അമേരിക്കയിലെ കത്തോലിക്കാ യൂണിവേഴ്‌സിറ്റികളില്‍ മതപരിവര്‍ത്തനം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയിലുടനീളമുള്ള വിവിധ ക്യാമ്പസുകളില്‍ കത്തോലിക്കാ വിശ്വാസം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ‘ഹാലോ’ റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ രാജ്യത്തുടനീളമുള്ള കോളേജ് ക്യാമ്പസുകളില്‍ ‘ഓര്‍ഡര്‍ ഓഫ് ക്രിസ്ത്യന്‍ ഇനിഷ്യേഷന്‍ ഓഫ് അഡള്‍ട്ട്‌സ്’ പരിപാടിക്കായുള്ള രജിസ്‌ട്രേഷന്‍ ഇരട്ടിയിലധികമായി വര്‍ധിച്ചിട്ടുണ്ട്.
2024-25 അധ്യയന വര്‍ഷത്തില്‍ നിന്ന് 2025-26 വര്‍ഷത്തിലേക്ക് എത്തുമ്പോള്‍ OCIAയിലെ പങ്കാളിത്തം 87.6 ശതമാനം വര്‍ധിച്ചു.ലോസ് ഏഞ്ചല്‍സിലെ യൂണിവേഴ്‌സിറ്റി പാര്‍ക്ക് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന യുഎസ്‌സിയില്‍ കഴിഞ്ഞ അധ്യയന വര്‍ഷം OCIAയിലെ പങ്കാളിത്തത്തില്‍ 76 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സാന്‍ ജോസിനും സാന്‍ ഫ്രാന്‍സിസ്‌കോയ്ക്കുമിടയില്‍ സിലിക്കണ്‍ വാലിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍, 2025-26 അധ്യയന വര്‍ഷത്തില്‍ OCIAയിലെ സ്ഥാനാര്‍ത്ഥികളുടെയും മതബോധന ക്ലാസുകളില്‍ പങ്കെടുക്കുന്നവരുടെയും എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്.’
ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ OCIAയിലെ പങ്കാളിത്തത്തില്‍ 88% വര്‍ധനവുണ്ടായതായും, അവിടുത്തെ ദൈനംദിന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം മൂന്നിരട്ടിയായതായും ‘ റിപ്പോര്‍ട്ടുണ്ട്. .സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഈ വര്‍ഷം മുതിര്‍ന്നവരുടെ മാമ്മോദീസ അസാധാരണമാംവിധം കൂടുതലായിരുന്നു.സാധാരണയായി വര്‍ഷത്തില്‍ നാല് മുതിര്‍ന്നവര്‍ക്ക് മാത്രമാണ് മാമ്മോദീസ നല്‍കാറുള്ളതെന്ന് ഡൊമിനിക്കന്‍ സഭാംഗമായ ഫാ. ബാര്‍ട്ട് ഹച്ചേഴ്‌സണ്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു; എന്നാല്‍ ഇത്തവണത്തെ ഈസ്റ്റര്‍ വേളയില്‍ അദ്ദേഹം 16 പേര്‍ക്കാണ് മാമ്മോദീസ നല്‍കിയത്. അവരില്‍ മിക്കവരും സ്റ്റാന്‍ഫോര്‍ഡ് വിദ്യാര്‍ത്ഥികളായിരുന്നു.