spot_imgspot_imgspot_imgspot_img

കുടുംബത്തിന്റെ സന്തോഷം സമൂഹത്തിന്റെയും : മാർ ജോസ് പുളിക്കൽ.

കുട്ടിക്കാനം: സംതൃപ്തമായ കുടുംബങ്ങൾ സമൂഹത്തിന്റെ കെട്ടുറപ്പിന് ഊർജം പകരുന്നുവെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കുട്ടിക്കാനം മരിയൻ കോളജ് മാജിസ് ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതയുടെ പതിമൂന്നാമത് പാസ്റ്ററൽ കൗൺസിലിൻ്റെ രണ്ടാം സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. “കുടുംബങ്ങൾ അനുഭവിക്കുന്ന സ്നേഹത്തിൻ്റെ സന്തോഷമാണ് സഭയുടെ സന്തോഷം” എന്ന മാർപാപ്പയുടെ കാഴ്ചപ്പാട് അദ്ദേഹം ഊന്നിപ്പറഞ്ഞു. “കുടുംബം: ഗാർഹിക സഭയും പ്രേഷിതയും” എന്ന വിഷയത്തെ കേന്ദ്രീകരിച്ചാണ് സമ്മേളനത്തിൽ ചർച്ചകളും വിശകലനങ്ങളും നടന്നത്. ശ്രീ സെബാസ്റ്റ്യൻ താന്നിക്കൽ വിഷയാവതരണം നടത്തി. രൂപതാ ഫാമിലി അപ്പസ്തൊലേറ്റ് ഡയറക്ടർ ഫാ മാത്യു ഓലിക്കൽ മോഡറേറ്ററായിരുന്നു.

കൗൺസിലിലെ പത്ത് കമ്മീഷനുകളുടെ നേതൃത്വത്തിൽ രൂപതയുടെ പ്രവർത്തനമേഖലകളും സമ്മേളനത്തിൻ്റെ ചിന്താവിഷയവും വിശകലനം ചെയ്ത് വിവിധ അവതരണങ്ങൾ നടത്തി.
തുടർന്ന്, രൂപതാ വികാരി ജനറൽ ഫാ സെബാസ്‌റ്റ്യൻ കൊല്ലംകുന്നേൽ രൂപതാ സുവർണ്ണ ജൂബിലി കർമ്മ പരിപാടികൾ വിശദീകരിച്ചു. ഇ എസ് എ, ബഫർ സോൺ വിഷയത്തിലുള്ള ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയവും പാസ്റ്ററൽ കൗൺസിൽ പാസാക്കി.

രൂപതാ വികാരി ജനറൽമാരായ ഫാ ജോസഫ് വെള്ളമറ്റം, ഫാ ബോബി അലക്സ് മണ്ണംപ്ലാക്കൽ, ചാൻസലർ ഫാ മാത്യു ശൗര്യാംകുഴി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ ബിനോ പി ജോസ്, ജോയിൻ്റ് സെക്രട്ടറി അഡ്വ ഷാൻസി ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.

ഇ എസ് എ – കർഷകരുടെ ആശങ്കകൾ പരിഹരിക്കണം

കാഞ്ഞിരപ്പള്ളി രൂപതയുടെ സിംഹ ഭാഗത്തെയും ഉൾക്കൊള്ളുന്ന കാർഷിക മേഖലയെ ബാധിക്കുന്നതാണ് സമകാലികമായ ഇ എസ് എ- ബഫർസോൺ പ്രഖ്യാപനങ്ങളെന്ന് കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൗൺസിൽ. ഇതു സംബന്ധമായ ആശങ്കകൾ പരിഹരിക്കുന്നതിലേക്ക് കേരള നിയമസഭ ഐകകണ്ഠേന പാസാക്കിയ പ്രമേയം കൃഷിയിടങ്ങൾ, താമസസ്ഥലങ്ങൾ, വ്യവസായ മേഖലകൾ എന്നിവ ഒഴിവാക്കണമെന്നാവശ്യപ്പെട്ടത് സ്വാഗതാർഹമാണ്. എന്നാൽ, റിസർവ് വനമേഖലയിൽ തന്നെ ഇ എസ് എ പ്രദേശം നിലനിർത്തപ്പെടുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിനാൽ ഫോറസ്റ്റ് എന്നതിന്റെ നിർവചനത്തിന് വ്യക്തത ആവശ്യമാണ്. റിസർവ് വനങ്ങൾക്ക് തുല്യമായ തലത്തിൽ ഏലമലക്കാടുകളെയും വെസ്റ്റഡ് ഫോറസ്റ്റുകളെയും പരിഗണിക്കുന്നത് കർഷകരോടുള്ള അനീതിയാണ്. ഫോറസ്റ്റ് എന്നതിന് വ്യക്തത വരാത്ത പക്ഷം ഇ എസ് എ വനമേഖലയിൽ നില നിർത്തുമെന്ന പ്രഖ്യാപനം ആശങ്കകൾ പരിഹരിക്കുന്നതല്ല. വന്യജീവി അക്രമണങ്ങൾ മൂലമുണ്ടാക്കുന്ന കഷ്ട നഷ്ടങ്ങൾക്ക് പരിഹാരവും ദൈനംദിന ജീവിതത്തെയും ഭാവിജീവിതത്തെയും ബാധിക്കുന്ന വിവിധ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ആശങ്കകളും പരിഹരിക്കപ്പെടണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ഫോട്ടോ: കാഞ്ഞിരപ്പള്ളി രൂപത പതിമൂന്നാമത് പാസ്റ്ററൽ കൗൺസിൽ രണ്ടാമത് സമ്മേളനത്തിന്റെ ഉദ്ഘാടനം രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിർവഹിക്കുന്നു. റവ. ഡോ. ജോസഫ് വെള്ളമറ്റം, റവ. ഡോ. സെബാസ്റ്റ്യൻ കൊല്ലം കുന്നേൽ, ഡോ. ബിനോ പി ജോസ്, അഡ്വ ഷാൻസി ഫിലിപ്പ് എന്നിവർ സമീപം

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates