അത്ഭുതകരമായ രോഗസൗഖ്യം വേണോ, റഫായേല്‍ മാലാഖയോട് പ്രാര്‍ത്ഥിക്കൂ

വിശുദ്ധ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുന്നത് മുഖ്യദൂതന്മാരായ മൂന്ന് മാലാഖമാരെയാണ്. റഫായേല്‍, മിഖായേല്‍, ഗബ്രിയേല്‍ എന്നിവരാണിവര്‍. ഇതില്‍ ഗബ്രിയേലും മിഖായേലും പുതിയ നിയമത്തിലുണ്ട്. റഫായേല്‍ മാലാഖ പഴയ നിയമത്തിലെ തോബിത്തിന്റെ പുസ്തകത്തിലാണ് പരാമര്‍ശിക്കപ്പെടുന്നത്. പരമ്പരാഗതമായിഒക്ടോബര്‍ 24 ആണ് റഫായേല്‍ മാലാഖയുടെ തിരുനാള്‍ ആചരിച്ചിരുന്നത്. എന്നാല്‍ പിന്നീട് മറ്റ് പ്രധാന മാലാഖമാര്‍ക്കൊപ്പം സെപ്തംബര്‍ 29 ന് റഫായേല്‍ മാലാഖയുടെ തിരുനാളും ആഘോഷിക്കുന്നു.

നമ്മുക്ക് പ്രത്യേകമായ രോഗസൗഖ്യം ആവശ്യമുള്ള സമയത്ത് ശക്തമായ മാധ്യസ്ഥം യാചിച്ച് റഫായേലിനോട് പ്രാര്‍ത്ഥിക്കാന്‍ മറക്കരുത്. മനസ്സിന്റെയും ശരീരത്തിന്റെയും സൗഖ്യം ആവശ്യമുള്ള സമയത്ത് റഫായേല്‍ മാലാഖയുടെ മാധ്യസ്ഥത്തിന് വലിയ ശക്തിയുണ്ടെന്ന് തോബിത്തിന്റെ പുസ്തകം രേഖപ്പെടുത്തുന്നുണ്ട്.

ഡിവൈന്‍ ഹീലര്‍ എന്നാണ് റാഫേല്‍ എന്ന ഹീബ്രുവാക്കിന്റെ അര്‍ത്ഥം തന്നെ. അതുകൊണ്ടു തന്നെ മാനസികവും ശാരീരികവുമായ വേദന അനുഭവിക്കുന്ന വേളയില്‍ നമുക്ക് റഫായേല്‍ മാലാഖയോട് യാചിക്കാം.

ഇനി നമുക്ക് റഫായേലിനോടുള്ള പ്രാര്‍ത്ഥന ചൊല്ലാം:

മഹത്വപൂര്‍ണ്ണനും മുഖ്യദൂതനുമായ വിശുദ്ധ റഫായേലേ, രാജകീയ കോടതിയിലെ ഉന്നതനായ രാജകുമാരാ, എണ്ണമില്ലാത്തവിധം നന്മകളും കൃപകളും ജ്ഞാനവും കൊണ്ട് നിറഞ്ഞിരിക്കുന്നവനേ, ഞങ്ങളുടെ എല്ലാവിധയാത്രകളിലും മാര്‍ഗ്ഗദര്‍ശിയായിട്ടുള്ളവനേ അങ്ങയോട് ഞാന്‍ യാചിക്കുന്നു, എന്റെ ജീവിതത്തിലെ എല്ലാവിധ ആവശ്യങ്ങളിലും സഹനങ്ങളിലും എന്നെ സഹായിക്കണമേ. തോബിയാസിനെ യാത്രകളില്‍ സഹായിച്ചതുപോലെ എന്റെ ജീവിതവഴികളില്‍ എനിക്ക് തുണയായിരിക്കണമേ. ദൈവത്തിന്റെ മരുന്ന് കയ്യിലേന്തിയവനാണല്ലോ അങ്ങ്. അങ്ങയോട് എന്റെ ആത്മാവിന്റെയും ശരീരത്തിന്റെയും രോഗസൗഖ്യത്തിന് വേണ്ടി ഞാന്‍ യാചിക്കുന്നു. പ്രത്യേകമായി എന്റെ ഈ ആവശ്യം( ആവശ്യം പറയുക)ത്തിന് വേണ്ടി ദൈവത്തോട് മാധ്യസ്ഥം യാചിക്കണമേ. ആമ്മേന്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.