Thursday, June 12, 2025
spot_img
More

    ഒക്ടോബർ 23 – സാന്ത്വനമാതാവ്

    ഒക്ടോബർ 23 – ഔർ ലേഡി ഓഫ് കോൺസൊലേഷൻ (സാന്ത്വനമാതാവ്), ഫ്രാൻസിലെ ഹോൺഫ്‌ളൂറിനടുത്തുള്ളത്.

    ആശ്രമാധിപൻ ഓർസിനി എഴുതി: “ഹോൺഫ്ലൂറിന് സമീപമുള്ള സാന്ത്വനമാതാവ്.  ഈ പള്ളിയിൽ എപ്പോഴും സന്ദർശകരുണ്ട്; രണ്ട് കുട്ടികൾ അവിടെ വെച്ച് ജീവനിലേക്ക് തിരിച്ചു വന്നിരുന്നു. അതിന്റെ ഓർമ്മയ്ക്കായി അവിടെ അവരുടെ  വെള്ളിരൂപങ്ങൾ വെച്ചിട്ടുണ്ട്”. 

    കൃപയുടെ മാതാവ് അല്ലെങ്കിൽ നോട്രഡാം-ഡെ -ഗ്രേസ് എന്നും അറിയപ്പെടുന്നു. മരങ്ങൾക്കിടയിൽ നല്ല ഉയരത്തിൽ ആദ്യം കാണാൻ കഴിയുന്നത് കടലിനെ അനുഗ്രഹിക്കുന്ന പോലെ തോന്നുന്ന ഒരു വലിയ കുരിശുരൂപമാണ്. എങ്കിലും നോട്രഡാം-ഡെ- ഗ്രേസ് ചാപ്പൽ,  ചുറ്റുമുള്ള  മരങ്ങൾക്കടിയിൽ മറഞ്ഞിരിക്കുന്നുണ്ടാവും. ഇന്നത്തെ ചാപ്പൽ, ആ കുരിശിൽ നിന്ന് അൽപ്പം അകലെ ആയി ഉള്ള ഒരു ചെറിയ ദൈവാലയമാണ്. അതിനു ചുറ്റും ഉയരമുള്ള മരങ്ങളും പുൽത്തകിടികളും. 

    അകത്തു കടന്നാൽ എല്ലാം എളിയ രീതിയിലുള്ളതും പക്ഷേ വൃത്തിയുള്ളതുമാണ്.  ഒരു താഴ്ന്ന കമാനമുണ്ട്, അതിനടിയിലൂടെ കടന്നുപോകുമ്പോൾ ഉള്ളിലെ ജനാലകളിൽ നിന്നുള്ള കാഴ്ച ചുറ്റുമുള്ള മരങ്ങളുടെ നിബിഡമായ ഇലചാർത്തിനാൽ മറഞ്ഞിരിക്കുന്നു. ഒരു വശത്ത്  ചെറിയ തൂണിൽ പരിശുദ്ധ കന്യകയുടെ രൂപം. പരിശുദ്ധ ദൈവമാതാവ് തന്റെ ദിവ്യ പൈതലിനെ പിടിച്ചിരിക്കുന്നതായി കാണുന്ന രൂപത്തിൽ, തുണി കൊണ്ടുള്ള ഒരു മേൽക്കട്ടി ചുറ്റികിടക്കുന്നു.

    മാതാവിൻ്റെ കാൽക്കൽ ചെറിയ നങ്കൂരങ്ങളും വെള്ളിയിൽ മിനുങ്ങുന്ന ഹൃദയങ്ങളും സമർപ്പിച്ചത് പീഠത്തിൽ തിളങ്ങുന്നു, കൂടാതെ കുട്ടികളുടെയും പാവപ്പെട്ടവരുടെയും എളിയ കാഴ്ചയായി ചെറിയ അളവിൽ പൂക്കളും നമുക്ക് കാണാം. നൂറുകണക്കിനു വർഷം പഴക്കമുള്ള കാഴ്ച ദ്രവ്യങ്ങൾ, കൊടുങ്കാറ്റുകളാലോ  പാറകളിൽ അടിച്ചോ തകർന്നുപോയ ആയ കപ്പലുകളുടെ പെയിൻ്റിംഗുകൾ, തങ്ങൾ നേരിട്ട ദുർഘട അവസ്ഥകളിൽ നിന്ന് നോട്രഡാം-ഡെ ഗ്രേയ്‌സിലെ  പ്രാർത്ഥനയ്‌ക്ക് ശേഷം രക്ഷപ്പെട്ടതിന്റെ സാക്ഷ്യങ്ങളുടെ ഹ്രസ്വ വിവരണങ്ങൾ എന്നിവയുമുണ്ട്. വിജയിച്ചു കിട്ടിയ ട്രോഫികളെപ്പോലെ, സുഖം പ്രാപിച്ച മുടന്തരുടെ സാക്ഷ്യങ്ങൾ വെളിവാക്കുന്ന ക്രച്ചസുകൾ ചുമരിൽ ചാരി വച്ചിരിക്കുന്നു, തിരുരൂപത്തിന്റെ കീഴിൽ എപ്പോഴും കത്തുന്ന മെഴുകുതിരികൾ വിശ്വാസികളുടെ സ്ഥിരോത്സാഹം പ്രകടമാക്കുന്നു. മരിയദാസരിൽ നിന്നുള്ള ഭക്തിയുടെയും സമർപ്പണത്തിൻ്റെയും കൂട്ടായ സാക്ഷ്യമാണതെല്ലാം. 

