കൈപ്പടയിൽ വിരചിതമായ വിശുദ്ധ ഗ്രന്ഥം

ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടേ !

“ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു. അവൻ ആദിയിൽ ദൈവത്തോടുകൂടെയായിരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല. അവനിൽ ജീവനുണ്ടായിരുന്നു. ആ ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. ആ വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; അതിനെ കീഴടക്കാൻ ഇരുളിന് കഴിഞ്ഞില്ല.”(യോഹന്നാൻ 1 : 1-5)

കൊറോണ കാലഘട്ടം നിരാശയുടെയും ദുഖത്തിന്റെയും വേദനകളുടെയും ഓർമ്മകൾ പകർന്നുനല്കിയെങ്കിലും മറു വശത്തു ഒരുപാട് നന്മയുടെയും കരുണയുടെയും കരുതലിന്റെയും ഒരുമയുടെയും നല്ല ഓർമ്മകളും നമുക്ക് സമ്മാനിച്ചിട്ടുണ്ട്.കൊറോണ തുടങ്ങിയ നാളുകൾ മുതൽ ഒരുപാട് പേർ ദൈവത്തോട് അടുത്തു. ദൈവവചനം കൂടുതലായി വായിക്കാനും ശ്രവിക്കാനും ജീവിതത്തിൽ അനുവർത്തിക്കാനും വചനം മനഃപാഠം ചെയ്യാനും വചനം എഴുതി പഠിക്കാനും എന്ന്‌ വേണ്ടാ ദൈവവചനം സ്വന്തം കൈപ്പടയിൽ പകർത്തി എഴുതി പ്രസിദ്ധീകരിക്കാനും ഒരുപാട് പേർ പരിശ്രമിച്ചു.

ഇപ്രകാരം ബൈബിൾ സ്വന്തം കൈപ്പടയിൽ എഴുതിയവർ എന്നെ വ്യക്തിപരമായി ഒരുപാട് പ്രചോദിപ്പിച്ചവരും അത്ഭുതപ്പെടുത്തിയവരുമാണ്. എന്റെ രണ്ട് ഇടവകകളിലും എല്ലാ ഇടവക്കാരുടെയും പങ്കാളിത്തത്തോടെ ഇപ്രകാരം ബൈബിൾ പകർത്തി എഴുതാനുള്ള ഉദ്യമം എന്റെ മനസ്സിലും ഉദിച്ചു. ഒരുപാട് പ്രാർത്ഥിച്ചൊരുങ്ങി എന്റെ രണ്ട് ഇടവകക്കാരോടും ഇക്കാര്യം അവതരിപ്പിച്ചപ്പോൾ അവർ പൂർണ്ണ മനസ്സോടെ സമ്മതം മൂളി. പേപ്പറും പേനയും പള്ളിയിൽ നിന്നും ക്രമീകരിച്ചു നല്കി.അഞ്ചു മാസങ്ങൾ കൊണ്ട് പരിശ്രമം യാഥാർഥ്യമായി മാറി.

തക്കല രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജോർജ്‌ രാജേന്ദ്രൻ 2021 സെപ്റ്റംബർ 15 ന് ചേനംകോട് ലൂർദ് മാതാ ദൈവാലയത്തിൽ ഞങ്ങളുടെ എളിയ ക്ഷണം സ്വീകരിച്ചു വരുകയും ഞങ്ങൾക്കായി വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു. വിശുദ്ധ കുർബാനയ്‌ക്കുശേഷം രണ്ട് ഇടവകകളുടെയും പരിശ്രമത്തിന്റെ ഫലമായി പകർത്തി എഴുതി തയ്യാറാക്കിയ ബൈബിളിന്റെ രണ്ട് കോപ്പികൾ പ്രകാശനം ചെയ്തു. ഈ ഒരു ഉദ്യമം യാഥാർഥ്യമാക്കിയ നല്ല ദൈവത്തിനും എന്നോട് സഹകരിച്ച എന്റെ രണ്ട് ഇടവകക്കാർക്കും ഒരായിരം നന്ദി.

ഈശോ മിശിഹായിൽ സ്നേഹപൂർവ്വം,✍️

ഫാദർ സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപതമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.