ലിവർപൂൾ: ദൈവവചനം  ആഘോഷിക്കുകയും , ജീവിക്കുകയും ,  പങ്കുവെക്കുകയും  ചെയ്യുകയാണ് ഓരോ വിശ്വാസിയുടെയും  ദൗത്യമെന്നു ഗ്രേറ്റ്   ബ്രിട്ടൻ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ  മാർ ജോസഫ് സ്രാമ്പിക്കൽ . യൂറോപ്പിലെ    ഏറ്റവും വലിയ  മലയാളി കത്തോലിക്കാ കലാ മേളയായ   ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് ദേശീയ ബൈബിൾ കലോത്സവം  ലിവർപൂളിൽ  ഉത്‌ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു അദ്ദേഹം. 
നമ്മെ  ഒരു ദൈവജനമാക്കി   തീർക്കുന്നത് ദൈവവചനം  ആയതിനാൽ   നാം അതിനു വേണ്ടി   ഹൃദയം കൊടുക്കണം. ഹൃദയത്തിലെ തണുപ്പ് മാറ്റി തിരുവചനത്തിന്റെ അഗ്നിയാൽ   നാം ജ്വലിക്കുന്നവരാകണം.എഴുതപ്പെട്ട വചനം ദൈവത്തിന്റെ ജീവനുള്ള വചനമായി അനുഭവപ്പെടുന്നത്  പരിശുദ്ധാത്മാവിന്റെ  പ്രവർത്തി വഴിയാണെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു  ഗ്രേറ്റ് ബ്രിട്ടൻ സീറോ  മലബാർ രൂപതയുടെ എട്ടു റീജിയനുകളിലായി  അയ്യായിരത്തിലധികം  മത്സരാർഥികൾ  പങ്കെടുത്ത റീജിയണൽ കലോത്സവങ്ങളിൽ വിജയികളായ ആയിരത്തി മുന്നൂറ്  മത്സരാർത്ഥികൾ  ആണ് ഇന്നലെ പതിനൊന്നു  സ്റ്റേജുകളിലായി നടന്ന  മത്സരങ്ങളിൽ പങ്കെടുത്തത് .   
രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് വെരി റവ ഡോ . ആന്റണി ചുണ്ടെലിക്കാട്ട് , സിഞ്ചെല്ലൂസ് മാരായ റവ . ഫാ. ജിനോ അരീക്കാട്ട് എം . സി . ബി . എസ് , റെവ. ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ , ചാൻസിലർ വെരി . റവ . ഡോ . മാത്യു പിണക്കാട്ട് ,കലോത്സവം ഡയറക്ടർ റവ . ഫാ. പോൾ വെട്ടിക്കാട്ട് സി .എസ് .ടി . , അസോസിയേറ്റ് ഡയറക്ടർ റവ . ഫാ. ജോർജ് എട്ടുപറയിൽ , കലോൽസം ചീഫ് കോഡിനേറ്റേഴ്‌സ് മാരായ റോമിൽസ് മാത്യു ,സിജി വൈദ്യാനത്ത് , രൂപതയിലെ വിവിധ റീജിയനുകളിൽ നിന്നുള്ള വൈദികർ അല്മായ പ്രതിനിധികൾ എന്നിവർ കലോത്സവത്തിന് നേതൃത്വം നൽകി .
ഫാ. ബിജു കുന്നയ്ക്കാട്ട് PRO