    സാന്ത്വനമാതാവ്

    നോട്രഡാം ഡെ ഗ്രേസിലേക്കുള്ള തീർത്ഥാടനത്തിൻ്റെ ഉത്ഭവം പതിനൊന്നാം നൂറ്റാണ്ടിലാണ്. പാരമ്പര്യമനുസരിച്ച്, 1034-ൽ, നോർമണ്ടിയിലെ പ്രഭു റോബർട്ട് ദി മാഗ്നിഫിസൻ്റ് ഇംഗ്ലണ്ടിലേക്ക് കപ്പലിൽ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്ന്  വലിയ ഒരു കൊടുങ്കാറ്റിൽ പെട്ടു. അപകടത്തിന്റെ ഉച്ചസ്ഥായിയിൽ, തൻ്റെ ദേശത്തേക്ക് സുരക്ഷിതമായി മടങ്ങിയെത്താൻ കഴിഞ്ഞാൽ മൂന്ന് ചാപ്പലുകൾ നിർമ്മിക്കാമെന്നും പരിശുദ്ധ കന്യകയോട് എന്നും ഭക്തി ഉള്ളവനായിരിക്കുമെന്നും  വാഗ്ദാനം ചെയ്തു. കൊടുങ്കാറ്റ് ഉടനടി ശമിച്ചു, രാജകുമാരൻ ഉടൻ തന്നെ തൻ്റെ പ്രതിജ്ഞ നിറവേറ്റാനായി വീട്ടിലേക്ക് മടങ്ങി. താൻ നേർന്നിരുന്ന പ്രകാരമുള്ള ഒരു ചാപ്പൽ തൻ്റെ കോട്ടയ്ക്ക് സമീപം  പണിതു, അത് കാരുണ്യമാതാവിന് സമർപ്പിച്ചു. നോട്രഡാം ഡെ ലാ ഡെലിവറൻസ് എന്ന് വിളിക്കുന്ന ചാപ്പൽ കെയ്‌നിനടുത്ത് അദ്ദേഹം നിർമ്മിച്ചു, മൂന്നാമത്തേത് ഹോൺഫ്‌ളൂരിനെ അഭിമുഖീകരിക്കുന്ന നിരപ്പായ ഭൂമിയിൽ അദ്ദേഹം നിർമ്മിച്ചു, അതിന് നോട്രഡാം ഡെ ഗ്രേസ് എന്ന് പേരിട്ടു.

    ഹോൺഫ്ളൂരിനടുത്തുള്ള ഈ ചാപ്പൽ താമസിയാതെ തിരക്കേറിയ തീർത്ഥാടന സ്ഥലമായി മാറി.1538 സെപ്റ്റംബർ 29-ന് ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ ചാപ്പൽ ഭാഗികമായി തകർന്നു, ദൈവാലയത്തിന് സമീപമുള്ള പാറയുടെ ഒരു ഭാഗം കടലിൽ പോയി. ചുവരിന്റെ ഒരു ഭാഗം, അൾത്താര, പരിശുദ്ധ കന്യാമറിയത്തിൻ്റെ രൂപം എന്നിവയേ ബാക്കിയായുള്ളൂ. എങ്കിലും ഈ പ്രത്യേക സ്ഥലത്തോടുള്ള ജനങ്ങളുടെ ഭക്തി അത്രയ്ക്കധികമായിരുന്നതുകൊണ്ട് തീർത്ഥാടകർ വരുന്നതും അവശിഷ്ടങ്ങൾക്കിടയിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്നതും തുടർന്നു. നിർഭാഗ്യവശാൽ മണ്ണിടിച്ചിലുകൾ അവസാനിച്ചില്ല, അതുകൊണ്ട് അവസാനം,1602-ൽ, വിശ്വാസികൾ അവരുടെ ജീവനെ അപകടപ്പെടുത്തി അങ്ങോട്ട് വരുന്നത്  തടയാൻ ദൈവാലയത്തിൻ്റെ അവസാന അവശിഷ്ടങ്ങളും നീക്കം ചെയ്തു.

