വധുവിന്റെ വീട്ടില്‍ നിന്ന് ലഭിക്കുന്ന തുക കൊണ്ട് കല്യാണം ആര്‍ഭാടമാക്കുന്ന പ്രവണത അനഭിലഷണീയം: മാര്‍ ജോസഫ് പാംപ്ലാനി

തലശ്ശേരി: വധുവിന്റെ വീട്ടില്‍ നിന്ന് ലഭിക്കുന്ന തുകകൊണ്ട് കല്യാണം ആര്‍ഭാടമാക്കാന്‍ ശ്രമിക്കുന്ന പ്രവണത അനഭിലഷണീയമാണെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ഇടയലേഖനത്തിലാണ് മാര്‍ പാംപ്ലാനി ഇക്കാര്യം പറഞ്ഞത്.

പെണ്‍മക്കള്‍ക്ക് തുല്യഅവകാശംലഭിച്ചാല്‍ കല്യാണസമയത്തുള്ള ആഭരണധൂര്‍ത്തിന് അറുതിവരുത്താന്‍ കഴിയുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഭാര്യയ്ക്ക് വിഹിതമായി ലഭിക്കുന്ന പിതൃസ്വത്ത് തലമുറകള്‍ക്കുവേണ്ടിയുള്ള കരുതലായി സൂക്ഷിക്കാം.

സ്ത്രീയാണ് യഥാര്‍ത്ഥ ധനമെന്ന് തിരിച്ചറിയാന്‍ വൈകിയതിന്റെ അനന്തരഫലമാണ് വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത ചില യുവാക്കളുടെയെങ്കിലും ജീവിതം.സ്ത്രീധന സമ്പ്രദായം സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും ദോഷകരമായി ബാധിക്കുന്നു. 35 വയസു കഴിഞ്ഞിട്ടും വിവാഹിതരാകാത്ത നാലായിരത്തോളം പുരുഷന്മാര്‍ വിവാഹാര്‍ത്ഥികളായി നമുക്കിടയിലുണ്ട്. ഇവരി്ല്‍ ചിലരുടെയെങ്കിലും വിവാഹാലോചനകള്‍ നല്ല പ്രായത്തില്‍ സ്ത്രീധന വിഷയത്തില്‍ തട്ടി വഴിമുട്ടിയതാണ്.

സ്ത്രീധനത്തിനുള്ള തുക സ്വരുക്കൂട്ടാനുള്ള വ്യഗ്രതയില്‍ ജോലി സമ്പാദിച്ച ശേഷവും വിവാഹത്തിന് വേണ്ടി കാത്തിരിക്കാന്‍ പെണ്‍കുട്ടികള്‍ നിര്‍ബന്ധിതരാവുകയാണ്. മാര്‍ പാംപ്ലാനി ഇടയലേഖനത്തില്‍ പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.