ക്രൈസ്തവ വിശ്വാസത്തിന്റെ നിലനില്പിന് സംഘടിക്കേണ്ടത് ആവശ്യമാണ്: ഫാ. റോയ് കണ്ണന്‍ചിറ സിഎംഐ

ക്രൈസ്തവവിശ്വാസത്തിന്റെ നിലനില്പിന് സംഘടിക്കേണ്ടത് അത്യാവശ്യമാണെന്ന് ഫാ. റോയ് കണ്ണന്‍ചിറ സിഎംഐ. നാദിര്‍ഷായുടെ ഈശോ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഷെക്കെയ്‌ന ടിവി നടത്തിയ സംവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ക്രിസ്തു അവഹേളിക്കപ്പെടുന്നു എന്നത് പുതിയ കാര്യമല്ല. കാരണം ക്രിസ്തുവിനെ അവഹേളിച്ചവര്‍ ബൈബിളില്‍ തന്നെയുണ്ട്. ഏറ്റവും മൃഗീയവും മാരകവുമായിട്ടാണ്് അവര്‍ ക്രിസ്തുവിനെ ആക്രമിച്ചതും കുരിശില്‍ തറച്ചതും കൊലപ്പെടുത്തിയതും. ക്രിസ്തു ആ പീഡനങ്ങള്‍ മുഴുവന്‍ ഏറ്റുവാങ്ങിയത് ലോകരക്ഷയ്ക്കുവേണ്ടിയായിരുന്നു.

അങ്ങനെ ലോകരക്ഷയ്ക്കായി സ്വന്തം മനുഷ്യജന്മത്തെ ലോകപിതാവിന് ബലിയായി നല്കിയ ദൈവപുത്രനാണ് ക്രിസ്തു. അതേക്രിസ്തുവിന്റെ മക്കള്‍ ക്രിസ്ത്യാനികള്‍ എന്ന് പേരുസ്വീകരിച്ചിരിക്കുന്ന മക്കള്‍ ലോകം മുഴുവനും ക്രിസ്തുസ്‌നേഹത്തിന്റെ യും ക്ഷമയുടെയും സന്ദേശം പങ്കുവച്ചുകൊണ്ടാണ് ഈ ജീവിതം ക്രമപ്പെടുത്തിയിരിക്കുന്നത്. ലോകം മുഴുവന്‍ പടര്‍ന്നുപന്തലിച്ചിരിക്കുന്നത് ക്രിസ്തുസ്‌നേഹത്തിന്റെയും ക്ഷമയുടെയും പ്രേഷിതരായിട്ടാണ് .

ഈ ഒരു പശ്ചാത്തലത്തിലാണ് കേരളത്തില്‍ ക്രൈസ്തവമതം വളര്‍ന്നതും എല്ലാവര്‍ക്കും സ്വീകാര്യമായി മാറിയതും. എല്ലാവരെയും ആദരിച്ചുകൊണ്ട് എല്ലാവരെയും നല്ല അയല്‍ക്കാരായി കണ്ടുകൊണ്ട് ഒരു പൊതു സമൂഹനിര്‍മ്മിതിയില്‍ നിസ്തുലമായസംഭാവനകള്‍ തന്നെയാണ് ക്രൈസ്തവ സമൂഹം നല്കിയിരിക്കുന്നത്. അപ്പോള്‍ അതൊരു സാമൂഹികമായ അന്തസിന്റെ ചരിത്രം കൂടിയാണ്. ആ അന്തസ് നിലനില്ക്കുമ്പോഴാണ് വളര്‍ന്നുവരുന്ന ക്രൈസ്തവസമൂഹത്തിലെ പുതിയ തലമുറയ്ക്ക് എന്റെ മതം എന്ന് പറയുന്നത് അഭിമാനത്തോടെയും ആ മതസമൂഹം അനുശാസിക്കുന്ന മതവിശ്വാസം അനുസരിക്കാനുള്ള ആത്മബലം ഉണ്ടാവുകയുള്ളൂ.

എന്നാല്‍ അത് തകര്‍ക്കുക എന്നത് ആരുടെ ലക്ഷ്യമാണ് എന്നത് സാമാന്യബോധമുള്ള വര്‍ക്ക് മനസിലാവും. പുതിയൊരു സമൂഹം ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനധാരയായി വളര്‍ന്നുവരരുത് എന്ന് ആ്ഗ്രഹിക്കുന്നവരുടെ ലക്ഷ്യം തന്നെയാണ് അത്. വളര്‍ന്നുവരുന്ന തലമുറയ്ക്ക് ഇത്തരത്തിലുള്ള ബോധപൂര്‍വ്വമായ ആക്രമണങ്ങളെ ക്രിസ്തുവിന് വേണ്ടി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരെ ക്രിസ്തുവിന്റെ നാമം അവഹേളിച്ചുകൊണ്ട് പിന്തിരിപ്പിക്കുന്ന ഇത്തരത്തിലുള്ള സംഘടിതമായ പരിശ്രമങ്ങളെ സംഘടിതമായി തന്നെ പ്രതിരോധിക്കേണ്ടത് ക്രൈസ്തവവിശ്വാസത്തിന്റെ നിലനില്പിന് ആവശ്യമാണ്.