    തങ്ങളുടെ ചാപ്പൽ നഷ്ടപ്പെട്ടതിൽ വിശ്വാസികൾ വളരെ വ്യസനിച്ചതിനാൽ അവരിൽ ഒരാളായിരുന്ന ഗോണിയർ, പുതിയതൊന്നു പണിയാനുള്ള ചുമതല ഏറ്റെടുത്തു. പഴയ പള്ളിയിൽ നിന്ന് തെക്ക്-പടിഞ്ഞാറ് ഭാഗത്തേക്ക് അദ്ദേഹം അടിത്തറ പണിയാൻ ആരംഭിച്ചെങ്കിലും പണമില്ലാത്തതിനാൽ ഒരു ഘട്ടത്തിൽ നിർത്താൻ  നിർബന്ധിതനായി. ഹോൺഫ്ലൂർ നിവാസികളിൽ നിന്നുള്ള സംഭാവന കൊണ്ട് ബാക്കി പണി കഴിച്ച്,1613-ൽ ചാപ്പൽ ഉയർത്തപ്പെട്ടുവെങ്കിലും  അക്കാലത്ത് ഫ്രാൻസിൽ നിലനിന്നിരുന്ന ദാരിദ്ര്യം തിരിച്ചടിയായി.  വീതിയുടെ മൂന്നിരട്ടി നീളമുള്ള, പുല്ല് മേഞ്ഞ, ഒറ്റപ്പെട്ടു നിൽക്കുന്ന ആ കെട്ടിടം ചാപ്പലിനേക്കാൾ ഒരു ചെറിയ കളപ്പുര പോലെ കാണപ്പെട്ടു.

    1621 മാർച്ച് 16 ന് കപ്പൂച്ചിൻസ് അവിടം കൈവശപ്പെടുത്തി പഴയ ചാപ്പലിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ അവർ ഒരു വലിയ മരക്കുരിശ് നാട്ടി, പിന്നീട് അതിനു പകരം ഒരു കൽക്കുരിശ് പഴയതിനേക്കാൾ ചാപ്പലിനോട് ചേർന്ന് സ്ഥാപിച്ചു.

    വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ഫ്രാൻസിലുടനീളം വ്യാപകമായ മതപീഡനം ഉണ്ടാവുകയും ഒട്ടുമിക്ക സന്യാസസമൂഹങ്ങളും പിരിച്ചുവിടുകയും ചെയ്തു. തങ്ങളുടെ ദൈവാലയവും അവിടെ  ശുശ്രൂഷ ചെയ്തിരുന്നവരെയും സംരക്ഷിക്കാൻ ആഗ്രഹിച്ച വിശ്വാസികൾ, ഹോൺഫ്ലൂരിലെ കപ്പൂച്ചിൻ സന്യാസികളെ നിലനിർത്താൻ ആഗ്രഹിച്ച്,1790-ൽ അതിനായി ഒരു നിവേദനം തയ്യാറാക്കി ദേശീയ അസംബ്ലിക്ക് അയച്ചെങ്കിലും ആ അപേക്ഷ നിരസിക്കപ്പെട്ടു. ദൈവാലയവും രൂപവുമെല്ലാം നശിപ്പിക്കപ്പെട്ടു, 

    അത് വളരെക്കാലം മുമ്പായിരുന്നു, വാണിജ്യ അഭിവൃദ്ധിയുടെ വേലിയേറ്റങ്ങൾ നഗരത്തിൻ്റെയും ല് ആവ്രെ തുറമുഖത്തിൻ്റെയും വികസനം പ്രോത്സാഹിപ്പിച്ച്, സമ്പത്തിലും ജനസംഖ്യയിലും വർദ്ധിച്ചുവരുന്ന ഒരു സമ്പന്നനഗരത്തിൻ്റെ എല്ലാ അടയാളങ്ങളും പിന്നീട് ഹോൺഫ്ളൂരിനുണ്ടായെങ്കിലും ധാർമിക അധപതനവും ദുരവസ്ഥകളും ഒട്ടും കുറവല്ല. പരിശുദ്ധ കന്യകയുടെ സഹായമില്ലാതെ, ആശ്വാസത്തിന് ഒരു വകയുമില്ലായിരുന്നു. 

    എന്നിട്ടും, ഹോൺഫ്ളൂരിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള ആ ഒറ്റപ്പെട്ട ചാപ്പലിൽ,1887 ജൂലൈയിൽ മേരി-ഫ്രാങ്കോ – തെരേസ മാർട്ടിൻ അവളുടെ പിതാവിനോടും സഹോദരി സെലിനോടും ഒപ്പം കർമ്മല മഠത്തിൽ പ്രവേശിക്കാനുള്ള അനുമതിക്കായി നോട്രഡാം-ഡെ ഗ്രേസിനോട് പ്രാർത്ഥിക്കാൻ വന്നു.  ആ പെൺകുട്ടി ഇന്ന് കൂടുതലായി അറിയപ്പെടുന്നത് ഉണ്ണിയേശുവിൻ്റെയും തിരുമുഖത്തിൻ്റെയും വിശുദ്ധ തെരേസ അല്ലെങ്കിൽ ലിസ്യൂവിൻ്റെ തെരേസ, ‘ചെറിയ പുഷ്പം’ എന്നൊക്കെയാണ്. നമ്മുടെ കൊച്ചുത്രേസ്സ്യ പുണ്യവതി!

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!