വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ പാപ്പയും ഇംഗ്ലണ്ടിലെ ചാള്‍സ് മൂന്നാമന്‍ രാജാവും പരസ്പരം ആദരസൂചകമായ മതപരമായ പദവികള്‍ നല്‍കി ആദരിച്ചു.ഇതനുസരിച്ച് ചാള്‍സ് മൂന്നാമന്‍ രാജാവിന് ‘റോയല്‍ കോണ്‍ഫ്രാറ്റര്‍’ എന്ന പദവിയും, മാര്‍പാപ്പയ്ക്ക്് പേപ്പല്‍ കോണ്‍ഫ്രാറ്റര്‍ എന്ന പദവിയും നല്‍കപ്പെട്ടു. 500 വര്‍ഷത്തിനിടയില്‍ ഇത് ആദ്യത്തെ സംഭവമാണ്.
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് ഇക്കാര്യം അറിയിച്ചത്..
ധ്രുവീകരണവും സംഘര്‍ഷങ്ങളും നിറഞ്ഞ ആഗോള സാഹചര്യത്തില്‍, ക്രിസ്തീയ പാരമ്പര്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ഊന്നിപ്പറയാന്‍ ഇരു നേതാക്കളും ശ്രമിച്ചതിന്‌റെ തെളിവായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്. അഞ്ഞൂറ് വര്‍ഷത്തിനിടയില്‍ ആദ്യമായാണ്, റോമന്‍ കത്തോലിക്കാ സഭയെയും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിനെയും തമ്മില്‍ അകറ്റുന്ന ഘടകങ്ങളേക്കാള്‍, അവയെ ഒന്നിപ്പിക്കുന്ന ഘടകങ്ങളെ എടുത്തുകാണിക്കുന്ന മതപരമായ പദവികള്‍ ഇവര്‍ സ്വീകരിക്കുന്നത്. ആത്മീയ കൂട്ടായ്മയുടെയും സഭകള്‍ തമ്മിലുള്ള സൗഹൃദത്തിന്റെയും ക്രിസ്തീയ സാഹോദര്യത്തിന്റെയും ദൃശ്യമായ അടയാളമാണ് ഇത്്.
വിന്‍ഡ്‌സറിലെ സെന്റ് ജോര്‍ജ്ജ് ചാപ്പലും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെയും, കത്തോലിക്കാ സഭ, ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്, ആംഗ്ലിക്കന്‍ കമ്മ്യൂണിയന്‍ എന്നിവ തമ്മിലുള്ള ബന്ധത്തില്‍ കൈവരിച്ച പുരോഗതിയെയും അംഗീകരിക്കുന്നതാണ് ഈ പദവി കൈമാറല്‍. 2025 ഒക്ടോബര്‍ 23 ന് ലെയോപാപ്പയും ചാള്‍സ് രാജാവും വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പലില്‍ ഒരുമിച്ചു പ്രാര്‍ത്ഥിച്ചിരുന്നു.