പ്രതിഷേധമാണ് ഒരു വിശ്വാസിയുടെ ഈ വര്‍ത്തമാനകാലത്തെ പ്രേഷിതപ്രവര്‍ത്തനം. പ്രതിരോധമാണ് വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനം. അങ്ങനെ തീര്‍ത്തവരെയാണ് ഇന്ന് നമ്മള്‍ പുണ്യവാന്മാരായി വിളിക്കുന്നത്. വിശു്ദ്ധ ഗീവര്‍ഗീസ്, സെബസ്ത്യാനോസ്, എസ്തഫാനോസ്… ഇന്നും അത്തരത്തിലുള്ള വിശ്വാസത്തിന് വേണ്ടിയുള്ള പ്രതിരോധം പ്രതിഷേധമായി ,പ്രതികരണമായി ഉയര്‍ത്തിയില്ലെങ്കില്‍ വിശ്വാസം നിലനില്ക്കില്ല. വളര്‍ന്നുവരുന്ന വിശ്വാസസമൂഹത്തിന് ഞാനൊരു ക്രൈസ്തവനാണ്, ഞാന്‍ ഈശോയിലാണ് വിശ്വസിക്കുന്നത്, യേശുവാണ് എന്റെ ദൈവം എന്ന് അഭിമാനത്തോടെ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഭരണഘടന ഉറപ്പുനല്കുന്നതാണ് ഇത്തരത്തിലുള്ള മതസ്വാതന്ത്ര്യങ്ങള്‍. അതേ അഭിമാനം അനുശാസിച്ച് ജീവിക്കാനുള്ള അവകാശം ആരു നിഷേധിച്ചാലും അതിനെതിരെ പ്രതിഷേധിക്കണം. പ്രതിരോധിക്കണം. പ്രതികരിക്കണം. ആബാലവൃന്ദം ക്രൈസ്തവവിശ്വാസികളുടെയും വിശ്വാസത്തിന് വേണ്ടിയുള്ളജീവിതസമരമാക്കി മാറ്റിയെഴുതാന്‍ കരുത്തുളളവരുടേതാണ് ഇനിയുള്ള വിശ്വാസസമൂഹം.

നവമാധ്യമങ്ങളിലൂടെ, സിനിമ തുടങ്ങിയ കലാരൂപങ്ങളിലൂടെ ക്രൈസ്തവവിശ്വാസത്തെയും ക്രൈസ്തവരുടെ പരിപാവനമായ വിശുദ്ധനാമങ്ങളെയും വിശുദ്ധ പ്രതീകങ്ങളെയും ആക്ഷേപിച്ച്, അപഹസിച്ച്,ക്രൈസ്തവരുടെ വിശ്വാസത്തെപ്പറ്റിയുള്ള,പാരമ്പര്യത്തെപ്പറ്റിയുള്ള,പൈതൃകത്തെപ്പറ്റിയുള്ള മതിപ്പ് നഷ്ടപ്പെടുത്തി ഉപജീവനം നടത്താമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ അത് അനുവദിച്ചുതരില്ല. അതിനെതിരെ ശക്തമായി പ്രതിഷേധിക്കും.

വിശ്വാസത്തെ പ്രതിരോധിക്കും. വിശ്വാസത്തെ വികലമാക്കുന്നവര്‍ക്കെതിരെ പ്രതികരിക്കും. അങ്ങനെയൊരു സമൂഹം ഇവിടെ ഉയരുകയാണ്. ഉയരട്ടെ ക്രൈസ്തവവിശ്വാസം പടരട്ടെ. പടര്‍ന്നുപന്തലിക്കട്ടെ.

എല്ലാ മതവിശ്വാസങ്ങളും ഇവിടെ സ്വാതന്ത്ര്യത്തോടെ നിലനില്്ക്കട്ടെ. അങ്ങനെയെല്ലാ മതങ്ങളുടെയും നന്മകള്‍ രാജ്യപുരോഗതിക്കും സമൂഹനിര്‍മ്മിതിക്കും ഉപകാരപ്പെടട്ടെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.