജീവിപ്പിക്കുന്നവൻ.

    ഇനി മേലിൽ പാപം ചെയ്യുകില്ലെന്നോതിയ ശേഷവും വീണ്ടും വീണ്ടും വീണുപോകുമ്പോഴും ഏഴല്ല ഏഴ് എഴുപത് പ്രാവശ്യം എനിക്കായി കാത്തുനിൽക്കുന്നവൻ. മനസ്സ് ശാന്തമാകാതെപോയ തെറ്റിന്റെ ഇടവഴികളിൽ മനഃസാക്ഷി തെല്ലും ശാന്തമാകാത്ത ഇരുളിന്റെ മറപറ്റി ജീവിതം ശോകപൂർണമായ  ദിനരാത്രങ്ങളിൽ തിരിച്ചുവരുവാൻ എന്നെ പഠിപ്പിച്ച കുറവുകൾ നിറവുകൾ ആകും എന്ന് എന്റെ കാതിലോതിയ കരുണയുടെ തിരിനാളം എന്നിൽ കനലായി കത്തിപ്പടർന്ന ഒരേ ഒരു ഇടം.

    എന്റെ യേശുവിന്റെ രക്തംകൊണ്ട് അനുനിമിഷം എന്നിൽ വിശുദ്ധി ചൊരിയുന്ന ഈ കുമ്പസാരക്കൂട് ആണ്. അഴുക്ക് നിറഞ്ഞ മലിനമായ എന്റെ മനസിനെ മഞ്ഞുപോലെ വെണ്മയാക്കിയ എന്റെ ലോകമാം വിശ്വനായകൻ വാഴുമിടം.

    പാപപങ്കിലമായ മിഴികളിൽ നോക്കി പാപവിമുക്തി പകരും കാൽവരി മലയിൽ അപ്പമായ് മാറിയ അവസാന തുള്ളി രക്തവും എനിക്ക് മാത്രമായി ഹോമിച്ച എന്റെ ഹൃദയത്തിൻ കാവലാൾ വാഴുമിടം. തിരികെ മടങ്ങുവാൻ മനസ് വെമ്പൽകൊള്ളുന്ന സുബോധം  ബോധതലങ്ങളിൽ പകരുന്ന കരുണയാണ്,നന്മയാണ്,ജീവനാണ്,ആത്മാവാണ്,ക്ഷമയാണ്, കരുതലാണ്, കർമവീരനാണ്, രക്തമാണ്, മാംസമാണ്, ജീവന്റെ ഉറവിടമാണ് ആ കൂട്. അതിൽ ജീവൻ തുടിക്കുന്ന എന്റെ രക്ഷകനുണ്ട് … എനിക്കായ് പിടഞ്ഞ നാഥനുണ്ട്…എനിക്കായ് കുരിശ് ചുമന്നവനുണ്ട് ……..എന്റെ പാപങ്ങൾ മൂലം ഈ ലോകത്തിനാൽ വീണ്ടും വീണ്ടും ക്രൂശിക്കപ്പെടുന്ന എന്റെ യേശുവുണ്ട്… 

    ഈ കുമ്പസാരക്കൂടിനെ നോക്കി പരിഹസിച്ചുകൊൾക….പരിഹസിക്കുന്ന നിന്നെയും നെഞ്ചോട് ചേർത്ത് മാത്രം നിറുത്തുന്ന നിനക്കുവേണ്ടിയും പ്രാർത്ഥിക്കുന്ന ക്രൂശിതൻ ഉണ്ടവിടെ ആർക്കും എപ്പോൾ വേണമെങ്കിലും കയറിവരാൻ കഴിയുന്ന വേറെ ഒരിടം ഈ ഭൂവിലുണ്ടോ മനുജാ….യുഗാന്ത്യംവരെ അവനുണ്ടാകും അവിടെ എന്നെയും നിന്നെയും കാത്തു… 

    നിന്റെ ഹൃദയമാകുന്ന വാതിലിൽ മുട്ടി വിളിക്കാനെ അവനാകൂ അത് തുറക്കേണ്ടത് നീ ആണ്. നിന്റെ വാതിൽ നീ ഈ കുദാശക്കുനേരെ കൊട്ടി അടക്കുന്നിടത്തോളം നിന്റെ ഗർവ് തുടരുക എന്നെങ്കിലും ഒരു നാളിൽ ജീവിത സായാഹ്ന തീരത്തിരുന്നു ഈ കൂദാശയുടെ വില നീ മനസിലാക്കാൻ തുടങ്ങുമ്പോഴേക്കും തിരിച്ചു വരുക നിന്നെയും കാത്തു അവിടെ ഒരുവൻ ഇരിപ്പുണ്ടാകും നിന്നെ ഒരിക്കലും കുറ്റപ്പെടുത്താത്ത, കുറവുകൾ എണ്ണി തിട്ടപ്പെടുത്താത്ത, ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ട് പോലും നിന്നെ നുള്ളി വേദിനിപ്പിക്കാത്ത നിന്റെ ഒരേ ഒരു രക്ഷകൻ യേശു ക്രിസ്‌തു.                                                                                      
    ഫാ.സാജന്‍ ജോസഫ്, തക്കല

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!